140 കോടി ഇന്ത്യക്കാർ; എന്നിട്ടും ലോകകപ്പിലേക്ക് 11 പേർ പോലുമില്ലേ ?

എന്റെ സ്കൂൾ കാലഘട്ടത്തിലാണ് മാന്ത്രിക കാലുകൾ കൊണ്ട് പന്തിനെ നിയന്ത്രിക്കുന്ന ഫുട്ബോളിന്റെ രാജാവായ പെലെയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്. ലോകം അദ്ദേഹത്തെ ‘കറുത്ത മുത്ത്’ എന്നാണ് വിളിച്ചിരുന്നതെന്നും, ആ വിളിപ്പേര് ഒരു വംശീയ അധിക്ഷേപമല്ല, മറിച്ച് അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത കഴിവിനുള്ള അംഗീകാരമാണെന്നും അന്ന് അധ്യാപകൻ ഓർമ്മിപ്പിച്ചു. പെലെയെന്ന ഇതിഹാസത്തിലൂടെയാണ് ഞാൻ ബ്രസീലെന്ന രാജ്യത്തെ അറിയുന്നതും ഒരു ഫുട്ബോൾ ആരാധകനാകുന്നതും.

“പാലക്കൂട്ടം രാജ്യങ്ങളായ രാത്രികൾ ”

1998-ൽ ഫിഫ ലോകകപ്പിന് തിരിതെളിയുമ്പോൾ എനിക്ക് പ്രായം വെറും പത്ത് വയസ്സ്. വീട്ടുകാരും കൂട്ടുകാരും അയൽവാസികളും രാപ്പകൽ ഭേദമില്ലാതെ, കടുത്ത ആകാംക്ഷയോടെ എന്റെ വീട്ടിലെ ടെലിവിഷനു മുന്നിൽ ഒത്തുചേർന്നു. ഒരുകൂട്ടം മനുഷ്യർ പ്രിയപ്പെട്ട ടീമുകൾക്കായി ചേരിതിരിഞ്ഞപ്പോൾ, ആ പലക്കൂട്ടം പെട്ടെന്ന് പല രാജ്യങ്ങളായി പരിണമിച്ചു! അവരോടൊപ്പം ഇരുന്ന് ഞാൻ കാണുന്ന ആദ്യത്തെ കാൽപ്പന്ത് മഹോത്സവമായിരുന്നു അത്. ആർപ്പുവിളിച്ചും കയ്യടിച്ചും ഒരു കൂട്ടർ ആഘോഷിച്ചപ്പോൾ, നൊമ്പരങ്ങളും വേദനകളും പഴിപറച്ചിലുകളുമായി മറുകൂട്ടർ നിന്നു. ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കായി പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടിരുന്നു.

“ഇന്ത്യ എവിടെ? ഹൃദയം തകർത്ത പരിഹാസങ്ങൾ ”

അതിനിടയിൽ എന്റെ ഊഴമെത്തി. ഞാൻ തികഞ്ഞ അഭിമാനത്തോടെ വിളിച്ചുപറഞ്ഞു: “എനിക്ക് രണ്ട് ടീമുകളുണ്ട്, ഒന്ന് ഇന്ത്യയും മറ്റൊന്ന് പെലെയുടെ ബ്രസീലും!. എന്റെ വാക്ക് കേട്ട് അവിടെയൊരു പരിഹാസച്ചിരി പടർന്നു. കൂട്ടത്തിലൊരാൾ പറഞ്ഞു: “ഇന്ത്യ ലോകകപ്പിലില്ല. ഇന്ത്യൻ കളിക്കാർക്ക് ബൂട്ടിട്ട് കളിക്കാൻ പോലും അറിയില്ല, അതുകൊണ്ട് ഫിഫ അവരെ പുറത്താക്കിയതാണ്!”മറ്റൊരാൾ അതിലും ക്രൂരമായി പരിഹസിച്ചു: “ഇന്ത്യക്കാർ 90 മിനിറ്റ് ഓടിയാൽ ‘പൊള്ളംവിടും’ (ശ്വാസം മുട്ടും), അതിനുള്ള സ്റ്റാമിനയൊന്നും അവർക്കില്ല!” അന്ന് ആ സദസ്സിൽ ഉയർന്ന പരിഹാസങ്ങൾ ഒരു പത്തുവയസ്സുകാരനായ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. കായികലോകത്തെ എന്റെ രാജ്യത്തിന്റെ അസാന്നിധ്യം എന്നെ ഒരുപാട് ചിന്തിപ്പിച്ചു

