ലോകകപ്പിൽ നിന്ന് സൗദി അറേബ്യ പുറത്തേക്ക്; പരാജയകാരണങ്ങൾ വ്യക്തമാക്കി പരിശീലകൻ ജോർജിയോസ് ഡോണിസ്

റിയാദ്: 2026 ലോകകപ്പ് ഫുട്​ബാളി​െൻറ ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങി സൗദി അറേബ്യൻ ദേശീയ ടീം പുറത്തായി. ഗ്രൂപ്പിൽ നിന്ന് വെറും രണ്ട് പോയിന്റുകൾ മാത്രം നേടിയ സൗദി നാലാം സ്ഥാനക്കാരായാണ് ടൂർണമെൻറിനോട് വിടപറഞ്ഞത്. അതേസമയം, ഈ സമനിലയോടെ മൂന്ന് പോയിന്റ് തികച്ച കേപ് വെർദെ, സ്പെയിനിന് പിന്നാലെ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

കേപ് വെർദെയുമായുള്ള നിർണായക മത്സരത്തിൽ സ്വന്തം ശൈലി പുറത്തെടുക്കാനോ കളിയിലെ താളം നിയന്ത്രിക്കാനോ ടീമിന് സാധിച്ചില്ലെന്ന് സൗദിയുടെ ഗ്രീക്ക് പരിശീലകൻ ജോർജിയോസ് ഡോണിസ് വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു. കളിക്കാർക്ക് ജയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. ഇത്തരം ഉയർന്ന നിലവാരമുള്ള ടൂർണമെൻറുകളിൽ കളി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിജയിക്കുക പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകകപ്പിൽ നിന്നുള്ള പുറത്താകലിന് ശേഷം ഡ്രെസ്സിങ്​ റൂമിൽ വെച്ച് കളിക്കാരോട് സംസാരിച്ച കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. തയ്യാറെടുപ്പ് കാലയളവിലും മത്സരങ്ങളിലും കളിക്കാർ പുലർത്തിയ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു. വളരെ കഠിനമായ ഒരു മാസത്തിലൂടെയാണ് കടന്നുപോയതെന്നും ലക്ഷ്യം കൈവരിക്കാനായില്ലെങ്കിലും എല്ലാ കളിക്കാർക്കും നന്ദി പറയുന്നതായും ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും ഡോണിസ് വ്യക്തമാക്കി.

ഭാവി പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ട് കോച്ചിങ്​ സ്​റ്റാഫ് ലോകകപ്പ് മത്സരങ്ങളെ ഗൗരവമായി കണ്ടില്ല എന്ന വിമർശനങ്ങൾ സൗദി പരിശീലകൻ ശക്തമായി നിഷേധിച്ചു. ഭാവിയെക്കുറിച്ചുള്ള ആലോചനകൾ കാരണം ലോകകപ്പിൽ ശ്രദ്ധക്കുറവുണ്ടായി എന്ന വാദത്തിൽ ഒട്ടും സത്യമില്ല. ഓരോ മത്സരത്തിനും വെവ്വേറെ തന്ത്രങ്ങളാണ് മെനഞ്ഞത്. എന്നാൽ കടുത്ത സമ്മർദ്ദങ്ങൾ നിറഞ്ഞ സാഹചര്യങ്ങൾ ടീമിനെ ബാധിക്കുകയാണുണ്ടായത്. കാര്യങ്ങൾ ശാന്തമായ ശേഷം ടീമി​െൻറ പ്രകടനത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ടീമി​െൻറ ആക്രമണ നിരയിലുണ്ടായ മന്ദഗതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വൺ-ഓൺ-വൺ സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പന്തുമായി മുന്നേറാൻ കെൽപ്പുള്ള സുൽത്താൻ അൽ-മന്ദേഷിനെ വിങ്ങിൽ ഉപയോഗിച്ച് എതിരാളികളെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കളിയിൽ മേധാവിത്വം സ്ഥാപിക്കാൻ കഴിയാതെ വന്നതോടെ ആ തന്ത്രം പരാജയപ്പെട്ടു. മുന്നേറ്റ നിര മൊത്തത്തിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നതുമില്ല, ഇത് ടീമി​െൻറ ദൗത്യം കൂടുതൽ സങ്കീർണമാക്കിയതായി അദ്ദേഹം വ്യക്തമാക്കി. രണ്ട് പോയിന്റുമായി ഗ്രൂപ്പിൽ അവസാനക്കാരായാണ് സൗദി അറേബ്യ ടൂർണമെന്റ് അവസാനിപ്പിച്ചത്.