പു​ൽ​മൈ​താ​ന​ത്തെ ക​ർ​ഷ​ക​ൻ

നൂറ് മുട്ടകൾ, 20 ലിറ്റർ പാൽ, ഒരു ആട്ടിൻ കുട്ടി, ഒരു കെട്ട് വിറക്, ഒരു പെട്ടി ഉരുളക്കിഴങ്ങ്…ഏതെങ്കിലും വിവാഹസൽക്കാരത്തിനുള്ള ഒരുക്കമല്ല. നോർവീജിയൻ ക്ലബായ ബ്രൈൻ എഫ്.കെ പ്ലെയർ ഓഫ് ദ മാച്ച് താരങ്ങൾക്കു നൽകുന്ന സമ്മാനമാണിത്. തങ്ങളുടെ പ്രദേശത്തിന്റെ കാർഷിക സംസ്കൃതി വിളിച്ചോതാൻ അവർ കണ്ടെത്തിയ മാർഗമാണിത്. മികച്ച കർഷകരേറെയുള്ള ബ്രൈനിൽ ഏറ്റവും വിളവു കൊയ്യുന്നയാൾ ഇപ്പോൾ ജീവിക്കുന്നത് പക്ഷേ, അന്നാട്ടിലല്ല. ഇംഗ്ലണ്ടിലാണ്. നൂറുമേനി കൊയ്യുന്നത് അവിടത്തെ പുൽമൈതാനങ്ങളിലാണ്. അയാളുടെ വിളവ് പഴങ്ങളോ പച്ചക്കറികളോ അല്ല. ഗോളുകളാണ്. പേര് എർലിങ് ബ്രോത്ത് ഹാലൻഡ്!

നോർവീജിയൻ ലീഗിലെ മത്സരദിവസങ്ങളിൽ ബ്രൈൻ എഫ്.കെയുടെ മൈതാനത്തേക്ക് ട്രാക്ടറിൽ കൂട്ടത്തോടെ എത്തിയിരുന്ന അയൽക്കാർക്കും ആരാധകർക്കും മുന്നിലായിരുന്നു ഹാലൻഡിന്റെ ഗോൾമേളങ്ങളുടെ തുടക്കം. അതു പിന്നീട് ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിന്റെ റെഡ്ബുൾ അരീനയും ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സിഗ്നൽ ഇദുന പാർക്കും പിന്നിട്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തിലെത്തിനിൽക്കുന്നു. കൊയ്ത്തുത്സവം ഇനി ന‍ടക്കാൻപോകുന്നത് അമേരിക്കയിലെ ലോകകപ്പ് മൈതാനങ്ങളിലാണ്.

യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഇറ്റലി ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഒന്നാമൻമാരായിട്ടായിരുന്നു നോർവേയുടെ ലോകകപ്പ് പ്രവേശം. ഓസ്‌ലോയിലെ സ്വന്തം മൈതാനത്ത് നോർവേ ഇറ്റലിയെ 3-0ത്തിനു തോൽ‌പിച്ചപ്പോൾ ഒരു ഗോൾ ഹാലൻഡിന്റെ വകയായിരുന്നു. പിന്നീട് മിലാനിലെ സാൻസിറോയിൽ 4-1ന് അസ്സൂറിപ്പടയെ നാണംകെടുത്തിയപ്പോൾ രണ്ടു ഗോളും. യോഗ്യതാ റൗണ്ടിലെ എട്ട് കളികളിലായി നോർവേ അടിച്ചുകൂട്ടിയ 37 ഗോളുകളിൽ പതിനാറെണ്ണം ഹാലൻഡിന്റെ ബൂട്ടിൽനിന്നായിരുന്നു. മാർട്ടിൻ ഒഡെഗാർഡും അലക്സാണ്ടർ സോർലോത്തും ഉൾപ്പെടെ മികച്ച താരങ്ങൾ പിന്നെയും ടീമിലുണ്ടെങ്കിലും കാൽ നൂറ്റാണ്ടിനു ശേഷം ലോകകപ്പിനു വരുമ്പോൾ നോർവേ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്നത് ഹാലൻഡിന്റെ ബൂട്ടുകളിൽതന്നെ. ഗ്രൂപ് ഘട്ടത്തിൽ എതിരാളികളായ ഫ്രാൻസും സെനഗാളും ഇറാഖും ഏറ്റവും ഭയക്കുന്നതും മറ്റൊന്നുമല്ല.

നോർവേയുടെ ഇദ്രെറ്റ്സ്‌ഗ്ലെദ്

എങ്ങനെയാണ് എർലിങ് ഹാലൻഡ് ഇത്രയധികം ഗോളുകളടിച്ചുകൂട്ടുന്നത്? നെഞ്ചുവിരിച്ചുനിന്നാൽ ഡിഫൻഡർമാർ നിരായുധരായിപ്പോകുന്ന ആറരയടിയോളം ഉയരമുള്ള ശരീരം എന്നതു മാത്രമല്ല അതിനുള്ള ഉത്തരം. ഹാലൻഡിനെപ്പോലൊരു ഗോളടി യന്ത്രത്തെ രൂപപ്പെടുത്തിയതിൽ നോർവേയിലെ തികച്ചും മാനുഷികമായ സ്പോർട്ടിങ് സിസ്റ്റത്തിനും വലിയ പങ്കുണ്ട്.

കുട്ടികളെ ചെറുപ്രായത്തിലേ പിടികൂടി കഠിനപരിശീലനം നൽകി അവരെ ലോകോത്തര അത്‌ലീറ്റുകളായി വാർത്തെടുക്കുന്ന ചൈനയുടെ ക്യാച്ച് ദെം യങ് മോഡലിനു വിപരീതമാണ് അത്. മത്സരസമ്മർദമില്ലാതെ കുട്ടികൾക്ക് എല്ലാ കളികളും ആസ്വദിക്കാൻ അവസരം നൽകുക എന്നതാണ് ‘ഇദ്രെറ്റ്സ്‌ഗ്ലെദ്’ എന്ന നോർവീജിയൻ കായികനയത്തിന്റെ കാതൽ. ‘ജോയ് ഓഫ് സ്പോർട്ട്’ എന്നാണ് ഈ നോർവീജിയൻ വാക്കിന് അർഥം. അണ്ടർ-13 പ്രായവിഭാഗം വരെ നോർവേയിൽ ഒരു കായികവിഭാഗത്തിലും ഔദ്യോഗിക മത്സരങ്ങളില്ല. പങ്കാളിത്തം മാത്രമേയുള്ളൂ. റാങ്കിങ്ങോ മെഡൽ പട്ടികകളോ ഇല്ലാത്ത ഈ സിസ്റ്റത്തിൽനിന്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റെക്കോഡുകളെല്ലാം തകർത്തു മുന്നേറുന്ന ഹാലൻഡിന്റെ പിറവി എന്നതിൽ അത്ഭുതം തോന്നാം.

നോർസ്ക്ടിപ്പിങ് എന്ന ദേശീയ ലോട്ടറിയുടെ ധനസഹായത്തോടെ നടത്തുന്ന പതിനായിരത്തിലേറെ പ്രാദേശിക ക്ലബുകൾ നോർവേയിലുണ്ട്. ചെറുപ്രായത്തിൽതന്നെ ഇത്തരം പ്രാദേശിക ക്ലബുകളിൽ ചേർന്ന് ഇഷ്ടമുള്ള കായിക ഇനങ്ങളിലെല്ലാം പരിശീലനം നേടാൻ നോർവേയിലെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. ഇങ്ങനെ മത്സരസമ്മർദമില്ലാതെ എല്ലാ കായിക ഇനങ്ങളും പരിചയപ്പെട്ട ശേഷമാണ് ഓരോരുത്തരും തങ്ങളുടെ ഇഷ്ടയിനം തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ ക്ലബ് ലീഡ്സ് യുനൈറ്റഡിന്റെ താരമായിരുന്ന ആൽഫീ ഹാലൻഡിന്റെയും ദേശീയ ഹെപ്റ്റാത്‌ലൺ താരമായ ഗ്രൈ മാരിറ്റ ബ്രോത്തിന്റെയും മകൻ എർലിങ് ചെറുപ്പത്തിൽ ഫുട്ബാളിൽ മാത്രമല്ല പരിശീലനം നേടിയത്. കാർഷിക പട്ടണമായ ബ്രൈനിലെ ക്ലബിൽ, ഹാൻഡ്ബാൾ, ഗോൾഫ്, അത്‌ലറ്റിക്സ്, സ്കീയിങ് എന്നിവയെല്ലാം പയറ്റിത്തെളിഞ്ഞതിനു ശേഷമാണ് ഹാലൻഡ് ഫുട്ബാളിൽ നിലയുറപ്പിക്കുന്നത്. മൈതാനത്ത് ഡിഫൻഡർമാർക്കു പിടികൊടുക്കാതെ കുതിക്കുന്ന ഹാലൻഡിന്റെ ചലനങ്ങളിൽ ഈ കായിക ഇനങ്ങളുടെയെല്ലാം സ്വാധീനം കാണാനാവുന്നത് വെറുതെയാണോ..

