പൊള്ളുന്ന ചൂട്; കരുതലാകാം


പ്രതീകാത്മക ചിത്രം

കൊച്ചി: സമീപ കാലത്തൊന്നും ഇല്ലാത്തവിധം കത്തിയാളുന്ന ചൂടാണ് സംസ്ഥാനമാകെ. എറണാകളം ജില്ലയിൽ താപനില 37-38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്നുണ്ട്. സാധാരണ നിലയിൽ ലഭിക്കാറുള്ള വേനൽ മഴ ഇക്കുറി കാര്യമായി ലഭിക്കാത്തത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ചൂട് അസഹനീയമായി മാറിയതോടെ അതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും ദിനംപ്രതി ഏറുകയാണ്. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നത്. കടുത്തചൂടിൽ പുറത്തിറങ്ങുന്നവരും വീടുകളിൽ കഴിയുന്നവർ പോലും ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

അതേസമയം ചൂട് 55 ഡിഗ്രി വരെ ഉയരുമെന്ന രീതിയിൽ വാട്സ്ആപ്പ് വഴി വ്യാജ പ്രചാരണങ്ങൾ നടക്കുന്നതിനെതിരെയും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് ഉയർന്ന ചൂടുമൂലം ഉണ്ടാകുന്നത്. ആശുപത്രികളിൽ എത്തുന്നവർ ഭൂരിഭാഗവും ഇവമൂലമുള്ള പ്രശ്നങ്ങളുമായാണ് ആശുപത്രികളിൽ എത്തുന്നതെന്നതിനാൽ പൊതുജനങ്ങൾ പാലിക്കേണ്ട ചില നിർദേശങ്ങളും അതോറിറ്റി നൽകിയിട്ടുണ്ട്. ചൂട് വളരെയേറെ കൂടുന്നത് തീപിടിത്തങ്ങൾ വ്യാപകമാകാനും കാരണമാകുന്നുണ്ട്.

പുറത്തിറങ്ങുമ്പോൾ ഇവ ശ്രദ്ധിക്കുക:

  • രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പുറത്തിറങ്ങുമ്പോൾ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുന്നവർ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
  • ഭക്ഷണവും വെള്ളവും പ്രധാനം
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. പരമാവധി ശുദ്ധജലം കുടിക്കുക.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
  • ഓ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവ പരമാവധി ഉപയോഗിക്കുക.
  • മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക. ഇവ നിർജലീകരണം ഉണ്ടാക്കും.

തീയെ കരുതാം

  • മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങളിലാണ് (ഡംപിങ് യാർഡ്) തീപിടുത്തത്തിന് ഏറെ സാധ്യത.
  • ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ തീപിടുത്തം ഒഴിവാക്കാൻ ശ്രദ്ധപതിപ്പിക്കണം.
  • തീപിടിത്തം ഉണ്ടകുന്ന സാഹചര്യങ്ങൾ നേരിടാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.
  • ഫയർ ഓഡിറ്റ് നടത്തുക.
  • ഇത്തരം കേന്ദ്രങ്ങളോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങളും പ്രത്യേകം ജാഗ്രത പാലിക്കുക.
  • മാർക്കറ്റുകളിലും ഇത്തരം മറ്റ് വ്യാപാര സ്ഥാപനങ്ങളിലും പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കൾ കൂട്ടിയിടുന്നത് പാടെ ഒഴിവാക്കുക.
  • കാട്ടുതീ വ്യാപിക്കാമെന്നതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
  • കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.
  • വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

കുട്ടികളെ സുരക്ഷിതരാക്കുക

  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം യഥേഷ്ടം ലഭ്യമാക്കണം.
  • ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം.
  • പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം.
  • വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത സംവിധാനം ഒരുക്കണം.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്.

രോഗികളെ പ്രത്യേകം ശ്രദ്ധിക്കുക

  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം.
  • ഈ വിഭാഗങ്ങത്തിൽ വരുന്നവർ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.
  • ഇവർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം.

ജോലിക്കാരുടെ ശ്രദ്ധക്ക്

  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ 11 മുതൽ മൂന്നു വരെ സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
  • ചൂട് ഏൽക്കാത്ത രീതിയിലുള്ള വസ്ത്രധാരണത്തിന് നിർദേശം നൽകുക.
  • ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാൻ അനുവാദം നൽകുക.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും കുടകൾ ഉപയോഗിക്കുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക.

പൊതു നിർദേശം

  • പകൽ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ കഴിവതും സമ്മേളനങ്ങളും പൊതു പരിപാടികളും ഒഴിവാക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കുക. വെള്ളം കയ്യിൽ കരുതുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

ചൂട് കൂട്ടി വ്യാജ സന്ദേശം

കൊച്ചി: കൊടും ചൂടിൽ വലയുന്ന വലയുന്നതിനിടെ ആശങ്കയുടെ ചൂടുയർത്തി വ്യാജ വാട്സാപ്പ് പ്രാചാരണവും. ചൂട് 55 ഡിഗ്രിയിലെത്തുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ച സന്ദേശം. ഒൗദ്യോഗീകം എന്ന നിലയിലായിരുന്നു സന്ദേശം. എന്നാൽ ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് തങ്ങൾ നൽകിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം നിലവിലെ നിലയിൽ നിന്ന് ചൂട് രണ്ട് മുതൽ മൂന്ന് ഡ്രിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും അതോറിറ്റി വ്യക്തമാക്കി.