യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി പിടിയിൽ

പൂക്കോട്ടുംപാടം: ബന്ധുവായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ.കരുളായി ചെട്ടി സ്വദേശി തെക്കുംപുറത്ത് ജമാലുദ്ദീനെയാണ് (50) നിലമ്പൂർ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കാസർകോട്ട് നിന്ന് പിടികൂടിയത്.2017 ഏപ്രിൽ 23 നാണ് സംഭവം നടന്നത്. ബന്ധുവായ ആലുങ്ങൽ ഹസീനയെ പ്രതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഒളിവിൽ പോയ പ്രതി ടാപ്പിങ് തൊഴിലാളിയായി രണ്ട് വർഷത്തോളമായി മമഞ്ചേശ്വരം പൈവളികെ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ആഴ്ചകളോളം തോട്ടം മേഖലയിൽ രഹസ്യനിരീക്ഷണം നടത്തിയ ശേഷമാണ് വലയിലാക്കിയത്.ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എസ്.സി.പി.ഒ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