പദ്മാസനത്തിലെ പന്തുകളിക്കാരൻ

അത്‌ലീറ്റുകളായ മാതാപിതാക്കളിൽനിന്നു കിട്ടിയ ജനിതക ഗുണത്തിനും രാജ്യത്തെ കായികാന്തരീക്ഷം നൽകിയ അവസരങ്ങൾക്കുമൊപ്പം സ്വന്തം ശരീരത്തെയും മനസ്സിനെയും പരിപാലിക്കാൻ കാണിക്കുന്ന നിഷ്കർഷ കൂടിയാണ് ഹാലൻഡിന്റെ വിജയരഹസ്യം. വിവിധ ഇലവർഗങ്ങൾ ചേർത്തുള്ള പാൽ ആണ് ഹാലൻഡിന്റെ മാജിക് ഡ്രിങ്ക്. മേപ്പിൾ സിറപ്പ് ചേർത്തുള്ള കോഫി, സോർഡോ ബ്രഡും ബുൾസ് ഐയും, സീ ബാസ് മത്സ്യം ചേർത്തുള്ള ഫ്രൈഡ് റൈസ്, ബീഫ് സ്റ്റീക്കും ഉരുളക്കിഴങ്ങും, ഒലിവ് ഓയിൽ ചാലിച്ച ഗ്രീൻ സാലഡ്, ബ്രിസ്കറ്റ് ടാക്കോസ് തുടങ്ങിയ തന്റെ ഭക്ഷണ ശീലങ്ങളും ആറു മാസം മുമ്പ് തുടങ്ങിയ യൂട്യൂബ് ചാനലിലെ ആദ്യ വിഡിയോയിലൂടെ ഹാലൻഡ് വെളിപ്പെടുത്തിയിരുന്നു. ശാരീരികപോഷണത്തിൽ പോലെ മാനസികോല്ലാസത്തിലും ഹാളണ്ടിനു തന്റേതായ വഴികളുണ്ട്. ജീവിത പങ്കാളി ഇസബെല്ലയുമൊത്തുള്ള പാചകം, കൂട്ടുകാരുമൊത്തുള്ള മ്യൂസിക് വിഡിയോകൾ തുടങ്ങിയവയെല്ലാം പ്രധാനമായി കാണുന്ന ഹാലൻഡിന്റെ മറ്റൊരു നല്ല ശീലം ലോകം അറിഞ്ഞത് ഗോളടിച്ചതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആഘോഷത്തിലൂടെയാണ്.

മൈതാനത്ത് ചമ്രം പടിഞ്ഞിരുന്ന് വിരലുകൾകൊണ്ട് മുദ്ര കാണിച്ചുള്ള പദ്മാസനമാണത്. യോഗ ഉൾപ്പെടെയുള്ള ധ്യാനരീതികളിൽ ഏറെ താൽപര്യം കാണിക്കുന്ന ഹാലൻഡ് അവ തനിക്കു നൽകുന്ന പോസിറ്റിവിറ്റിയെക്കുറിച്ച് പറഞ്ഞതിങ്ങനെ: ‘‘ഗോൾ അവസരങ്ങൾ നഷ്ടമാവുമ്പോൾ ഞാൻ അധികം നിരാശപ്പെടാറില്ല. കാരണം, അടുത്ത അവസരം നഷ്ടപ്പെടുന്നതിനും അതിടയാക്കും.’’ പദ്മാസനത്തിലെ ഈ ഹാലൻഡിനെ എത്ര തവണ മൈതാനത്തു കാണും എന്നതിനെ ആശ്രയിച്ചാകും അമേരിക്കൻ ലോകകപ്പിൽ നോർവേയുടെ കുതിപ്പ്.