മഹിളാ മോർച്ച നേതാവിനെ കൊന്ന മകൻ, അച്ഛനെ കൂടി ​കൊല്ലാൻ നീക്കം നടത്തിയെന്ന് മൊഴി



പേരാവൂർ: മഹിളാമോർച്ച ജില്ലാ നേതാവ് കൊളക്കാട് താന്നിക്കുന്നിലെ മടത്തിപറമ്പിൽ ഗീതമ്മയെ കഴുത്തറുത്തു കൊന്ന മകൻ ക്രിസ്റ്റി, അച്ഛനെ കൂടി കൊലപ്പെടുത്താൻ ഉ​​ദ്ദേശിച്ചിരുന്നുവെന്ന് തന്നോട് പറഞ്ഞതായി പ്രതിയെ പൊലീസിലേൽപിച്ച അയൽവാസി നിപുൻ. അമ്മയെ സംബന്ധിച്ച് നാട്ടിൽ അപവാദം പ്രചരിച്ചിരുന്നുവെന്നും ഇതാണ് കൃത്യത്തിന് പ്രേരിപ്പിച്ചത് എന്നും കുടുംബമാണ് തന്നെ ഈ ഗതിയിൽ എത്തിച്ചതെന്നും കേളകം പൊലീസിന് നൽകിയ മൊഴിയിൽ ക്രിസ്റ്റി പറയുന്നു.

ഇന്നലെ രാത്രിയാണ് ഗീതമ്മയെ മകൻ കഴുത്തറുത്തു കൊന്നത്. സംഭവമറിഞ്ഞ് നിപുൻ സ്ഥലത്തെത്തുമ്പോൾ ഗീതമ്മയുടെ സഹോദരന്റെ കഴുത്തിൽ പിടിച്ച് നിൽക്കുകയായിരുന്നു പ്രതി ക്രിസ്റ്റി. കഴുത്തിൽ നിന്ന് പിടിവിടുവിച്ച് രക്ഷപ്പെടുത്തിയപ്പോഴാണ് ‘എന്റെ പെങ്ങളെ ഇവൻ കൊന്നു’ എന്ന് അദ്ദേഹം പറയുന്നത്. ചാടി അകത്ത് കയറി നോക്കിയപ്പോൾ ഗീതമ്മ ബെഡിൽ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. ഉടൻ അയൽവാസി ദിലീപിനെ വിളിച്ച് വരുത്തിയപ്പോൾ മരിച്ചതായി സംശയമുണ്ടെന്ന് പറഞ്ഞു. ഉടൻ പൊലീസിനെ വിളിച്ചു -നിപുൻ പറഞ്ഞു.

ഇന്നലെ രാത്രി എട്ടിനും ഒൻപതിനും ഇടയിലാണ് കൊലപാതകം അരങ്ങേറിയത്. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെ മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കിടപ്പു മുറിയിൽ വീണു കിടക്കുന്ന നിലയിലാണ് ഗീതമ്മയെ ബന്ധുക്കളും അയൽവാസികളും കാണുന്നത്. അമ്മയെ താനാണ് കൊലപ്പെടുത്തിയത് എന്ന് ക്രിസ്റ്റി കുറ്റം സമ്മതിച്ചു. സ്ഥലത്തെത്തിയ കേളകം പൊലീസ് ഗീതമ്മയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിൽ എത്തിച്ച് സംസ്കരിക്കും.

കേളകത്തും താന്നിക്കുന്നിലും മൊണാലിസ ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തുകയാണ് ഗീതമ്മ. ബംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി ലഹരിമരുന്നിന് അടിമയായിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. അമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ട ശേഷം കിടപ്പുമുറിയിൽവെച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവ സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്ക്ക് ഒരു മകൾ കൂടിയുണ്ട്.

കൃത്യം നടത്തിയശേഷം ഏതാനും നേരം വീട്ടിൽ തന്നെ തങ്ങിയ പ്രതി പിന്നീട് അയൽവാസിയെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.