സിജെപി പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി

 

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് ജന്തര്‍ മന്ദറില്‍ സിജെപി വലിയ പ്രതിഷേധം നടത്താനിരിക്കുന്നത്.

സിജെപി പ്രതിഷേധത്തിനെതിരെ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിഷേധത്തിന് ഒരു വലിയ ജനക്കൂട്ടം എത്തുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി തീരുമാനമെടുക്കുകയായിരുന്നു.

 

നാളെയാണ് പ്രതിഷേധം നടക്കുക. ഇതില്‍ പങ്കെടുക്കുന്നതിനായി സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു. അദ്ദേഹം നാളെ ഇന്ത്യയിലെത്തും. താന്‍ യാത്ര തിരിച്ചുവെന്നും ഇനി തന്റെ ഭാവി ഇന്ത്യന്‍ ഭരണഘടനയുടെ കൈയിലാണെന്നും എക്‌സിലൂടെ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി.

അഭിജിത്തിന്റെ സുരക്ഷയെക്കുറിച്ചും കനത്ത ആശങ്ക ഉയരുന്നുണ്ട്. അഭിജിത്തിന്റെ വീട്ടുകാര്‍ വീട്ടില്‍ നിന്ന് മറ്റൊരു സുരക്ഷിത ഇടത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തില്‍ തനിക്ക് സ്വീകരണം നല്‍കുന്നത് മറ്റ് യാത്രക്കാര്‍ക്കും വിമാനത്താവളത്തിലെ അധികൃതര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അത് ഒഴിവാക്കണമെന്നുമാണ് അദ്ദേഹം വിഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ നിന്നാണ് അഭിജിത്ത് ഇന്ത്യയിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *