ലോക ഫുട്ബാൾ മാമാങ്കവും രാഷ്ട്രീയ കളികളും…

കാൽപന്തുകളിയുടെ വിശ്വകായിക മാമാങ്കത്തിന് ആഴ്ചകളുടെ ദൂരം മാത്രം. യു.എസും മെക്സികോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1930ൽ തുടങ്ങിയ വിശ്വപോരാട്ടത്തിന്റെ 23ാം പതിപ്പാണ് നടക്കാൻ പോകുന്നത്. കേവലമായ കായിക വിനോദം എന്നതിലുപരി അതാത് കാലത്തെ രാഷ്ട്രീയവും ലോകകപ്പിനെ സ്വാധീനിക്കാറുണ്ട്.
1904ലാണ് ഫിഫ രൂപവത്കരിക്കുന്നത്. ലോകകപ്പ് യഥാർഥ്യമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നത് 1921 മുതൽ 1953 വരെ ഫിഫയുടെ പ്രസിഡന്റ് ആയിരുന്ന യുൾ റിമെയുടെ പ്രവർത്തനങ്ങളാണ്. പ്രഥമ ലോകകപ്പ് നടക്കുന്ന സമയവും ലോക രാഷ്ട്രീയം സങ്കീർണമായിരുന്നു. ഒന്നാം ലോക മഹാ യുദ്ധാനന്തരം പുതിയ രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കുന്ന സമയം, 1930ലാണ് ആദ്യ ലോകകപ്പ് വരുന്നത്. സൈനിക കരുത്തും അധികാരവും ഉപയോഗിച്ച് ആദ്യ ഫുട്ബാൾ ലോകകപ്പ് ഇറ്റലിയിലേക്ക് എത്തിക്കാൻ മുസോളിനി ശ്രമിച്ചിരുന്നു. എന്നാൽ അക്കാലത്തെ മികച്ച ടീമുകളിലൊന്നായ യുറുഗ്വായിൽ വെച്ച് നടത്താനാണ് യുൾറിമെ തീരുമാനിച്ചത്. മുസോളിനിയെ പേടിച്ച് യൂറോപ്പിലെ പല രാജ്യങ്ങളും പ്രഥമ ലോകകപ്പിൽ പങ്കെടുത്തില്ല. അവർ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറി. 1930ൽ നടന്ന പ്രഥമ ലോകകപ്പിൽ യുറുഗ്വായ് തന്നെ ജേതാക്കളായി. ഇനിയൊരു ലോകകപ്പ് നടത്തുന്നുവെങ്കിൽ അത് ഇറ്റലിയിലായിരിക്കുമെന്ന് മുസോളിനി പ്രഖ്യാപിച്ചു.
ഫിഫ ഇറ്റലിക്കെതിരെയായിരുന്നു. പക്ഷെ സമ്മർദം മൂലം 1934ലെ രണ്ടാമത്തെ ലോകകപ്പ് ഇറ്റലിയിൽ നടത്തേണ്ടി വന്നു. തങ്ങൾ വേദിയായ പ്രഥമ ലോകകപ്പിൽ യൂറോപ്യൻ ടീമുകൾ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് യുറുഗ്വായ് ഇറ്റലിയിലെ ലോകകപ്പ് ബഹിഷ്കരിച്ചു. എതിർ ടീമിലെ കളിക്കാരെ റാഞ്ചിയും റഫറിയെ വിലക്ക് വാങ്ങിയും 1934ലെ ലോകകപ്പ് മുസോളിനി തന്നെ നേരിട്ട് നിയന്ത്രിച്ചു. മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന ഇറ്റലി-ഓസ്ട്രിയ സെമി ഫൈനൽ തുടങ്ങുന്നതിനു മുമ്പ് സ്വീഡിഷുകാരനായ റഫറി ഇവാൻ ഐക്ലിൻഡ് മുസോളിനിയുമായി കൂടിക്കാഴ്ച നടത്തി. അങ്ങനെ അദ്ദേഹം ഇറ്റലിയുടെ 12ാമനായി കളി നിയന്ത്രിച്ചു. ഫൈനലിലും ഇതേ റഫറിയായിരുന്നു. മത്സരത്തിന് തലേ ദിവസം റോമിൽ മുസോളിനിയുടെ പാലസിൽ അത്താഴവിരുന്നിനെത്തിയ റഫറി കിരീടവും ഫുട്ബാളിന്റെ അന്തസ്സും അടിയറവ് വെച്ചുവെച്ചുവെന്ന് പ്രമുഖ ഇറ്റാലിയൻ ചരിത്രക്കാരൻ ജോൺ മക്കിൻഹോഷ് ഫൂട്ട് പറയുന്നു.
1938ലെ ഫ്രാൻസ് ലോകകപ്പിന്റെ തൊട്ടു മുമ്പാണ് നാസി ജർമനി ഓസ്ട്രിയയെ അധീനത്തിലാക്കുന്നത്. അതോട് കൂടി ഓസ്ട്രിയൻ താരങ്ങൾ ജർമനിക്ക് വേണ്ടി പന്തുതട്ടാൻ നിർബന്ധമായി. മുസോളിനിയും ഹിറ്റ്ലറും ഏറെ ശക്തിയാർജിച്ച കാലഘട്ടമായതിനാൽ ടൂർണമെന്റിൽ ഉടനീളം ഫാഷിസ്റ്റ് കുപ്രചാരണം മുഴച്ചു നിന്നു. ഫ്രാൻസ് അക്കാലത്ത് ഫാഷിസ്റ്റ് വിരുദ്ധ ചേരിയിലായിരുന്നതിനാൽ ഫ്രഞ്ച് കാണികൾ ഇറ്റലിയോട് പരസ്യമായി ശത്രുത പ്രകടിപ്പിച്ചു. സ്റ്റേഡിയങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഇടങ്ങളാക്കി മാറ്റി. മുസോളിനിയുടെ സ്വാധീനം ഈ ലോകകപ്പിലും ഇറ്റലി വിജയിക്കുന്നതിൽ നിർണായകമായിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. ഫൈനലിൽ ഇറ്റലി ഹംഗറിക്കെതിരെ മത്സരിക്കാൻ തുടങ്ങുന്നതിനു മുമ്പ് അവരെ തേടി റോമിൽ നിന്ന് ഒരു ടെലിഗ്രാം സന്ദേശമെത്തി. ‘ജയിക്കുക അല്ലെങ്കിൽ മരിക്കുക’. മുസോളിനിയുടേതായിരുന്നു ആ വാക്കുകൾ. കിരീടമില്ലാതെ റോമിലേക്ക് ഒരു മടക്കമില്ലെന്ന് ഇറ്റാലിയൻ കളിക്കാർ ഉറപ്പിച്ചു. കളിയിൽ 4-2ന് ഇറ്റലി വിജയിച്ചു. ‘നാല് ഗോളുകൾ വഴങ്ങിയെങ്കിലും ഒരുപിടി ജീവനുകൾ രക്ഷിച്ചതിന്റെ ആത്മനിർവൃതി അന്നത്തെ ഹംഗേറിയൻ ഗോൾകീപ്പറായിരുന്ന അന്റൽ സബോക്ക് ലോകത്തോട് പങ്കുവെച്ചു. മുസോളിനിയുടെ ഫാഷിസ്റ്റ് ഭരണകൂടം ഫുട്ബാളിനെ തോക്കിൻമുനയിൽ അടക്കി ഭരിച്ചതിന്റെ തെളിവായി സബോക്കിന്റെ വാക്കുകളെ ലോകം ഏറ്റുപാടി. 1958ലെ സ്വീഡൻ ലോകകപ്പിനു മുന്നോടിയായിട്ടുള്ള യോഗ്യത മത്സരങ്ങളിൽനിന്ന് പല ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ പിന്മാറിയിരുന്നു. ഫലസ്തീനിൽ അതിക്രമം നടത്തുന്ന ഇസ്രായേലിനെ യോഗ്യത മത്സരങ്ങൾക്ക് അവസരം നൽകി ഫിഫയുടെ തീരുമാനത്തിനെതിരെയാണ് ഈജിപ്ത്, ഇന്തോനേഷ്യ, സുഡാൻ തുടങ്ങിയ രാഷ്ട്രങ്ങൾ പിന്മാറാൻ തീരുമാനിച്ചത്. വെയ്ൽസിനെതിരെ യോഗ്യത മത്സരത്തിൽ തോറ്റതോടു കൂടി ഇസ്രായേലിന് ലോകകപ്പിൽ പങ്കെടുക്കാനായില്ല.
തികഞ്ഞ വംശീയ ബോധത്തോടെ ഫിഫ മുന്നോട്ട് പോയിട്ടുണ്ട് എന്നുള്ളത്തിനുള്ള തെളിവാണ് 1966ലെ ഇംഗ്ലണ്ട് ലോകകപ്പ്. യൂറോപ്പിൽനിന്ന് 10 ടീമുകൾക്കും ദക്ഷിണ അമേരിക്കയിൽനിന്ന് നാലു ടീമുകൾക്കും അവസരം ലഭിച്ചപ്പോൾ ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളിൽനിന്ന് ആകെ ഒരു ടീമിനു മാത്രമേ അവസരം ലഭിച്ചിരുന്നുള്ളു. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് ആഫ്രിക്കൻ രാജ്യങ്ങളൊന്നും യോഗ്യത മത്സരത്തിന് തയാറായില്ല. ആഫ്രിക്കയിൽനിന്ന് ഒരു ടീമിനു അവസരം നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. ആകെയുണ്ടായിരുന്ന ഒരു സ്ലോട്ടിൽ നോർത്ത് കൊറിയയാണ് ആ ലോകകപ്പിൽ മത്സരിച്ചത്. പക്ഷേ 1970ലെ മെക്സികോ ലോകകപ്പിൽ ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ ഈ ആവശ്യത്തെ ഫിഫക്ക് ഉൾകൊള്ളേണ്ടി വന്നു.
1966ൽ തന്നെ 1978ലെ ലോകകപ്പ് അർജന്റീന ആതിഥേയത്വം വഹിക്കുമെന്ന് തീരുമാനിച്ചതായിരുന്നു. ലോകകപ്പിന് രണ്ടു വർഷം മുമ്പ് അർജന്റീനയിൽ പട്ടാള അട്ടിമറി നടക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ജോർജ് റാഫേൽ വിദേലയാണ് ഭരണം കൈയാളിയത്. അർജന്റീന കണ്ട എക്കാലത്തെയും ക്രൂരനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. 1978ലെ ലോകകപ്പിനെ തന്റെ ഭരണത്തിൽ നടക്കുന്ന മനുഷ്യ കുരുതിയെ മറച്ചു വെക്കാൻ അദ്ദേഹം ഉപയോഗപ്പെടുത്തി. ലോകകപ്പ് നടക്കുമ്പോഴും വലിയ രീതിയിലുള്ള പീഡനങ്ങൾക്കും ആക്രമങ്ങൾക്കുമാണ് അർജന്റീന സാക്ഷ്യം വഹിച്ചത്. നെതർലാൻഡ്സ് പോലെയുള്ള രാജ്യങ്ങൾ ഈ ലോകകപ്പിൽ പങ്കെടുക്കില്ല എന്ന ശ്രുതി പടർന്നെങ്കിലും അവസാനം പങ്കെടുക്കുകയാണുണ്ടായത്. നെതർലാൻഡ്സിന്റെ എക്കാലത്തെയും മികച്ച താരമായ യൊഹാൻ ക്രൈഫ് ലോകകപ്പിൽനിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. മത്സരങ്ങളിൽ പോലും ജോർജ് റാഫേൽ വിദേലയുടെ പട്ടാളം ഇടപ്പെട്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. അർജന്റീന ആദ്യമായി ജേതാക്കളായതും ഈ ലോകകപ്പിലായിരുന്നു.
ഫിഫ ലോകകപ്പിലെ ‘Disgrace of Gijon’ എന്ന പേരിൽ അറിയപ്പെടുന്ന ചരിത്രപരമായ മത്സരം നടന്നത് 1982ലെ സ്പാനിഷ് ലോകകപ്പിലായിരുന്നു. അൾജീരിയ തങ്ങളുടെ ആദ്യ മത്സരത്തിൽ പശ്ചിമ ജർമനിയെ പരാജയപ്പെടുത്തി ഏവരെയും അതിശയപ്പെടുത്തി. ഈ ജയത്തോടെ ഫിഫ ലോകകപ്പിൽ ഒരു യൂറോപ്യൻ ടീമിനെ തോൽപിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായും അൾജീരിയ മാറി. രണ്ടാമത്തെ മത്സരത്തിൽ ഓസ്ട്രിയയോട് 0-2ന് തോറ്റെങ്കിലും അടുത്ത മത്സരത്തിൽ ചിലിക്കെതിരെ 3-2ന് അൾജീരിയ വിജയിച്ചു. ഈ ജയത്തോടെ, ഒരു ലോകകപ്പിലെ രണ്ടു മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന റെക്കോഡും അൾജീരിയ സ്വന്തമാക്കി. പശ്ചിമ ജർമനി-ഓസ്ട്രിയ മത്സരത്തിന്റെ തലേന്നായിരുന്നു അൾജീരിയയുടെ അവസാന ഗ്രൂപ്പ് മത്സരം. പശ്ചിമ ജർമനി-ഓസ്ട്രിയ മൽസരത്തിൽ വിജയിക്കുന്ന ടീം നേടുന്ന ഗോളിന്റെ അടിസ്ഥാനത്തിലായിരുന്നു അൾജീരിയ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടേണ്ടിയിരുന്നത്. ആകാംക്ഷ നിറഞ്ഞ ആ മത്സരത്തിൽ പശ്ചിമ ജർമനി ഒരു ഗോൾ മാത്രമാണ് നേടിയത്. മത്സരം പുരോഗമിക്കുന്തോറും കളി മോശമാകുന്നതും ഇരു ടീമുകളും ഗോൾ നേടാനുള്ള ശ്രമങ്ങളൊന്നും നടത്താതിരിക്കുന്നതും വ്യക്തമായിരുന്നു. ആ മത്സരത്തിൽ പശ്ചിമ ജർമനി 1-0ന് വിജയിച്ചു. ഇരു ടീമുകളും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയും അൾജീരിയ പുറത്താവുകയും ചെയ്തു. രണ്ടു യൂറോപ്യൻ രാജ്യങ്ങളും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിന് പശ്ചിമ ജർമനിയും ഓസ്ട്രിയയും ഒത്തു കളിച്ചതാണെന്ന വാദം ഉയർന്നു. ഇതിനെ തുടർന്നാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഒരുമിച്ച് നടത്താൻ ഫിഫ തീരുമാനിക്കുന്നത്.
1986ലെ മെക്സികോ ലോകകപ്പിലെ അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ ലോകകപ്പ് ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട പോരാട്ടങ്ങളിൽ ഒന്നാണ്. അർജന്റീനയും ബ്രിട്ടനും തമ്മിൽ നടന്ന ഫോക്ക്ലാൻഡ്സ് യുദ്ധത്തിന്റെ പശ്ചാത്തലമാണ് ഈ മത്സരത്തെ ശ്രദ്ധേയമാക്കിയത്. അർജന്റീനയും ബ്രിട്ടനും തമ്മിൽ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഫോക്ക്ലാൻഡ്സ് ദ്വീപിന്റെ അധികാര അവകാശത്തെച്ചൊല്ലി 1982ൽ ഏർപ്പെട്ട യുദ്ധമാണ് ഫോക്ക്ലാൻഡ്സ് യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നത്. ഇരു കൂട്ടർക്കും ഈ മത്സരം അഭിമാന പോരാട്ടമായി. മത്സരത്തിൽ ഡീഗോ മറഡോണയുടെ രണ്ടു ഗോളുകളുടെ പിൻബലത്തിൽ അർജന്റീന ജയിച്ചു. ‘ദൈവത്തിന്റെ കൈ’യും ‘നൂറ്റാണ്ടിന്റെ ഗോളും’ പിറന്നത് ഈ മത്സരത്തിലാണ്. അത് കൊണ്ട് തന്നെ ഇന്നും ഈ മത്സരം ഏറെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഈതോട് കൂടി മറഡോണ ഒരു രാഷ്ട്രീയ ഐകൺ കൂടിയായി മാറി. മറഡോണയെ പോലെ ഒരു രാഷ്ട്രീയ ഐകണെ ഫുട്ബാളിന് പിന്നീട് ലഭിച്ചിട്ടില്ല. ഫോക്ക്ലാൻഡ്സ് യുദ്ധത്തിൽ തോറ്റിരുന്നെങ്കിലും കളിക്കളത്തിൽ ജയിക്കാനായത് അർജന്റീനക്ക് അഭിമാനം നല്കി.
ഫിഫ വിവിധ ഘട്ടങ്ങളിൽ രാജ്യങ്ങളെ തങ്ങളുടെ മത്സരങ്ങളിൽനിന്ന് വിലക്കാറുണ്ട്. ഈ വിലക്കുകൾ ലോകകപ്പ് മത്സരങ്ങൾക്കും യോഗ്യത മത്സരങ്ങൾക്കും ബാധകമാണ്. അത്തരത്തിൽ ഏറ്റവും വലിയ വിലക്ക് നേരിടേണ്ടി വന്നിട്ടുള്ളത് ദക്ഷിണാഫ്രിക്കക്കാണ്. 1961 മുതൽ 1992 വരെ അവരുടെ വിലക്ക് തുടർന്നു. ദക്ഷിണാഫ്രിക്കയിൽ ഭരണകൂടം നടപ്പാക്കിയിരുന്ന വർണ വിവേചനം മൂലമാണ് അവർക്ക് ഈ വിലക്ക് നേരിടേണ്ടി വന്നത്. 1992ൽ യൂഗോസ്ലാവിയയെയും ഫിഫ വിലക്കി. യുഗോസ്ലാവ് യുദ്ധകാലത്തെ ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങൾ കാരണമായിരുന്നു ഈ വിലക്ക്. 2022 മുതൽ റഷ്യയും വിലക്ക് നേരിട്ടു കൊണ്ടിരിക്കുകയാണ്. യുക്രെയ്നുമായുള്ള യുദ്ധമാണ് റഷ്യക്ക് തിരിച്ചടിയായത്. എന്നാൽ നീണ്ട കാലമായി ഫലസ്തീനിൽ വംശഹത്യ നടത്തി കൊണ്ടിരിക്കുന്ന ഇസ്രായേലിനെതിരെ ഫിഫ യാതൊരു നടപടിയും എടുക്കാത്തത് അവരുടെ ഇരട്ട നിലപാട് വ്യക്തമാക്കുന്നു.
2026ലേക്ക് എത്തുമ്പോൾ കാര്യങ്ങൾ വളരെ സങ്കീർണമാണ്. ലോകത്തെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായി ഇസ്രായേൽ മാറിയിരിക്കുന്ന സാഹചര്യത്തിൽ അവരെ താലോലിക്കുന്ന നിലപാടാണ് ഫിഫ കൈകൊള്ളുന്നത്. സ്പെയിൻ അടക്കമുള്ള രാഷ്ട്രങ്ങൾ ഇസ്രായേലിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടു ഫിഫയിൽ സമ്മർദം ചെലുത്തിയിരുന്നു. ഇസ്രായേൽ ലോകകപ്പിനു യോഗ്യത നേടിയാൽ തങ്ങൾ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് സ്പെയിനിലെ രാഷ്ട്രീയ നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിനു തങ്ങൾ ഇല്ല എന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ഇറാൻ പിന്നീട് മത്സരങ്ങൾ മെക്സികോയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. പക്ഷേ അത് അംഗീകരിക്കാനാവില്ല എന്നാണ് ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫന്റീനോ വ്യക്തമാക്കിയത്. ഇറാൻ ലോകകപ്പിൽ കളിക്കുമെന്നു ഇൻഫന്റീനോ ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നാൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത് സുരക്ഷ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഇറാൻ ലോകകപ്പിനു വരാതെ ഇരിക്കുന്നതാവും നല്ലതെന്നാണ്. ഇറാനു പകരം യോഗ്യത നേടാനാവാതെ പോയ ഇറ്റലിയെ ലോകകപ്പിൽ ഉൾപ്പെടുത്താനുള്ള താല്പര്യങ്ങളും അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. എന്നാൽ വൃത്തികെട്ട ഈ പണിക്ക് തങ്ങളില്ലയെന്ന് ഇറ്റാലിയൻ പ്രതിനിധികൾ മറുപടി നൽകി. അമേരിക്കയിൽ വിശ്വമേളക്ക് പന്തുരുളുമ്പോൾ അതിൽ ഇറാൻ ഉണ്ടാകുമെന്ന് തന്നെയാണ് ഇറാനിയൻ ഭരണകൂടവും പറയുന്നത്. ബഹിഷ്കരണത്തിന് പകരം പുതിയൊരു രാഷ്ട്രീയ പോരാട്ടമായി കൂടി അവർ അതിനെ നോക്കി കാണുന്നു. ഇറാനിൽ നിന്ന് യാത്രതിരിക്കുന്ന അവരുടെ താരങ്ങൾക്ക് വമ്പിച്ച യാത്രയയപ്പ് നൽകാനും ഇറാനിയൻ ജനത മറന്നില്ല.
199 ലെ ഫ്രാൻസ് ലോകകപ്പിലാണ് ഇറാനും യു.എസും ആദ്യമായി വിശ്വമേളയിൽ തമ്മിൽ മാറ്റുരുക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള മത്സരം എന്ന നിലക്കാണ് ആ മത്സരത്തെ ലോകം വിശേഷിപ്പിച്ചത്. 1979ലെ ഇറാനിയൻ വിപ്ലവത്തെ തുടർന്ന് യു.എസുമായുള്ള ഇറാന്റെ ബന്ധം വഷളായിരുന്നു. കളിക്കളത്തിലും ഇരു രാജ്യങ്ങൾ തമ്മിൽ വലിയ സംഘർഷമുണ്ടാകുമെന്ന് വിചാരിച്ചിരുന്ന മത്സരം വളരെ സമാധാനത്തിൽ പൂർത്തീകരിക്കാനായി. കളിയിൽ 2-1നു ഇറാൻ വിജയിച്ചതോടെ അത് അവരുടെ ആദ്യ ലോകകപ്പ് വിജയമായി മാറി. 2022ൽ ഖത്തറിൽ ഇരുവരും ഒരിക്കൽ കൂടി ഏറ്റുമുട്ടിയപ്പോൾ വിജയം യു.എസിനൊപ്പമായിരുന്നു.
ഫിഫ പൊതുവെ നയതന്ത്രത്തിൽ മികവ് പുലർത്തുന്നവരാണെന്നാണ് പറയാറുള്ളത്. എന്നാലും സാമ്രാജിത്വത്തോടുള്ള അവരുടെ വിധേയത്വം പലപ്പോഴും പ്രകടമാകാറുണ്ട്. 2025ന്റെ അവസാനത്തിൽ ഫിഫ സമാധാന പുരസ്കാരം എന്ന പേരിൽ ഒരു പുതിയ പുരസ്കാരം കൊണ്ട് വരികയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഥമ ജേതാവാകുകയും ചെയ്തതോടെ അവരുടെ വിരോധാഭാസം വീണ്ടും തെളിയിക്കപ്പെടുന്നു. ഈ വർഷം വാൻകൂവറിൽ വെച്ച് നടന്ന ഫിഫ കോൺഗ്രസിൽ ഫലസ്തീൻ പ്രതിനിധിയെയും ഇസ്രായേൽ പ്രതിനിധിയെയും ഒരുമിച്ചു വേദിയിലേക്ക് ക്ഷണിക്കുകയും അവർ പരസ്പരം ഹസ്തദാനം നടത്താൻ ജിയോനി ഇൻഫന്റീനോ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഫലസ്തീൻ പ്രതിനിധി അത് നിരസിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു. അത് നടന്നിരുന്നെങ്കിൽ ലോക നേതാക്കൾക്ക് പോലും സാധിക്കാത്തത് തനിക്ക് പറ്റിയെന്നും അതിനാൽ ഇനിയെന്നും ഫിഫയുടെ അധ്യക്ഷനായി തുടരാമെന്നുമുള്ള ഇൻഫന്റീനോയുടെ വ്യാമോഹങ്ങൾക്കാണ് ഫലസ്തീൻ ഫുട്ബാൾ ഫെഡറേഷന്റെ പ്രസിഡന്റ് കൂടിയായ ജിബരിൽ റജബ് അടി നൽകിയത്. ഭൗമരാഷ്ട്രീയവുമായി ഈ ലോകകപ്പ് എങ്ങനെ ഇടപെടും എന്നുള്ളത് തന്നെയാണ് ഈ ലോകകപ്പിനു ആകാംക്ഷ നൽകുന്നത്. ആ വിശ്വമേളക്കായി ദിവസങ്ങൾ എണ്ണി കാത്തിരിക്കാം.
