അർജന്‍റീനയെ ഒരു ഗോളിന് തോൽപിക്കും, മൈതാനത്തിറങ്ങുന്നത് ജയിക്കാൻ മാത്രം; കേപ് വെർഡെ പ്രസിഡന്‍റ്

പ്രായ (കേപ് വെർഡെ): ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് ഘട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ വീഴ്ത്തുമെന്ന അവകാശവാദവുമായി കേപ് വെർഡെ പ്രസിഡന്റ് ജോസ് മരിയ നെവെസ്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തങ്ങൾ അട്ടിമറിക്കുമെന്ന് ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രസിഡന്റ് അവകാശപ്പെട്ടു.

കന്നി ലോകകപ്പിൽ തന്നെ നോക്കൗട്ട് ബർത്ത് ഉറപ്പിച്ച് ചരിത്രം കുറിച്ച കേപ് വെർഡെ, ഈ ലോകകപ്പിലെ കറുത്ത കുതിരകളായാണ് വിലയിരുത്തപ്പെടുന്നത്. സ്പെയിൻ, യുറുഗ്വായ്, സൗദി അറേബ്യ എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിന്ന് പരാജയമേൽക്കാതെ പ്രീ-ക്വാർട്ടറിലെത്തിയ ടീമിന്റെ ആത്മവിശ്വാസം വാനോളമാണ്.

ഫുട്ബോളിലെ കണക്കുകൾക്ക് അപ്പുറം ടീമിന്റെ പോരാട്ടവീര്യത്തിലാണ് പ്രസിഡന്റ് വിശ്വസിക്കുന്നത്. “ഞങ്ങൾ മൈതാനത്തിറങ്ങുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്. പലപ്പോഴും ആളുകളെ അത്ഭുതപ്പെടുത്താൻ കേപ് വെർഡെയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇത്തവണ അർജന്റീനയ്ക്കെതിരെ 100 ശതമാനവും ഞങ്ങൾ വിജയിക്കും. ചാമ്പ്യന്മാരെ നേരിട്ട് ചരിത്രം മാറ്റിയെഴുതാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്,” നെവെസ് പറഞ്ഞു.

മത്സരഫലം എന്തായാലും തങ്ങളുടെ ടീം തലയുയർത്തിത്തന്നെ മടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വലിയൊരു ലക്ഷ്യം പൂർത്തിയാക്കിയ സംതൃപ്തി ടീമിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്ക് അസാധ്യമായി ഒന്നുമില്ല,” എന്ന് ടീം പരിശീലകൻ പെഡ്രോ ലെയ്റ്റാവോ ബ്രിട്ടോയും ആത്മവിശ്വാസം പങ്കുവെച്ചു.

ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള അർജന്റീനയും ആഫ്രിക്കൻ ടീമായ കേപ് വെർഡെയും തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 3.30-ന് മിയാമിയിലാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഈ ആവേശപ്പോരാട്ടം നടക്കുക.