സ്വപ്നങ്ങളുടെ പ്രവാസവും ലോകകപ്പും

ജീവിതം പലപ്പോഴും അപ്രതീക്ഷിതമായ വഴികളിലൂടെയാണ് നമ്മെ നയിക്കുന്നത്. പഠനത്തിന്റെ പടിയിറങ്ങി, ഭാവി സ്വപ്നങ്ങൾ നെയ്തുകൊണ്ടിരുന്ന ആ കാലഘട്ടത്തിലാണ് പ്രവാസത്തിന്റെ മണ്ണിലേക്ക് കാലെടുത്തുവെക്കാൻ തീരുമാനിച്ചത്. ലുലുവിലേക്ക് വിസ റെഡിയായി എന്ന് പറഞ്ഞ് നാട്ടിലെ ട്രാവൽസിൽ നിന്നും വിളിച്ചപ്പോൾ തോന്നിയ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. എന്നാൽ ചെറിയ ആശങ്കയും മനസ്സിനെ അലട്ടിയിരുന്നു. ജോലി ലഭിച്ചത് ഖത്തറിലാണ്. ഇന്റർവ്യൂവിന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും ജോലി ലഭിച്ചത് അബൂദബിയിലും ദുബൈയിലുമായിരുന്നു. അവരിൽ നിന്നെല്ലാം മാറി ഒറ്റക്ക് ഒരു നാട്ടിലേക്ക് പോകേണ്ടി വരുമല്ലോ എന്ന വിഷമം സ്വാഭാവികമായും എനിക്കുണ്ടായി. ആ നിരാശ അധികനേരം നീണ്ടുനിന്നില്ല. അന്ന് ഖത്തറിനെക്കുറിച്ച് കേട്ടറിഞ്ഞതും, വരാനിരിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളും എനിക്ക് കരുത്ത് പകർന്നു.
പ്രത്യേകിച്ച്, ‘ലോകകപ്പ് 2022’. ലുലു ഗ്രൂപ്പിലെ നീണ്ട 12 വർഷത്തെ സേവനം വെറുമൊരു ജോലി മാത്രമല്ലായിരുന്നു, അതൊരു ജീവിതമായിരുന്നു. സപ്ലൈ ചെയിൻ മാനേജ്മെന്റിലെയും പർച്ചേസിങ് മേഖലയിലെയും അനുഭവങ്ങൾ അവിടുത്തെ വികസനത്തിനൊപ്പം വളർന്നു. പുതിയ സാങ്കേതികവിദ്യകൾ, സിസ്റ്റത്തിലെ മാറ്റങ്ങൾ, അങ്ങനെ ഓരോ ദിവസവും പുതിയ പാഠങ്ങൾ. ഖത്തർ എന്ന രാജ്യം മാറിയതും ലോകത്തിന് മുന്നിൽ അത്ഭുതമായി മാറിയതും നേരിൽ കണ്ടതാണ് പ്രവാസജീവിതത്തിലെ വലിയ സൗഭാഗ്യം. ആവേശത്തിരയിളക്കിയ ലോകകപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. രണ്ട് മത്സരങ്ങൾ നേരിട്ട് കാണാൻ സാധിച്ചു. ആ ആവേശവും ആരവവും ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. ലുലു ഗ്രൂപ്പിന്റെ ഭാഗമായിനിന്ന്, ലോകകപ്പ് ആവേശത്തിനിടയിലും ഒട്ടേറെ ആളുകൾക്ക് സേവനം നൽകാൻ സാധിച്ചത് തൊഴിൽ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമാണ്.