“മഞ്ഞക്കുപ്പായത്തിന്റെ മാന്ത്രികതയും കളിനിയമങ്ങളും ”

പെട്ടെന്നാണ് കൂട്ടത്തിലൊരാൾ എന്നെ ചൂണ്ടിപ്പറഞ്ഞത്: “കണ്ടോ ഇവൻ മഞ്ഞ ബനിയൻ ഇട്ടിരിക്കുന്നത്, ഇവൻ കട്ട നമ്മുടെ ബ്രസീൽ ഫാൻ ആണ്!” ബ്രസീൽ ജേഴ്‌സിയുടെ നിറം മഞ്ഞയാണെന്ന് അന്നാണ് ഞാൻ ആദ്യമായി അറിയുന്നത് തന്നെ. പിന്നീട് ആ മഞ്ഞപ്പട കുതിരപ്പടയെപ്പോലെ കുതിക്കുമ്പോഴും, എതിരാളികളെ വിറപ്പിച്ചു കൊണ്ട് ഓരോ ഗോളുകൾ നേടുമ്പോഴും ഞാൻ ഒത്തിരി സന്തോഷിച്ചു. ആ മഞ്ഞക്കുപ്പായമിട്ട് ഓടുന്നവരെല്ലാവരും ‘പെലെ’ ആണെന്ന ഒരു കുട്ടിത്തം നിറഞ്ഞ തെറ്റിദ്ധാരണയും കളിയുടെ യഥാർത്ഥ നിയമങ്ങളും അന്നത്തെ ലോകകപ്പ് നാളുകളിലാണ് ഞാൻ മനസ്സിലാക്കുന്നത്.

“കണ്ണീരിൽ മുങ്ങിയ ഫൈനലും തിരിച്ചറിവുകളും”

പ്രിയപ്പെട്ട താരങ്ങളായ കഫുവും ദുങ്കയും റൊണാൾഡോയും മൈതാനത്ത് സർവ്വശക്തിയുമെടുത്ത് പൊരുതിയിട്ടും ഫൈനലിൽ ഫ്രാൻസിനോട് 3-0 എന്ന സ്കോറിന് ബ്രസീൽ പരാജയപ്പെട്ടു. ആ തോൽവി ലോകമെമ്പാടുമുള്ള കാൽപ്പന്ത് ആരാധകരെപ്പോലെ എന്നെയും ആഴത്തിലുള്ള കണ്ണീരിലാഴ്ത്തി. “പെലെ ടീമിൽ ഇല്ലാത്തതുകൊണ്ടാണ് ബ്രസീൽ തോറ്റത്, അടുത്ത തവണ നമ്മൾ തീർച്ചയായും ജയിക്കും!” എന്നെ പരിഹസിച്ചവരോട് ഞാൻ മറുപടി നൽകി.

അതോടെ അവിടെ മറ്റൊരു കൂട്ടച്ചിരി കൂടി പടർന്നു. പെലെ ഞാൻ ജനിക്കുന്നതിന് എത്രയോ മുൻപേ കളി നിർത്തി വിരമിച്ചതാണെന്നും, അടുത്ത ലോകകപ്പ് വരാൻ ഇനിയും നീണ്ട നാല് വർഷങ്ങൾ കാത്തിരിക്കണമെന്നുമുള്ള അറിവ് അന്നാണ് ഞാൻ സ്വന്തമാക്കുന്നത്.

“വേട്ടയാടുന്ന ആ പഴയ പരിഹാസം”

അന്നുമുതൽ തുടങ്ങിയതാണ് ഓരോ ഫിഫ ലോകകപ്പിന് വേണ്ടിയുമുള്ള എന്റെ കാത്തിരിപ്പ്; അത് 2026-ലും ഒട്ടും ആവേശം ചോരാതെ തുടരുന്നു. ഞാൻ മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യർ ഇതേ വികാരത്തോടെയാണ് ഈ കാത്തിരിപ്പിൽ പങ്കുചേരുന്നത്. എന്നാൽ, അന്ന് ആ പത്താം വയസ്സിൽ കേട്ട “ബൂട്ടിടാൻ അറിയാത്ത ഇന്ത്യൻ ഫുട്ബോൾ” എന്ന ആ പഴയ പരിഹാസം ഇന്നും എന്നെ ഉള്ളിൽ കിടന്ന് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

