ലോകാവസാനം വരേക്കും പിറക്കാതെ പോയെൻ മകന്; ഗർഭാവസ്ഥയിൽ മരിച്ച കുഞ്ഞിന് ഗോൾ സമർപ്പിച്ച് ഗാക്പോ

ഗ്വാഡലൂപ് (മെക്സികോ): മൊറോക്കോക്കെതിരായ ലോകകപ്പ് മത്സരത്തിന്റെ 72ാം മിനിറ്റ്. മണിക്കൂറും 12 മിനിറ്റും പിന്നിട്ട സമനിലയുടെ പൂട്ട് പൊട്ടിച്ച് നെതർലൻഡ്സിനായി കോഡി ഗാക്പോയുടെ ഗോൾ. സഹതാരങ്ങൾ ആഘോഷിക്കവെ ഗാക്‌പോ പക്ഷെ മൈതാനത്ത് തലകുനിച്ചു കിടന്ന് പൊട്ടിക്കരഞ്ഞു.

കണ്ണീരോടെ എഴുന്നേറ്റ ഗാക്പോയെ ടീം ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക് ഉൾപ്പെടെയുള്ള മുഴുവൻ ഡച്ച് താരങ്ങളും പകരക്കാരായ കളിക്കാരും ഓടിയെത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചപ്പോൾ ഒരുവേള ഗാലറിയും സ്ക്രീനിൽ മത്സരം കണ്ടുകൊണ്ടിരുന്ന ആരാധകരും സങ്കടത്തിൽ മുങ്ങി. അടുത്തിടെ ഗർഭാവസ്ഥയിൽ മരണപ്പെട്ട മകന് സമർപ്പിച്ചതായിരുന്നു ആ ഗോൾ.

ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിന് രണ്ട് ദിവസം മുമ്പാണ് ഗാക്പോയും പങ്കാളി നോവ വാൻ ഡെർ ബിജും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് ഗർഭാവസ്ഥയിൽ വെച്ച് മരണപ്പെട്ട വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഏലിയാ റാഫേൽ ഗാക്പോ എന്നായിരുന്നു അവന്റെ പേര്. കടുത്ത ദുഃഖത്തിനിടയിലാണ് ഗാക്പോ രാജ്യത്തിനായി ബൂട്ട് കെട്ടിയത്. ആകാശത്തേക്ക് കൈകൾ ചൂണ്ടി, ഗോൾ മകനുള്ളതാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു താരം.

നെതർലൻഡ്സ് കോച്ച് സ്ഥാനം രാജിവെച്ച് കൂമാൻ

ആംസ്റ്റർഡാം: ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ പുറത്താവലിനുപിന്നാലെ നെതർലൻഡ്സ് പരിശീലക സ്ഥാനത്തുനിന്നും രാജിവെച്ച് റൊണാൾഡ് കൂമാൻ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിനു പിന്നാലെ കോച്ചിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. മികച്ച പ്രകടനത്തിനായി ഒരുങ്ങിയെത്തിയ നെതർലൻഡ്സ് നേരത്തെ പുറത്തായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ടീം മാനേജ്മെന്റിനുള്ള സന്ദേശത്തിൽ കൂമാൻ പറഞ്ഞു.

മൊറോക്കോക്കെതിരെ ടീമിന്റെ മോശം പ്രകടനത്തിൽ കോച്ചിന്റെ തന്ത്രങ്ങൾ പ്രധാനമായെന്ന് മുൻ സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രഹിമോവിച് ആരോപിച്ചു. ടീമിന്റെ ഡച്ച് ഐഡന്റിറ്റി തകർക്കുന്നതായിരുന്നു കോച്ച് കൂമാന്റെ തന്ത്രങ്ങളെന്നും കളി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദി കോച്ചാണെന്നും ടി.വി ചർച്ചക്കിടെ ഇബ്രഹിമോവിച് പറഞ്ഞു.