പെരുന്നാൾ തിരക്കിലമർന്ന് പൊന്നാനിയിലെ ടൂറിസം കേന്ദ്രങ്ങൾ

പൊന്നാനി: അറബിക്കടലിന്റെ മനോഹാരിതയും നിളയുടെ വശ്യസൗന്ദര്യവും തിലകക്കുറി ചാർത്തുന്ന പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ഉണർവേകി പെരുന്നാൾ ദിനത്തിൽ സഞ്ചാരികളുടെ തിരക്ക്.ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന പൊന്നാനി കടൽ തീരത്ത് ജില്ലയുടെ വിവിധയിടങ്ങളിൽനിന്നും അയൽജില്ലകളിൽനിന്നും നിരവധി പേരാണ് എത്തുന്നത്.

സംസ്ഥാനത്തെ നീളമേറിയ പുഴയോരപാതയായ കർമ റോഡിലും ബിയ്യം കായലോരത്തും സഞ്ചാരികൾ എത്തി. കർമറോഡും പാലവും യാഥാർഥ്യമായതോടെ ടൂറിസ്റ്റ് ബോട്ടുകളിലേക്കും കായൽ സൗന്ദര്യമാസ്വദിക്കാനുമായാണ് ആയിരങ്ങൾ എത്തിയത്. പൗരാണിക നഗരമായ പൊന്നാനിയെ പൈതൃക ടൂറിസത്തിനൊപ്പം വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികൾക്കും രൂപം നൽകണമെന്ന ആവശ്യമാണ് സഞ്ചാരികളുടെ ഒഴുക്ക് ഉയർത്തുന്നത്.

സംസ്ഥാനത്തെ 20 ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായി പൊന്നാനി ഇടംനേടി‌യെങ്കിലും ടൂറിസം പദ്ധതികൾ വിഭാവനം ചെയ്യുന്നതിലെ താമസം പൊന്നാനിയുടെ ടൂറിസം സാധ്യതകളെ പിന്നോട്ടടിക്കുകയാണ്. എന്നാൽ, സർക്കാർ പദ്ധതികൾ ഇഴഞ്ഞു നീങ്ങുമ്പോഴും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ടൂറിസം വികസനത്തിലേക്ക് നടന്നടുക്കുകയാണ് പൊന്നാനി.പൊന്നാനി ട്രയാങ്കിൾ ടൂറിസവും കനോലി കനാൽ പുനരുദ്ധാരണവും പൊന്നാനി ടൗണിലെ പൈതൃക വികസനവും യഥാർഥ്യമായാൽ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പൊന്നാനിക്ക് പ്രത്യേക ഇടം നേടാനാകും.