“ഫിഫയും നഗ്നപാദരും: വിദേശ മാധ്യമങ്ങളുടെ കള്ളക്കഥകൾ ”

2011-ൽ ഞാൻ യു.എ.ഇയിലായിരുന്ന കാലത്താണ് ഫുട്ബോളിന്റെ ‘ബൈബിൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘സ്പോർട്സ് ഇല്ലസ്ട്രേറ്റഡ്’ മാഗസിൻ വായിക്കുന്നത്. ബൂട്ടില്ലാത്തതുകൊണ്ടാണ് ഇന്ത്യ 1950-ലെ ലോകകപ്പിൽ നിന്ന് വിട്ടുനിന്നതെന്ന ഒരു കുറിപ്പ് അതിലുണ്ടായിരുന്നു. പ്രമുഖ വിദേശ മാധ്യമങ്ങൾ തങ്ങളുടെ ലേഖനങ്ങളിലൂടെ വലിയ പ്രചാരം നൽകിയതോടെ, ഇതൊരു ആഗോള ചരിത്രസത്യം പോലെ അവതരിപ്പിക്കപ്പെട്ടു. കുട്ടിക്കാലം മുതൽക്കേ കേട്ടുവന്ന കഥയായതിനാൽ ഞാനും അന്ന് അത് കണ്ണുമടച്ച് വിശ്വസിച്ചു. എന്നാൽ, വർഷങ്ങൾക്കിപ്പുറം പ്രമുഖ കായിക മാധ്യമപ്രവർത്തകനും ഫുട്ബോൾ ചരിത്രകാരനുമായ ജയ്ദീപ് ബസു (Jaydeep Basu) എഡിറ്റ് ചെയ്ത ‘Box to Box: 75 Years of the Indian Football Team’എന്ന പുസ്തകത്തിലെ ഒരു ലേഖനം എന്റെ കണ്ണ് തുറപ്പിച്ചു. അതിൽ അദ്ദേഹം എഴുതിയ “The Blunder of the Century” എന്ന ഭാഗത്ത്, വസ്തുതകൾ മുൻനിർത്തി ഈ കള്ളക്കഥയെ പൂർണ്ണമായും പൊളിച്ചടുക്കുന്നുണ്ട്. “There was no question of FIFA objecting to Indians playing barefoot — it’s a fancy theory generated much later.” (ഇന്ത്യക്കാർ നഗ്നപാദരായി കളിക്കുന്നതിനെ ഫിഫ എതിർത്തു എന്ന ചോദ്യമേ ഉദിക്കുന്നില്ല; അത് പിൽക്കാലത്ത് കെട്ടിയുണ്ടാക്കിയ ഒരു പൊള്ളയായ സിദ്ധാന്തം മാത്രമാണ്!) എന്ന് അദ്ദേഹം തന്റെ രചനയിലൂടെ ശക്തമായി അടിവരയിടുന്നു. ഫിഫ വിലക്കിയതുകൊണ്ടാണ് ഇന്ത്യ 1950-ലെ ലോകകപ്പിൽ നിന്ന് പിന്മാറിയതെന്ന ഈ ജനപ്രിയ കഥയ്ക്ക് ഔദ്യോഗിക ചരിത്രരേഖകളിൽ യാതൊരുവിധ പിന്തുണയുമില്ലെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. എന്റെ അഭിപ്രായത്തിൽ, യാതൊരുവിധ വസ്തുതാപരിശോധനയുമില്ലാതെ ഇത്തരം പഴങ്കഥകളെ പുതിയ കുപ്പിയിലാക്കി വിളമ്പുന്ന വിദേശ മാധ്യമങ്ങളുടെ ആഖ്യാനങ്ങൾ, കായികലോകത്ത് ഒരുതരം ‘യൂറോപ്യൻ കേന്ദ്രീകൃത മുൻവിധിയോടെ’ ഇന്ത്യൻ ഫുട്ബോളിനെ ചെറുതാക്കി കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം വസ്തുതാവിരുദ്ധമായ കള്ളക്കഥകളെ നാം ഇന്നും യഥാർത്ഥ ചരിത്രമെന്ന് കരുതി കണ്ണുമടച്ച് വിഴുങ്ങുന്നത് തികച്ചും ദൗർഭാഗ്യകരമാണ്.

