‘മിശ്രവിവാഹങ്ങളെ പിന്തുണക്കുന്നത് പാർട്ടി രീതി’-വൈറൽ താരത്തിന്റെ വിവാഹത്തിൽ എം.എ ബേബി



തിരുവനന്തപുരം: ‘മഹാകുംഭമേളയിലെ വൈറൽ പെൺകുട്ടി’യുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം നേതാവ് എം.എ ബേബി. സംഭവത്തിൽ നേതാക്കളെ ന്യായീകരിച്ച അദ്ദേഹം സ്വയംവിമർശനം നടത്തേണ്ട ഒന്നും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞു. അഭയം പ്രാപിക്കാൻ പറ്റിയ സംസ്ഥാനം എന്ന നിലക്കാണ് ഇരുവരും കേരളത്തിൽ എത്തിയത്. മിശ്രവിവാഹങ്ങളെ പിന്തുണക്കുന്നതാണ് പാർട്ടി രീതി. അപ്പോൾ എല്ലാ സാങ്കേതികത്വവും നോക്കാനാകില്ല. എന്നാൽ ഇങ്ങനെയും സാങ്കേതികത്വം ഉണ്ടെന്ന് പരിശോധിക്കാൻ ഭാവിയിൽ ഇതു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘മഹാകുംഭമേളയിലെ വൈറൽ പെൺകുട്ടി’ എന്നറിയപ്പെടുന്ന ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലേയുടെ ഭർത്താവിനെതിരെ കഴിഞ്ഞ ദിവസം മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരുടെ വിവാഹത്തിന് സി.പി.എം നേതാക്കൾ ആയിരുന്നു നേതൃത്വം നൽകിയിരുന്നത്.

മൊണാലിസക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനെതിരെ ഖാർഗോൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധ വിവാഹം തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ പട്ടികജാതി പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആശുപത്രി രേഖകളിൽ മൊണാലിസ 2009 ഡിസംബർ 30നാണ് ജനിച്ചതെന്ന് രേഖപ്പെടുത്തിയതായി നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ് ക​ണ്ടെത്തിയതായി പറയുന്നു. ഈ വർഷം മാർച്ച് 11ന് വിവാഹിതയാകുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സും 2 മാസവും 12 ദിവസവുമായിരുന്നു പ്രായമെന്നും അവർ പറയുന്നു. ഇതിനുപിന്നാലെയാണ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.