കുലുക്കി സർബത്തും കൈയടക്കി കുട്ടിക്കച്ചവടക്കാർ

കാളികാവ്: മിഠായികൾക്ക് പകരം ശീതളപാനീയങ്ങളും ഉപ്പിലിട്ട വിഭവങ്ങളുമായി കുട്ടിക്കച്ചവടക്കാർ സജീവം. വേനലവധി തീരുംവരെ നാടുനീളെ കുട്ടിക്കൂട്ടങ്ങളുടെ കച്ചവടം സജീവമായി. വീടുകളോടു ചേർന്ന സ്ഥലങ്ങളിൽ മരത്തണലിൽ റോഡരികിലാണ് ഇത്തരം കുട്ടികൾ കച്ചവടം നടത്തുന്നത്. ഇത്തവണ കുലുക്കി സർബത്ത് വിൽപനയും കുട്ടിക്കച്ചവടക്കാർ കൈയടക്കി.

കുലുക്കി സർബത്തിനു പുറമെ, നാരങ്ങ വെള്ളം, നാരങ്ങ സോഡ, സോഡ സർബത്ത്, നന്നാറി സോഡ, വത്തക്ക വെള്ളം തുടങ്ങിയ, മനസ്സും ശരീരവും തണുപ്പിക്കുന്ന കൂൾ ഡ്രിങ്സുകൾ, ഉപ്പിലിട്ട മാങ്ങ, പൈനാപ്പിൾ, കാരറ്റ് തുടങ്ങിയവയുമാണ് പ്രധാനമായും കുട്ടികളുടെ കച്ചവടം. കുട്ടികളെ ആകർഷിക്കുന്ന മിഠായികൾ വിൽപനയിൽനിന്ന്, മുതിർന്നവരെക്കൂടി ലക്ഷ്യംവെച്ചാണ് വേനലവധി കച്ചവടം. ഇതിനായി പ്രത്യേകം തയാറാക്കിയ കുട്ടിപ്പുരകളും ചിലയിടങ്ങളിൽ കാണാനാകും.

കുട്ടികൾ തന്നെയാണ് കുട്ടിപ്പുരകളുടെ നിർമാതാക്കൾ. രക്ഷിതാക്കളുടെ സഹായത്തോടെയാണ് ഇത്തരം കച്ചവടങ്ങൾ നടക്കുന്നത്. സ്കൂളുകൾ അടച്ചതോടെ മൊബൈൽ ഫോണുകളിൽ അഭിരമിക്കുന്ന പുത്തൻ തലമുറയെ അതിൽനിന്ന് അകറ്റിനിർത്തുന്നതിന് ഇത്തരം ചെറിയ കച്ചവടങ്ങൾ സഹായിക്കും. സഹോദരങ്ങളും അയൽവാസികളും ചേർന്നാണ് ഇത്തരം കുട്ടിക്കച്ചവടങ്ങൾ നടത്തുന്നത്. കച്ചവടത്തിന്റെ ബാലപാഠത്തോടൊപ്പം സഹകരണപ്രസ്ഥാനത്തിന്റെ ആദ്യ പാഠവും കുട്ടികൾ പഠിച്ചെടുക്കുന്നു. യു.പി വിഭാഗത്തിലെയും ഹൈസ്കൂൾ വിഭാഗം കുട്ടികളുടെയും സംഘങ്ങളാണ് കുട്ടിക്കച്ചവടക്കാർ. കുട്ടിക്കച്ചവടക്കാർ പുസ്തകങ്ങളും വസ്ത്രങ്ങളും വാങ്ങാൻ വരെ ഇത്തരം കച്ചവടങ്ങളിലെ ലാഭവിഹിതം ഉപയോഗിക്കുകയും ചെയ്യും.