“1950 ലോകകപ്പ്: ഇന്ത്യക്ക് ലഭിച്ച സുവർണാവസരവും പിന്മാറ്റവും”

1950-ലെ ബ്രസീൽ ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യക്ക് അവസരം ലഭിച്ചു എന്നത് ഒരു ചരിത്രസത്യമാണ്. ഏഷ്യൻ യോഗ്യതാ ഗ്രൂപ്പിലുണ്ടായിരുന്ന ഫിലിപ്പീൻസ്, ബർമ്മ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഇന്ത്യയ്ക്ക് ലോകകപ്പിലേക്ക് പങ്കെടുക്കാനുള്ള സ്ഥാനം ലഭിക്കുന്നത്.

എന്നാൽ, പുതുതായി സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തിന്റെ സാമ്പത്തിക-യാത്രാ പരിമിതികൾ, തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, അതിലുപരി അന്നത്തെ ഇന്ത്യൻ ഫുട്ബോൾ അധികാരികൾ ലോകകപ്പിനേക്കാൾ ഒളിമ്പിക്സ് മത്സരങ്ങൾക്ക് നൽകിയ അമിത മുൻഗണന എന്നിവ കാരണമാണ് ഇന്ത്യ പിന്നീട് ഈ ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള സാഹചര്യത്തിൽ ജർമ്മനിക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിച്ചില്ല; ജപ്പാനും മത്സരത്തിൽ പങ്കെടുത്തില്ല. ബ്രസീലിയൻ ഫെഡറേഷനുമായുള്ള തർക്കത്തെത്തുടർന്ന് അർജന്റീന പിന്മാറുകയും ചെയ്തു. 16 ടീമുകളെ ലക്ഷ്യമിട്ട ടൂർണമെന്റ് ഒടുവിൽ 13 ടീമുകളോടെയാണ് നടന്നത്. ഇന്ത്യ പങ്കെടുക്കുന്നതിനായി യാത്രാച്ചെലവിന്റെ വലിയൊരു ഭാഗം വഹിക്കാമെന്ന് സംഘാടകഭാഗം ഉറപ്പ് നൽകിയിരുന്നുവെന്ന് ചരിത്രവിവരണങ്ങളിൽ കാണാം. കൗശിക് ബന്ദോപാധ്യായയും ഈ വിഷയത്തിൽ സമാനമായ നിരീക്ഷണം മുന്നോട്ടുവയ്ക്കുന്നു.

“അധികാരികളുടെ അനാസ്ഥയും കൗശിക് ബന്ദോപാധ്യായയുടെ കണ്ടെത്തലുകളും”

കായികചരിത്രകാരനും Soccer & Society ജേണലിന്റെ അസോസിയേറ്റ് എഡിറ്ററുമായ അദ്ദേഹം, ഇന്ത്യയുടെ പിന്മാറ്റത്തെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനം സാമ്പത്തിക ബുദ്ധിമുട്ടുകൾക്കപ്പുറം ലോകകപ്പിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിൽ AIFF വരുത്തിയ പരാജയത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് വിലയിരുത്തി: “A careful study reveals that beneath the apparent financial difficulties given as cause of withdrawal lay the AIFF’s unusual failure to appreciate the importance of participating in the Cup…” സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നത് വെറുമൊരു പുകമറ മാത്രമായി മുന്നോട്ടുവെച്ച അന്നത്തെ അധികാരികൾ, ലോകകപ്പ് പോലുള്ള ഒരു ആഗോള ടൂർണമെന്റിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിൽ പൂർണ്ണമായി പരാജയപ്പെടുകയായിരുന്നു എന്ന് അദ്ദേഹം ചരിത്രരേഖകൾ മുൻനിർത്തി അടിവരയിടുന്നു. ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്, ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസതാരവും അക്കാലത്തെ ക്യാപ്റ്റനുമായിരുന്ന സെയ്‌ലൻ മന്നയുടെ വാക്കുകകളാണ്.അതുകൊണ്ട് തന്നെയാണ്, ലോകകപ്പ് വേദിയിൽ ഇന്ത്യൻ പതാക പാറിക്കാനുള്ള ആ അപൂർവ സുവർണ്ണാവസരം നമുക്ക് എന്നെന്നേക്കുമായി നഷ്ടമായി എന്ന് ചരിത്രം വിലയിരുത്തുന്നത്.

