ഭരണവിരുദ്ധ വികാരമില്ല, 90 സീറ്റുകളിലധികം നേടി ഇടത് മുന്നണി അധികാരത്തിൽ വരും -എം.വി. ഗോവിന്ദൻ



തിരുവനന്തപുരം: ഭരണവിരുദ്ധ വികാരമില്ലെന്നും 90 സീറ്റുകളിലധികം നേടി ഇടത് മുന്നണി മൂന്നാമതും കേരളത്തിൽ അധികാരത്തിൽ വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി. എഫും ബി.ജെ.പിയുമടക്കമുള്ള മുന്നണികൾ വിലിയ രീതിയിൽ പണം ഒഴുക്കിയ ഒരു തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ് പോയത്. പണവും സാരിയുമടക്കം വോട്ടർമാർക്ക് നൽകി ഉത്തരേന്ത്യയിൽ കാണുന്നതുപോലെയുള്ള വൈകൃതങ്ങളും കാണാനിടയായി. പണം കൊടുത്തു വോട്ട് പിടിക്കുന്നത് നേരിട്ട് കാണുന്ന ഒരു അവസ്ഥ ഇതുവരെ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പോളിങ് കഴിഞ്ഞതിനുശേഷം വലിയ അവകാശവാദമാണ് യു.ഡി.എഫ് നേതാക്കളും ഒപ്പം ചില മാധ്യമങ്ങളും മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ യു.ഡി.എഫുകാർ മന്ത്രിസഭ രൂപവത്കരണംപോലും സാങ്കൽപികമായി നടത്തിയിരുന്നു. അന്നും മുഖ്യമന്ത്രിസ്ഥാനം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കുവെക്കുമെന്ന കാര്യം ചർച്ച ചെയ്യുകയുണ്ടായി.

മന്ത്രിമാരുടെ ലിസ്റ്റും പേഴ്സൺ സ്റ്റാഫിന്റെ അംഗങ്ങളുടെ റിക്രൂട്ട്മെന്റും എല്ലാം പുറത്തുവന്നത് നാം കണ്ടതാണ്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 99 സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ വരികയാണ് ചെയ്തത്. ഇപ്രാവശ്യവും ചർച്ചകൾ എല്ലാം നടക്കുന്നുണ്ടെങ്കിലും ഞാൻ അതിന്റെ വിശദാംശയത്തിലേക്ക് കടക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ദാരിദ്ര്യരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള അംഗീകാരം സ്വാഭാവികമായും ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ ഉൾപ്പെടെ ചേർത്ത് നടപ്പിലാക്കിയ നേട്ടങ്ങളും മതനിരപേക്ഷത സൃഷ്ടിച്ച കേരളത്തിന്റെ പശ്ചാത്തലവും വളരെ വലിയ മതിപ്പോടു കൂടിയാണ് ജനങ്ങൾ വീക്ഷിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സർക്കാർ തുടരണമെന്ന കാഴ്ചപ്പാട് പൊതുവിൽ ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്. എൽ.ഡി.എഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതിയും ഉണ്ടായിട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.