റൺറിച്ച് ഹൈദരാബാദ്; പഞ്ചാബിനെ 33 റൺസിന് തോൽപിച്ച് ഒന്നാമത്

അ​ർ​ധ ശ​ത​കം നേ​ടി​യ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ബാ​റ്റ​ർ ഹെൻറി​ച് ക്ലാ​സ​ൻ

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 33 റൺസ് വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ നാല് വിക്കറ്റിന് 235 റൺസെടുത്തപ്പോൾ പഞ്ചാബിന്റെ ഇന്നിങ്സ് ഏഴിന് 202ൽ അവസാനിച്ചു. ഹെൻറിച് ക്ലാസന്റെയും (43 പന്തിൽ 69) ഇഷാൻ കിഷന്റെയും (32 പന്തിൽ 55) അർധ ശതകങ്ങളാണ് ആതിഥേയ ഇന്നിങ്സിന് കരുത്തേകിയത്. പഞ്ചാബിനായി കൂപ്പർ കൊണോലി (59 പന്തിൽ 107*) ഒറ്റക്ക് പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

നേരത്തേ, അഭിഷേക് ശർമ-ട്രാവിസ് ഹെഡ് ഓപണിങ് കൂട്ടുകെട്ട് ഹൈദരാബാദിന് മികച്ച തുടക്കം നൽകി. 13 പന്തിൽ 35 റൺസടിച്ച അഭിഷേകിനെ നാലാം ഓവറിൽ ലോക്കീ ഫെർഗുസൻ മടക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ക്യാച്ചെടുക്കുകയായിരുന്നു. 54ൽ ആദ്യ വിക്കറ്റ്. ഹെഡും ഇഷാനും ചേർന്ന് രണ്ടാം വിക്കറ്റിൽ അടി തുടർന്നു. 19 പന്തിൽ 38 റൺസെടുത്ത ഹെഡ് ഏഴാം ഓവറിൽ പുറത്ത്. യുസ്വേന്ദ്ര ചാഹലിന്റെ പന്തിൽ മാർകോ യാൻസൻ പിടിക്കുമ്പോൾ സ്കോർ ബോർഡിൽ 84. ഇഷാന് കൂട്ടായി ക്ലാസനെത്തിയതോടെ ഹൈദരാബാദ് തിരിഞ്ഞുനോക്കിയില്ല.

14ാം ഓവറിൽ സ്കോർ 150ഉം കടന്ന് മുന്നോട്ട്. നേരിട്ട 28ാം പന്തിൽ ഇഷാൻ സീസണിലെ മറ്റൊരു അർധ ശതകം കുറിച്ചു. രണ്ട് ഫോറും നാല് സിക്സും ചേർന്ന ഇന്നിങ്സിന് 15ാം ഓവറിൽ അർഷ്ദീപ് സിങ് അന്ത്യമിട്ടു. സൂര്യാൻഷ് ഷെഡ്ജെ ക്യാച്ചെടുത്തു. സ്കോർ മൂന്നിന് 172. അടുത്തത് ക്ലാസൻ-നിതീഷ് കുമാർ റെഡ്ഡി ജോടിയുടെ ഊഴം. 17 ഓവർ പൂർത്തിയാക്കിയതിന് പിന്നാലെ 200ലെത്തി സൺറൈസേഴ്സ്. 32 പന്തിൽ 50 കടന്ന ക്ലാസൻ ഡെത്ത് ഓവറുകളിൽ നിതീഷിനൊപ്പം കസറി. 20ാം ഓവറിലെ അവസാന പന്തിൽ വിജയകുമാർ വൈശാഖിനെതിരെ ലോങ് ഓഫിൽ സിക്സറിന് ശ്രമിച്ച് യാൻസന്റെ കൈകളിലൊതുങ്ങുകയായിരുന്നു ക്ലാസൻ.