“അധികാരികളുടെ ഐ.എസ്.എല്ലിന്റെ തിളക്കവും, അടിത്തട്ടിലെ ശൂന്യതയും”

140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്നും ലോകകപ്പ് കളിക്കാൻ മിടുക്കരായ 11 പേരെ കണ്ടെത്താൻ കഴിയുന്നില്ലേ? തികച്ചും ന്യായമായ ഈ ചോദ്യത്തിനുള്ള ഉത്തരം ചോര നീരാക്കി കളിക്കളത്തിൽ പോരാടാൻ പ്രതിഭകളായ യുവാക്കൾ ഇവിടെയില്ലാത്തതോ യുവതലമുറയുടെ പരാജയമോ അല്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) വരവോടെ ചില നഗരങ്ങളിലെങ്കിലും മെച്ചപ്പെട്ട സ്റ്റേഡിയങ്ങളും മികച്ച പരിശീലന സൗകര്യങ്ങളും വലിയ നിക്ഷേപങ്ങളും ഇന്ന് ഇന്ത്യയിലുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ പ്രൊഫഷണൽ വളർച്ചയിൽ ഐ.എസ്.എൽ നൽകിയ സംഭാവനകൾ വലുതാണ്, അത് ആർക്കും നിഷേധിക്കാനാവില്ല. പക്ഷേ, കേവലം ആഡംബരമുള്ള സ്റ്റേഡിയങ്ങൾ മാത്രം ഒടുവിൽ ഒരു ലോകകപ്പ് നിലവാരമുള്ള ടീമിനെ സൃഷ്ടിക്കില്ല. ജപ്പാനോ യൂറോപ്യൻ രാജ്യങ്ങളോ ചെയ്യുന്നത് പോലെ 6 മുതൽ 10 വയസ്സുവരെയുള്ള പ്രായത്തിൽ കുട്ടികൾക്ക് തൃണമൂല തലത്തിൽ ശാസ്ത്രീയമായ പരിശീലനം നൽകാൻ നമുക്ക് ഇന്നും സാധിക്കുന്നില്ല.

“കാലാവസ്ഥയും സ്‌പോർട്സ് സയൻസിന്റെ ആവശ്യകതയും”

ലോകത്തിലെ ഭൂരിഭാഗം മുൻനിര ഫുട്ബോൾ രാജ്യങ്ങളും തണുത്ത കാലാവസ്ഥയിലുള്ളവയാണ്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണരീതിയും അനുകൂലമായ ആ കാലാവസ്ഥയും അവിടുത്തെ കളിക്കാർക്ക് 90 മിനിറ്റും ഒരേ വേഗതയിൽ ഓടാനുള്ള കായികക്ഷമത നൽകുന്നു. എന്നാൽ, ഇന്ത്യയിലെ കടുത്ത ചൂടും ഉയർന്ന ഹ്യുമിഡിറ്റിയും അതിജീവിക്കാൻ നമ്മുടെ കളിക്കാർക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്. ശാസ്ത്രീയമായ സ്‌പോർട്സ് സയൻസിലൂടെയും പ്രത്യേക ഡയറ്റുകളിലൂടെയും കൗമാരപ്രായത്തിൽ തന്നെ നമ്മുടെ കളിക്കാരെ രൂപപ്പെടുത്തിയെടുക്കുന്ന ഒരു സംവിധാനമാണ് ഇവിടെ ഉണ്ടാകേണ്ടത്.

“കോടികളുടെ വിദേശതാരങ്ങളും ഇന്ത്യൻ യുവത്വത്തിന്റെ സൈഡ് ബെഞ്ചും”

ഐ.എസ്.എൽ വന്നതോടെ ക്ലബ്ബുകൾ വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ കോടികളാണ് വാരിയെറിയുന്നത്. വിദേശ താരങ്ങളുടെ സാന്നിധ്യം ലീഗിന്റെ നിലവാരം ഉയർത്താനും ഇന്ത്യൻ കളിക്കാർക്ക് പുതിയ പാഠങ്ങൾ പഠിക്കാനും അവസരമൊരുക്കും എന്നത് ശരിയാണ്. എന്നാൽ, കോടികൾ മുടക്കി ഗോളടിക്കാൻ മാത്രം വിദേശികളെ മുൻനിരയിൽ കൊണ്ടുവരുമ്പോൾ ആക്രമണനിരയിലെ നിർണായക റോളുകളിൽ ഇന്ത്യൻ യുവതാരങ്ങൾക്ക് കൃത്യമായ ഇടമുണ്ടോ? ഇന്ത്യൻ താരങ്ങൾക്ക് നിലവിൽ ക്ലബ് തലത്തിൽ പ്രതിരോധം, പ്രസ്സിങ്, സുരക്ഷിത പാസിങ് തുടങ്ങിയ ചുമതലകളിൽ മാത്രമാണ് കൂടുതൽ അവസരം ലഭിക്കുന്നത്. ഗോളടിക്കലും അവസാന മൂന്നിലൊന്ന് ഭാഗത്തെ നിർണായക തീരുമാനങ്ങളും പലപ്പോഴും വിദേശ മുന്നേറ്റതാരങ്ങൾ കൈയടക്കുമ്പോൾ, കളി ജയിപ്പിക്കാൻ പ്രതിഭയുണ്ടായിട്ടും നമ്മുടെ യുവതാരങ്ങൾക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാതെ സൈഡ് ബെഞ്ചുകളിൽ ഒതുങ്ങേണ്ടി വരുന്നു.

