18ന് കോളജിലേക്ക് പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യ കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ദലിത് ആദിവാസി സംഘടനകളും വിദ്യാർഥികളും ഈ മാസം 18ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജിലേക്ക് മാർച്ച് നടത്തുമെന്ന് അംബേദ്കറൈറ്റ് ഡമോക്രാറ്റിക് ഫ്രണ്ട് (എ.ഡി.എഫ്) ജനറൽ കൺവീനർ എം. ഗീതാനന്ദൻ. എസ്.സി, എസ്.ടി അതിക്രമം തടയാനുള്ള നിയമവും ആത്മഹത്യപ്രേരണ കുറ്റവും ചുമത്തിയിട്ടും അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നത് ദുരൂഹമാണ്. മൊബൈൽ ആപ്പിലൂടെ വിദ്യാർഥി ലോൺ എടുത്തതിലേക്ക് കേന്ദ്രീകരിച്ച് അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമമുണ്ട്.
എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ടെങ്കിലും എല്ലാ ഫീസും മുൻകൂർ അടക്കാൻ സ്ഥാപനം സമ്മർദം ചെലുത്തിയിരുന്നു. അതിനാൽ നിതിൻ രാജ് ഇ-ഗ്രാന്റ് രക്തസാക്ഷികൂടിയാണ്. എ.ഡി.എഫ് വർക്കിങ് ചെയർമാൻ കെ. അംബുജാക്ഷൻ, ആദിശക്തി സമ്മർ സ്കൂൾ കോഓഡിനേറ്റർ കെ. മേരീ ലിഡിയ, എ.ഡി.എഫ് ചെയർമാൻ ഐ.ആർ. സദാനന്ദൻ, കെ.ടി. ശിവാനന്ദൻ, ശ്രീജിത്ത് പി. ശശി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
