ശ്രേയസിന്റെ കീഴിൽ ജയം തൊടാതെ ഇന്ത്യ; ഇംഗ്ലണ്ടിനോടും തോറ്റു

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തോൽവി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവെച്ച 191 റൺസ് വിജയ ലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. ഷാൻ കിഷൻ 40 പന്തിൽ 49ഉം ഓപണർ അഭിഷേക് ശർമ 24 പന്തിൽ 43ഉം ക്യാപ്റ്റൻ ശ്രേയസ് അയ്യർ 22 പന്തിൽ 37ഉം റൺസടിച്ചു. വൈഭവ് സൂര്യവംശി 15 വയസ്സിൽ അരങ്ങേറി റെക്കോഡിട്ട മത്സരത്തിൽ 10 പന്തിൽ 14 റൺസായിരുന്നു താരത്തിന്റെ സംഭാവന.
അഭിഷേകിനൊപ്പം വൈഭവ് ഓപണറായെത്തിയപ്പോൾ സഞ്ജു സാംസൺ മത്സരത്തിന് പുറത്തായി. അഭിഷേക്-വൈഭവ് കൂട്ടുകെട്ട് നന്നായി തുടങ്ങിയെങ്കിലും അഞ്ചാം ഓവറിൽ ഈ കൂട്ടുകെട്ട് വിൽ ജാക്സ് പൊളിച്ചു. ജോഫ്ര ആർച്ചറിനെയും ജോഷ് ടങ്ങിനെയും സിക്സറിന് പറത്തി അപകട സൂചന നൽകിയ വൈഭവിന്റെ ഇന്നിങ്സിന് സ്റ്റമ്പ് ചെയ്ത് ജോസ് ബട്ട്ലർ വേഗം വിരാമമിട്ടു. ടീം സ്കോർ അപ്പോൾ 50. പിന്നാലെ അഭിഷേകും പുറത്ത്. സാം കറനായിരുന്നു വിക്കറ്റ്.
ആറ് ഓവറിൽ രണ്ട് വിക്കറ്റിന് 65 റൺസെന്ന നിലയിലായ ഇന്ത്യയെ ഇഷാനും ശ്രേയസ്സും ചേർന്നത് കരകയറ്റി. ഏഴ് ഓവറിൽ 65 റൺസായിരുന്നു മൂന്നാം വിക്കറ്റ് സഖ്യത്തിന്റെ നേട്ടം. ശ്രേയസ്സിനെ ലിയാം ഡോസൻ 14ാം ഓവറിൽ പറഞ്ഞുവിട്ടു. ശിവം ദുബെയെ (5) നിലയുറപ്പിക്കും മുമ്പെ കറൻ മടക്കി. 18ാം ഓവറിൽ ഇഷാനും കറന് വിക്കറ്റ് സമ്മാനിച്ചു. അവസാന ഓവറുകളിൽ തിലക് വർമ (11 പന്തിൽ 24 നോട്ടൗട്ട്) പൊരുതി. ഇതിനിടെ അക്ഷർ പട്ടേൽ (2) റണ്ണൗട്ടായപ്പോൾ ഇന്നിങ്സിലെ അന്തിമ പന്തിൽ ഹർഷിത് റാണ (6) ആർച്ചറിന് ഇരയായി.
മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് തകർച്ചയോടെയായിരുന്നു തുടക്കം. അർഷദീപ് സിങ്ങിന്റെ ആദ്യ ഓവറിൽ സ്കോർബോർഡിൽ റൺസ് കുറിക്കും മുമ്പേ ഫിൽ സാൾട്ടും ജോസ് ബട്ട്ലറും കൂടാരം കയറി. പിന്നീടെത്തിയ ജേക്കബ് ബെതലിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ബെതൽ 46 പന്തിൽ അഞ്ച് വീതം സിക്സറും ഫോറുകളും അടക്കം 76 റൺസ് നേടി പുറത്താകാതെ നിന്നു. ഹാരി ബ്രൂക്കും ടോം ബാന്റണും 39 റൺസ് വീതം നേടി. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടി. രവി ബിഷ്ണോയി നാലോവറിൽ 60 റൺസ് വിട്ടുകൊടുത്തത് ഇന്ത്യക്ക് തിരിച്ചടിയായി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