“തന്ത്രങ്ങളുടെ കെണിയും ‘ടെമ്പോ ഷോക്കും

അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയക്കുറവാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യം ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടുകളിലേക്ക് കടക്കുമ്പോൾ ഐ.എസ്.എല്ലിലെ ഈ വിദേശ താരങ്ങളാരും ഇന്ത്യൻ ജേഴ്‌സിയിൽ ഉണ്ടാകില്ല. ഇന്ത്യൻ നിയമപ്രകാരം നമ്മുടെ സ്വന്തം കളിക്കാർക്ക് മാത്രമേ ദേശീയ ടീമിൽ കളിക്കാൻ സാധിക്കൂ. ജപ്പാൻ, ദക്ഷിണ കൊറിയ അല്ലെങ്കിൽ യൂറോപ്യൻ-അമേരിക്കൻ ടീമുകൾ ലോകത്തെ മികച്ച രാജ്യങ്ങളുമായി നിരന്തരം വലിയ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിച്ച് തങ്ങളുടെ നിലവാരം ഉയർത്തുമ്പോൾ, ഇന്ത്യ റാങ്കിങ്ങിൽ വളരെ പിന്നിലുള്ള സാഫ് രാജ്യങ്ങളുമായി മാത്രം കളിച്ച് ചുരുങ്ങുകയാണ്. വലിയ ടീമുകളുടെ കളിശൈലിയും വേഗതയും നേരിട്ട് അനുഭവിച്ചറിയാത്ത നമ്മുടെ താരങ്ങൾ, ഫിഫ റൗണ്ടുകളിൽ ശക്തരായ എതിരാളികൾക്ക് മുന്നിൽ പെട്ടെന്ന് പതറിപ്പോകുന്നു. അന്താരാഷ്ട്ര മത്സരങ്ങളുടെ അതിവേഗതയും കടുത്ത സമ്മർദ്ദവും മുൻപ് പരിചയമില്ലാത്ത നമ്മുടെ താരങ്ങൾ മൈതാനത്ത് നേരിടുന്ന ഈ വലിയ പ്രതിസന്ധിയെ ‘ടെമ്പോ ഷോക്ക്’ എന്ന് വിളിക്കാം. ഈ ടെമ്പോ ഷോക്ക് മറികടക്കണമെങ്കിൽ ഇന്ത്യൻ ഫോർവേഡുകൾക്ക് കൂടുതൽ കളിസമയവും ആക്രമണ സ്വാതന്ത്ര്യവും നൽകേണ്ടത് അനിവാര്യമാണ്.

“വിദേശാധിപത്യവും സുനിൽ ഛേത്രിക്ക് ശേഷമുള്ള ശൂന്യതയും”

