സഞ്ജു നായകനാകണം: ഗംഭീറിന്റെ ആവശ്യം തള്ളി സെലക്ടർമാർ; ടി-20 ക്യാപ്റ്റനായി ശ്രേയസ് എത്തിയേക്കും

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് വിജയത്തിനും ഐ.പി.എൽ 2026 സീസണിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിർണായക അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഫോം കണ്ടെത്താൻ വിഷമിക്കുന്ന സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ഇന്ത്യൻ ടി-20 ടീമിന്റെ നായകനായി ബി.സി.സി.ഐ നിയമിച്ചേക്കും. മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ കടുത്ത നിർദേശത്തെ മറികടന്നാണ് സെലക്ടർമാർ ശ്രേയസിന് നറുക്കിട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശനിയാഴ്ച നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതി ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലാകും പുതിയ നായകന് കീഴിൽ ടീം ഇന്ത്യ ഇറങ്ങുക. 2026ലെ ടി-20 ലോകകപ്പിലും, ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായും (13 ഇന്നിങ്സിൽ നിന്ന് 270 റൺസ്) പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നതാണ് സൂര്യകുമാറിന് തിരിച്ചടിയായത്. ഏഷ്യൻ ഗെയിംസിനുള്ള പ്രാഥമിക ടീമിൽ നിന്ന് തഴയപ്പെട്ട സൂര്യകുമാറിന് ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരകൾക്കുള്ള ടീമിലും ഇടംലഭിക്കാൻ സാധ്യതയില്ല. ഐ.സി.സി ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സെലക്ഷൻ കമ്മിറ്റിയുടെ മറ്റൊരു പ്രധാന തീരുമാനമാണിത്.
ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് എന്നീ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികളെ ഫൈനലിലെത്തിച്ച ഏക നായകൻ എന്ന മികച്ച റെക്കോർഡ് ശ്രേയസിനുണ്ട്. ടി-20 ഫോർമാറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ 94 മത്സരങ്ങളിൽ നിന്ന് 66 വിജയങ്ങളുമായി 60.43 ശതമാനം വിജയനിരക്കും താരത്തിന് സ്വന്തമാണ്.
റെക്കോർഡുകൾ തിരുത്തിക്കുറിച്ച് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നതാണ് മറ്റൊരു സുപ്രധാന വാർത്ത. ഐ.പി.എൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത് 776 റൺസോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ വൈഭവ് വരാനിരിക്കുന്ന പരമ്പരകളിൽ ദേശീയ കുപ്പായമണിഞ്ഞേക്കും.
ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെയും (16 വയസ്സും 205 ദിവസവും), ഷെഫാലി വർമയുടെയും (15 വയസ്സും 283 ദിവസവും) റെക്കോർഡുകൾ പഴങ്കഥയാകും. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രനേട്ടമാണ് വൈഭവിനെ കാത്തിരിക്കുന്നത്.
