പെരിങ്ങോട്ടുകുറുശ്ശിയിൽ കള്ളവോട്ട്; കന്നിവോട്ടർ കലക്ടർക്ക് പരാതി നൽകി



പെരിങ്ങോട്ടുകുറുശ്ശി: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ബന്ധപ്പെട്ട രേഖകളുമായി പോളിങ് ബൂത്തിലെത്തിയ കന്നി വോട്ടർക്ക് നിരാശ. വോട്ട് മറ്റാരോ ചെയ്തുവെന്ന മറുപടിയാണ് ഉദ്യോഗസ്‍ഥരിൽനിന്ന് ലഭിച്ചത്. പെരിങ്ങോട്ടുകുറുശ്ശി ജി.എൽ.പി സ്‌കൂളിൽ ഏഴാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്.പെരിങ്ങോട്ടുകുറുശ്ശി ഒടുവങ്കാട് മനു കോട്ടേജിൽ അഷറഫിന്റെ മകൻ അൻസിലിനാണ് ആദ്യവോട്ട് ചെയ്യാനാകാതെ വന്നത്. വോട്ടർപട്ടികയിൽ അൻസിലിന്റെ ക്രമ നമ്പർ 814 ആണ്. ബൂത്തിലെത്തി രേഖകൾ കാണിച്ചപ്പോൾ 814 നമ്പർ വോട്ട് ചെയ്തുവെന്ന് ഉദ്യാഗസ്ഥർ പറഞ്ഞപ്പോൾ വോട്ടർ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് ഉൾപ്പെടെ രേഖകൾ എന്റെ പക്കലാണെന്നും ഇതൊന്നും പരിശോധിക്കാതെ എങ്ങനെ വോട്ട് ചെയ്യാൻ അനുമതി നൽകിയെന്നുമുള്ള അൻസിലിന്റെ ചോദ്യത്തിന് ആർക്കും വ്യക്തമായ ഉത്തരമില്ല.

കൊല്ലത്ത് എൻജിനീയറിങ് വിദ്യാർഥിയായ അൻസിൽ വോട്ട് ചെയ്യാൻ വേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോൾ ചലഞ്ച് വോട്ട് ചെയ്യാൻ നിർദേശിച്ചുവത്രെ.ഇതിൽ തൃപ്തനാവാതെ അൻസിൽ പെരിങ്ങോട്ടുകുറുശ്ശി വില്ലേജ് ഓഫിസിലെത്തി. അവിടെ നിന്നും ഇലക്ഷൻ കമീഷനുമായി ബന്ധപ്പെട്ട് വിവരം പറഞ്ഞപ്പോൾ ജില്ല ഡെപ്യൂട്ടി കലക്ടറെ ബന്ധപ്പെടാൻ നിർദേശിച്ചതായി പറഞ്ഞു. ഡെപ്യൂട്ടി കലക്ടറെ ബന്ധപ്പെട്ടപ്പോൾ ജില്ല കലക്ടർക്ക് പരാതി നൽകാൻ നിർദേശിച്ചെന്നും അതുപ്രകാരം ജില്ല കലക്ടർക്ക് ഇ-മെയിൽ പരാതി അയച്ച് മറുപടിക്ക് കാത്തിരിക്കുകയാണെന്നും അൻസിൽ പറഞ്ഞു.