ഐ.എസ്.എൽ ആരംഭിക്കുന്നതിന് പന്ത്രണ്ട് വർഷങ്ങൾക്കു മുൻപാണ് സുനിൽ ഛേത്രി ആഭ്യന്തര ഫുട്ബോളിൽ തന്റെ കരിയർ ആരംഭിക്കുന്നത്. അന്നത്തെ നാഷണൽ ഫുട്ബോൾ ലീഗിലും പിന്നീട് വന്ന ഐ-ലീഗിലും ഇന്ത്യൻ ഫോർവേഡുകൾക്ക് സ്ഥിരമായി മത്സരിക്കാനും ഗോളടിക്കാനും വലിയ അവസരങ്ങളുണ്ടായിരുന്നു. ആ തുടർച്ചയായ മത്സരപരിചയമാണ് സുനിൽ ഛേത്രിയെന്ന ഇതിഹാസത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടത്. എന്നാൽ ഇന്ന് ഐ.എസ്.എല്ലിൽ കോടികൾ വിലയുള്ള വിദേശ ഫോർവേഡുകളുമായുള്ള കടുത്ത മത്സരത്തിൽ, ഒരു യുവ ഇന്ത്യൻ സ്ട്രൈക്കർക്ക് ആദ്യ ഇലവനിൽ സ്ഥിരമായി സ്ഥാനം നേടുക എന്നത് ഏറെ പ്രയാസകരമാണ്. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ സുനിൽ ഛേത്രിയുടെ നിലവാരത്തിലുള്ള മറ്റൊരു ഇന്ത്യൻ സ്ട്രൈക്കർ ദേശീയ ടീമിലേക്ക് ഉയർന്നുവരാത്തതിന് പ്രധാന കാരണവും ഈ കളിസമയത്തിന്റെ കുറവ് തന്നെയാണ്. അതുകൊണ്ട്,, ഇന്ത്യൻ ഫോർവേഡുകൾക്ക് കൂടുതൽ മത്സരമിനിറ്റുകൾ ലഭ്യമാക്കുന്ന നയങ്ങൾ ലീഗും ക്ലബ്ബുകളും നടപ്പിലാക്കണമെന്നത് ഇന്ന് കായികപ്രേമികൾക്കിടയിൽ ഒരു പൊതുവികാരമായി ഉണരുന്നുണ്ട്. അധികാരികൾ ഇത് അത്യന്തം ഗൗരവപരമായി ചിന്തിക്കേണ്ടതും ഉടനടി നടപ്പിലാക്കേണ്ടതുതുമാണ്.

“ ഇടപെടലുകൾക്കപ്പുറം സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ ”

ഫിഫ നിയമപ്രകാരം ഫുട്ബോൾ അസോസിയേഷനുകളുടെ ആഭ്യന്തര ഭരണത്തിൽ സർക്കാരിന് നേരിട്ട് ഇടപെടാൻ കഴിയില്ല എന്നത് സാങ്കേതികമായി ശരിയായിരിക്കാം. എന്നാൽ, ഭരണത്തിൽ ഇടപെടാതെ തന്നെ ഫുട്ബോളിന്റെ വളർച്ചയെ സഹായിക്കാൻ സർക്കാരിന് ഒട്ടേറെ വഴികളുണ്ട്. ആ ഉത്തരവാദിത്തങ്ങളിൽ നിന്നും മമ്മുടെ ഭരണനകൂടം ഒളിച്ചോടിയാൽ ഇന്ത്യൻ ഫുട്ബോളിന്റെ സ്വപ്നങ്ങൾക്ക് ഒരിക്കലും ചിറകുമുളയ്ക്കില്ല എന്ന യാഥാർഥ്യം നിലനിൽക്കുന്നു. ദേശീയ സ്പോർട്സ് ബജറ്റിൽ മറ്റ് മുൻനിര കായിക ഇനങ്ങൾക്ക് ലഭിക്കുന്ന വലിയ പരിഗണനയുമായി താരതമ്യം ചെയ്യുമ്പോൾ, ഫുട്ബോൾ മേഖല കടുത്ത അവഗണനയാണ് നേരിടുന്നത്. ‘ഖേലോ ഇന്ത്യ’ പോലുള്ള കായിക മേളകൾക്കായി വർഷം തോറും കോടിക്കണക്കിന് രൂപ ഭരണകൂടങ്ങൾ നീക്കിവെക്കുന്നുണ്ട്. എന്നാൽ, ഗ്രാമീണ പ്രതിഭകളെ കൃത്യമായി കണ്ടെത്തി അവരെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളർത്തിയെടുക്കാനുള്ള ശക്തമായ ഒരു സ്കൗട്ടിംഗ് ശൃംഖലയോ ദീർഘവീക്ഷണമോ ഇവിടെ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.

“ഇന്ത്യൻ കായികവേദി കച്ചവടകേന്ദ്രങ്ങളാകുബോൾ; തകരുന്ന സ്വപ്നങ്ങൾ”

രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ടർഫുകളും സ്റ്റേഡിയങ്ങളും നിർമ്മിക്കാൻ കാണിക്കുന്ന ആവേശം, നിർമ്മിച്ചവ കൃത്യമായി നിലനിർത്തുന്ന കാര്യത്തിൽ അധികാരികൾ കാണിക്കുന്നില്ല. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പോലുള്ള ദേശീയ കായിക കേന്ദ്രങ്ങൾ സ്വകാര്യ വിവാഹ ചടങ്ങുകൾക്കും വൻകിട സംഗീത കച്ചേരികൾക്കും വാടകയ്ക്ക് നൽകുന്നത് നാം കാണുന്നുണ്ട്. എന്നാൽ കൃത്യമായ മേൽനോട്ടമില്ലാത്തതു കാരണം ഇത്തരം പരിപാടികളിലൂടെ കായികതാരങ്ങളുടെ ഉപകരണങ്ങളും കോടികൾ മുടക്കി നിർമ്മിച്ച സിന്തറ്റിക് ട്രാക്കുകളും പുൽമേടുകളും പൂർണ്ണമായി തകർക്കപ്പെടുകയാണ്. ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങൾ സംഗീത പരിപാടികൾക്കും മറ്റും വേദിയാകാറുണ്ട്. എന്നാൽ അവിടെ കായിക സൗകര്യങ്ങൾക്ക് പോറൽ പോലും ഏൽക്കാത്ത വിധം അത്യാധുനികമായ സംരക്ഷണ സംവിധാനങ്ങളുണ്ട്. ഇവിടെ ചവിട്ടിമെതിക്കപ്പെടുന്നത് ഒരേസമയം നമ്മുടെ അത്ലറ്റുകളുടെയും ഫുട്ബോൾ താരങ്ങളുടെയും വലിയ സ്വപ്നങ്ങൾ കൂടിയാണ്. ഇത് ഡൽഹി സ്റ്റേഡിയത്തിൽ മാത്രം ഒതുങ്ങുന്ന ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഈ അവസ്ഥയ്ക്ക് അടിയന്തരമായി മാറ്റം വരേണ്ടതുണ്ട്.

“ടോപ്പ്-50 ടീമുകളും ഇന്ത്യൻ ഫുട്ബോളിന്റെ നാളെയും”

ഇന്ത്യൻ ഫുട്ബോളിന്റെ കായികക്ഷമത ഉയർത്താൻ ഫിഫ റാങ്കിങ്ങിൽ വളരെ പിന്നിലുള്ള രാജ്യങ്ങളുമായി മാത്രം കളിക്കാതെ, ലോകത്തെ മികച്ച ടോപ്പ്-50 ടീമുകളുമായി വർഷത്തിൽ ചുരുങ്ങിയത് 5 മത്സരങ്ങളെങ്കിലും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) നിർബന്ധമായും ഏർപ്പാടാക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം ഉയർന്ന നിലവാരമുള്ള മത്സരങ്ങൾ ഒത്തുതീർപ്പാക്കേണ്ടത് കേവലം എ.ഐ.എ.എഫ്.എഫിന്റെ മാത്രം ചുമതലയല്ല. നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് കോടിക്കണക്കിന് രൂപ കായികമേഖലയ്ക്കായി ഫണ്ട് നൽകുന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കൂടി കടമയാണിത്. മികച്ച രാജ്യങ്ങളുമായി ഫുട്ബോൾ നയതന്ത്ര കരാറുകളിൽ ഏർപ്പെടാൻ സർക്കാർ മുന്നിട്ടിറങ്ങണം.

“യാഥാർത്ഥ്യമാകുന്ന 140 കോടിയുടെ സ്വപ്നം”

ഫുട്ബോൾ എന്നത് വെറുമൊരു വിനോദമല്ല; അത് കോടിക്കണക്കിന് മനുഷ്യരുടെ ആരോഗ്യവും ആത്മവിശ്വാസവുമാണ്. ലോകകപ്പ് വേദിയിൽ നമ്മുടെ ദേശീയഗാനം മുഴങ്ങുന്നതും, ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് നമ്മുടെ താരങ്ങൾ ലോകത്തെ മുൾമുനയിൽ നിർത്തുന്നതുമായ ആ സുവർണ്ണ നിമിഷം ഇനി ഒട്ടും വിദൂരമല്ല. പെലെയും മെസ്സിയും റൊണാൾഡോയും എംബാപ്പെയും ലോക ഫുട്ബോളിൽ ജനിച്ചതുപോലെ, നാളെ ലോകം ആരാധിക്കുന്ന വലിയ ഫുട്ബോൾ ഇതിഹാസങ്ങൾ നമ്മുടെ മണ്ണിൽ നിന്നും ഉയർന്നു വരിക തന്നെ ചെയ്യും. 140 കോടി ജനങ്ങളുടെ ആ വലിയ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമാകും.