കേപ് വെർഡെ, ഈ കപ്പ് നിങ്ങളെടുത്തിരിക്കുന്നു

കേപ് വെർഡെയുടെ രണ്ടാം ഗോൾ നേടിയ സിഡ്നി ലോപസ് കാബ്രൽ സഹതാരങ്ങൾക്കൊപ്പം ആഘോഷത്തിൽ
സെനഗാളും മോറിത്താനിയയും ഉൾപ്പെടുന്ന പടിഞ്ഞാറൻ ആഫ്രിക്കക്കും, തെക്കനമേരിക്കൻ വൻകരക്കുമിടയിൽ, അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ തിരമാലകൾക്കിടയിൽ ഒറ്റപ്പെട്ട ഏതാനും ദ്വീപുകൾ ചേർന്ന കുഞ്ഞുരാജ്യം ഇന്ന് കാൽപന്തു ലോകത്തിന്റെ ഹൃദയമായിരിക്കുന്നു. വെറും 20 ദിവസം കൊണ്ട് കുറിച്ച അതിശയകരമായ ചരിത്രം. വലുപ്പംകൊണ്ട് പാലക്കാട് ജില്ലയേക്കാൾ (4480 ചതുരശ്ര കിലോമീറ്റർ) ചെറുത്.
വെറും 4033 ചതുരശ്ര കിലോമീറ്ററിൽ അഞ്ചു ലക്ഷത്തിനുതാഴെ ജനസംഖ്യ. തിരയടിക്കുന്ന കടലിനോട് പൊരുതി ജീവിതം കരപിടിപ്പിച്ചവരുടെ പിൻഗാമികൾ ഏറെയും, പുതുജീവിതം തേടി വിദേശങ്ങളിലേക്ക് കുടിയേറാനായിരുന്നു ഇഷ്ടപ്പെട്ടത്. പരിമിതമായ വിഭവങ്ങൾക്കും വിദ്യാഭ്യാസ സൗകര്യങ്ങൾക്കുമിടയിൽ സ്വന്തം നാടുവിട്ട്, പലായനം ചെയ്തവർ വിദേശങ്ങളിൽ നേരിട്ട വലിയ വെല്ലുവിളിയാവട്ടെ തങ്ങളുടെ കുഞ്ഞുരാജ്യത്തെ എങ്ങനെ പരിചയപ്പെടുത്തുമെന്നതായിരുന്നു. എന്നാൽ, കഴിഞ്ഞ 20 ദിവസമായി ഈ ദ്വീപുനാട്ടുകാർ അങ്ങനെയല്ല. നീലക്കുപ്പായമിട്ട്, ജഴ്സിയിലെ നീലസ്രാവിന്റെ ചിത്രം ചൂണ്ടി അവർ അഭിമാനത്തോടെ ഞങ്ങൾ വൊസീഞ്ഞയുടെ നാട്ടുകാരായ, കേപ് വെർഡെക്കാരെന്ന് (പോർചുഗീസിൽ കബോ വെർഡെ) ഉറക്കെ പറയാൻ തുടങ്ങിയിരിക്കുന്നു.
ലോകകപ്പ് ഫുട്ബാളിലെ അരങ്ങേറ്റക്കാരായി അമേരിക്കൻ മണ്ണിലേക്ക് പറന്നവർ, ഗ്രൂപ് റൗണ്ടും നോക്കൗട്ടും പൂർത്തിയാക്കുമ്പോഴേക്കും കുഞ്ഞുരാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതി. മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചപ്പോൾ വൺടൈം മിറാക്കിൾ എന്നായിരുന്നു ലോകം വിശേഷിപ്പിച്ചത്. എന്നാൽ, ശേഷിച്ച മത്സരങ്ങളിലൂടെ ഏത് വമ്പന്മാരെയും അട്ടിമറിക്കാൻ ശേഷിയുള്ള ഫുട്ബാൾ രാജ്യമായി അവർ പേരെടുത്തു. ഉറുഗ്വായ്, സൗദി അറേബ്യ ടീമുകളെ സമനിലയിൽ തളച്ചതിന്റെ കരുത്തുമായി നോക്കൗട്ടിൽ അർജന്റീനക്കു മുന്നിലെത്തിയവർക്ക് മുട്ടുവിറച്ചില്ല. ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും എമിലിയാനോയും ഉൾപ്പെടെ ലോകതാരങ്ങളെ മുന്നിൽ കിട്ടിയപ്പോൾ ഏറ്റവും മികച്ച അറ്റാക്കിങ് ഫുട്ബാളിലൂടെ അവർ കാൽപന്ത് മൈതാനിയിൽ മേൽവിലാസം കുറിച്ചു.
രണ്ടുതവണ ലീഡ് പിടിച്ച അർജന്റീനയെ, എല്ലാ കളിയഴകുമൊന്നിച്ച രണ്ട് ഗോളുകളിലൂടെ സമനില പിടിച്ചവർ, വമ്പനൊരു അട്ടിമറിയുടെ സൂചനയും നൽകി. 20 മിനിറ്റിനപ്പുറം ലോകചാമ്പ്യന്മാർക്കെതിരെ പിടിച്ചു നിൽക്കില്ലെന്ന് വിധിയെഴുതിയവർക്കുമുന്നിൽ 120 മിനിറ്റും കളിച്ച്, ഹൃദയവും ജയിച്ചാണ് വൊസീഞ്ഞയും കൂട്ടുകാരും മയാമിയിലെ കളിക്കളം വിട്ടത്. മത്സര ശേഷം, ലയണൽ മെസ്സിയും സഹതാരങ്ങളും ഗാലറിയിലെ അർജന്റീനക്കാരും അവർക്കു നൽകിയ ആദരവിലുണ്ട് ഫുട്ബാൾ ലോകത്ത് കുഞ്ഞു ദ്വീപുകാരുടെ അടയാളപ്പെടുത്തൽ.
മുൻ ദേശീയ താരം കൂടിയായ ബുബിസ്റ്റക്കു കീഴിലാണ് വൊസീഞ്ഞയും സംഘവും ലോകകപ്പിന് തയാറെടുത്തത്. രണ്ട് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബാളിൽ ശ്രദ്ധേയ പ്രകടനം നടത്തിയതിനു പിന്നാലെ, കാമറൂണും അംഗോളയും ഉൾപ്പെടുന്ന യോഗ്യതാ റൗണ്ടിൽ ഗ്രൂപ് ജേതാക്കളായി ലോകകപ്പിന് യോഗ്യത നേടി ചരിത്രം കുറിച്ചു. പിന്നീടുള്ള ദിനങ്ങളിൽ അമേരിക്കൻ മണ്ണ് സാക്ഷ്യം വഹിച്ചത് മറ്റൊരു ഐതിഹാസിക ചരിത്രത്തിന്.
