താത്കാലിക ആശ്വാസം; ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ

തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ ധാരണ. രണ്ടാഴ്ചത്തെ വെടിനിർത്തലിനാണ് ഇറാൻ സമ്മതിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുനേരെയുള്ള ആക്രമണങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ അം​ഗീകരിക്കുന്നതായി ഇറാൻ വ്യക്തമാക്കിയത്.

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് ഈ നിർണായക നീക്കം നടന്നത്. കരാറിലെത്താനുള്ള സമയം നീട്ടിനൽകണമെന്ന് അദ്ദേഹം ട്രംപിനോട് അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്ന് വരും ദിവസങ്ങളിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. ഏപ്രിൽ പത്തിന് നടക്കുന്ന ഈ ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച സമാധാന പദ്ധതിയായിരിക്കും പ്രധാനമായും പരിഗണിക്കുക.

ഈ വെടിനിർത്തൽ ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലും ബാധകമാകും. എന്നാൽ വെടിനിർത്തൽ എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഉടൻ വെടിനിർത്തലിനാണ് ധാരണയെന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കുന്നു. അതേസമയം, ഇറാൻ മുന്നോട്ടുവെച്ച പത്തിന ഉപാധികളിൽ തുടർചർച്ചയുണ്ടാകുമെന്നും യുദ്ധലക്ഷ്യങ്ങൾ നേടിയെന്നും ട്രംപ് പറഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു.

വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏകദേശം 15 ശതമാനത്തോളം കുറഞ്ഞു. ഓഹരി വിപണിയിലും കുതിച്ചുകയറ്റമുണ്ടായിട്ടുണ്ട്. അതേസമയം, ഇറാൻ ഇത് തങ്ങളുടെ വിജയമായാണ് കാണുന്നത്. തങ്ങളുടെ പത്തിന പദ്ധതികൾ അമേരിക്ക അംഗീകരിച്ചതായും, ശത്രുപക്ഷത്തുനിന്ന് വീണ്ടും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാനുമായുള്ള വെടിനിർത്തൽ ഇസ്രായേൽ അം​ഗീകരിച്ചതായി വൈറ്റ്ഹൗസ് അവകാശപ്പെട്ടു. നിലവിൽ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *