മുനി നാരായണ പ്രസാദ് അന്തരിച്ചു
തിരുവനന്തപുരം: ശ്രീനാരായണ ഗുരുകുലം അധ്യക്ഷനും പ്രശസ്ത എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ് (86) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.55ഓടെ വർക്കല നാരായണ ഗുരുകുലത്തിൽ വെച്ചായിരുന്നു അന്ത്യം. 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ആത്മീയ ആചാര്യൻ, അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നു. സ്വതന്ത്രകൃതികളും വ്യാഖ്യാനങ്ങളും പരിഭാഷകളും ഉൾപ്പെടെ 122 കൃതികൾ ഇംഗ്ലിഷിലും മലയാളത്തിലുമായി രചിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ കൃതികൾക്കും ഭഗവദ്ഗീതയ്ക്കും അദ്ദേഹം രചിച്ച വ്യാഖ്യാനങ്ങൾ ഏറെ ശ്രദ്ധേയമാണ്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
1938 ഡിസംബർ ഒമ്പതിന് തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനടുത്ത് നഗരൂരിൽ സ്കൂൾ അധ്യാപകൻ ജി. മാധവന്റെയും നാരായണിയുടെയും മകനായി ആണ് ജനനം. എം.എൻ പ്രസാദ് എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. സിവിൽ എൻജിനീയറിങിൽ ബിരുദം നേടിയ ശേഷം ഇറിഗേഷൻ സബ്ഡിവിഷൻ ഓഫീസിൽ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാനായി പ്രവേശിച്ച അദ്ദേഹം 1968-ൽ ജോലി രാജിവെച്ചാണ് പൂർണ്ണസമയ ധർമ്മപ്രചാരണത്തിലേക്ക് തിരിഞ്ഞത്.
വർക്കല നാരായണ ഗുരുകുലത്തിൽ അന്തേവാസിയായിരുന്ന ചേർന്ന അദ്ദേഹം, 1967-ൽ നടരാജഗുരുവിൽ നിന്ന് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചു. തുടർന്ന് 1985-ൽ നടരാജഗുരുവിന്റെ പിൻഗാമിയായ നിത്യചൈതന്യയതിയിൽ നിന്നാണ് സന്യാസ ദീക്ഷ സ്വീകരിച്ചത്.ദീർഘകാലം ”ഗുരുകുലം” മാസികയുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987-ൽ മോസ്കോയിൽ നടന്ന ലോകമത വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുകയും ഭാരതീയ ദർശനങ്ങളെയും ഗുരുദേവ ചിന്തകളെയും ആഗോളതലത്തിൽ അവതരിപ്പിച്ചു. വർക്കല ശിവഗിരിയിലെ ശ്രീനാരായണ ഗുരു സമാധിക്ക് സമീപമുള്ള ഗുരുകുലത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം സജീവമായിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് സമാധി ചടങ്ങുകൾ ആരംഭിക്കും.
