പയ്യന്നൂർ കുഞ്ഞികൃഷ്ണന്റെ അനുയായികളോട് സുരക്ഷക്ക് സി.സി.ടി.വി വെക്കാൻ പൊലീസ്
കണ്ണൂർ: പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വീട്ടിൽ സി.സി.ടി.വി വെക്കുന്നത് ഉചിതമായിക്കുമെന്ന് കാണിച്ച് പൊലീസ് കത്ത് നൽകി. പ്രദേശത്തെ അമ്പതോളം പേർക്കാണ് കത്ത് നൽകിയത്. യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മുൻ സി.പി.എം ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനോട് അടുപ്പം പുലർത്തുന്നവർക്കാണ് ഭീഷണിയുള്ളത്. ‘പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തികൾക്കും സ്വത്തുക്കൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് താങ്കളുടെ വീട്ടിൽ/സ്ഥാപനത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുവാൻ താൽപര്യം’ എന്നാണ് കത്തിൽ പറയുന്നത്.
ഇതിനിടെ, പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന ടി. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീവെക്കുകയും ചെയ്ത കേസിൽ അഞ്ച് സി.പി.എം അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളും പ്രവർത്തകരുമായ അജയ് കൃഷ്ണ, അശ്വിൻ, സുനാജ്, സുജിത് കുന്നിയൂർ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ സി.പി.എം ബ്രാഞ്ചംഗം കൂടിയായ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ കാർ കത്തിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസിലാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 12 ഓടെയാണ് ടി. പുരുഷോത്തമന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്ത അക്രമികൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ ഓടിപ്പോവുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തുവകകൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് പയ്യന്നൂരിലുണ്ടായത്.
പേരൂലിൽ എം.കെ. നാരായണന്റെ കാർ കത്തിക്കാൻ ശ്രമം നടക്കുകയും കുഞ്ഞികൃഷ്ണന്റെ കൃഷിസ്ഥലത്തെ മഴമറകളും മതിൽക്കെട്ടും തകർക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു. ശനിയാഴ്ച സർവകക്ഷി അനുശോചന യോഗത്തിനു ശേഷം അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
