നോവേ; നെയ്മർ: കിരീടങ്ങളില്ലാത്ത സുൽത്താൻ

കാ​ലം തെ​റ്റി​പ്പി​റ​ന്ന ക​ളി​യു​ടെ സു​ൽ​ത്താ​ന് വി​ട. മോ​ഹി​ച്ച കി​രീ​ട​ങ്ങ​ളും, സിം​ഹാ​സ​ന​വു​മി​ല്ലെ​ങ്കി​ലും നി​ങ്ങ​ൾ ത​ന്നെ​യാ​ണ് ഈ ​കാ​ല​ത്തെ കാ​ന​റി​ക​ളു​ടെ രാ​ജാ​വ്. പെ​ലെ​യും ഗ​രി​ഞ്ച​യും ദീ​ദി​യും മു​ത​ൽ റൊ​ണോ​മാ​രും ക​ഫു​വും കാ​ർ​ലോ​സും വ​രെ വാ​ണ ലോ​ക​ഫു​ട്ബാ​ളി​ലെ ബ്ര​സീ​ലി​യ​ൻ സാം​ബാ ചു​വ​ടി​ന് നി​ങ്ങ​ൾ ന​ൽ​കി​യ താ​ളം എ​ന്നും ഹൃ​ദ​യ​ങ്ങ​ളി​ൽ തു​ടി​പ്പാ​യു​ണ്ടാ​കും. മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ലെ ഇ​തി​ഹാ​സ​ങ്ങ​ളെ​ല്ലാം കി​രീ​ട​ച്ചി​രി​യോ​ടെ ആ​രാ​ധ​ക മ​ന​സ്സി​ൽ ബിം​ബ​ങ്ങ​ളാ​യി പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ട​പ്പോ​ൾ, കി​രീ​ട​ങ്ങ​ളു​ടെ അ​ല​ങ്കാ​ര​മി​ല്ലാ​ത്ത സു​ൽ​ത്താ​നാ​ണ് നെ​യ്മ​ർ. പ​ന്തു​ത​ട്ടി​യ നാ​ല് ലോ​ക​ക​പ്പു​ക​ളി​ലും ഉ​ണ​ങ്ങാ​ത്ത ക​ണ്ണീ​ർ ചി​ത്ര​മാ​വാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ൻ. തെ​ക്ക​ന​മേ​രി​ക്ക​ൻ ഫു​ട്ബാ​ളി​ലെ ക​ന​ക​ക്കി​രീ​ട​മാ​യ കോ​പ അ​മേ​രി​ക്ക​യി​ലും ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ മാ​ത്ര​മു​ള്ള ഇ​തി​ഹാ​സം. ഇ​പ്പോ​ഴി​താ, ഓ​ർ​മ​ക​ളു​ടെ മ​ന​സ്സി​ൽ ഫ്രെ​യിം ചെ​യ്യാ​നൊ​രു കി​രീ​ട​ചി​ത്ര​മി​ല്ലാ​തെ 34ാം വ​യ​സ്സി​ൽ മ​ഞ്ഞ​ക്കു​പ്പാ​യ​ത്തോ​ട് വി​ട​പ​റ​ഞ്ഞ്, ജെ​ൻ സീ​യു​ടെ സൂ​പ്പ​ർ​താ​രം പ​ടി​യി​റ​ങ്ങു​ന്നു.

2010 ആ​ഗ​സ്റ്റ് പ​ത്തി​ന് ന്യൂ​ജ​ഴ്സി സ്റ്റേ​ഡി​യ​ത്തി​ൽ അ​മേ​രി​ക്ക​ക്കെ​തി​രെ ബൂ​ട്ടു​കെ​ട്ടി തു​ട​ങ്ങി​യ 18കാ​ര​ൻ, 16 വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ടി​യി​റ​ങ്ങി​യ​തും അ​തേ ക​ളി​മു​റ്റ​ത്തു ത​ന്നെ.

18ാം വ​യ​സ്സി​ൽ സാ​ന്റോ​സ് ക്ല​ബി​നാ​യി ഗോ​ള​ടി​ച്ചു കൂ​ട്ടു​ക​യും, ടീ​മി​നെ ലീ​ഗ് ജേ​താ​ക്ക​ളാ​ക്കു​ക​യും ചെ​യ്ത കൗ​മാ​ര​ക്കാ​ര​നെ 2010 ലോ​ക​ക​പ്പ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത് സാ​ക്ഷാ​ൽ പെ​ലെ​യും റൊ​മാ​രി​യോ​യു​മാ​യി​രു​ന്നു. 14,000ത്തോ​ളം പേ​ർ ഒ​പ്പി​ട്ട പ​രാ​തി​യും നെ​യ്മ​റി​നാ​യി കോ​ച്ച് ദും​ഗെ​​ക്ക് മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, 23 അം​ഗ സം​ഘ​ത്തി​ലും സ്റ്റാ​ൻ​ഡ്ബൈ പ​ട്ടി​ക​യി​ലും നെ​യ്മ​റി​ന് ഇ​ട​മി​ല്ലാ​യി​രു​ന്നു. ലോ​ക​ക​പ്പി​ലെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പു​റ​ത്താ​വ​ലി​നു പി​ന്നാ​ലെ ദും​ഗ​യു​ടെ തൊ​പ്പി തെ​റി​ച്ച​പ്പോ​ൾ, ദേ​ശീ​യ ടീ​മി​ലേ​ക്ക് നെ​യ്മ​റി​നു​ള്ള ക​ട​ന്നു​വ​ര​വി​ന് അ​വ​സ​ര​മൊ​രു​ങ്ങി. അ​ങ്ങ​നെ, പു​തു ബ്ര​സീ​ൽ യു​ഗ​ത്തി​ന് നെ​യ്മ​റി​ലൂ​ടെ തു​ട​ക്ക​മാ​യി. ല​യ​ണ​ൽ മെ​സ്സി​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും വാ​ണ സ​മ​കാ​ലി​ക ഫു​ട്ബാ​ളി​ൽ ബ്ര​സീ​ലി​ന്റെ ത്രാ​സി​ന് നെ​യ്മ​ർ ക​നം ന​ൽ​കി. സാ​​ങ്കേ​തി​ക തി​ക​വും, ഫി​നി​ഷി​ങ് പാ​ട​വ​വും, പ​തി​വ് ബ്ര​സീ​ലി​യ​ൻ ട​ച്ചു​മു​ള്ള താ​രോ​ദ​യം ലോ​കം ആ​ഘോ​ഷി​ച്ചു. 2014ൽ ​സ്വ​ന്തം മ​ണ്ണി​ൽ ബ്ര​സീ​ൽ ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ​പ്പോ​ൾ ആ​തി​ഥേ​യ​രു​ടെ സൂ​പ്പ​ർ​താ​ര​മാ​യി​രു​ന്നു അ​വ​ൻ. നെ​യ്മ​റി​ലൂ​ടെ കാ​ന​റി​ക​ൾ കി​രീ​ടം നേ​ടു​മെ​ന്നു​റ​ച്ചു​വി​ശ്വ​സി​ച്ചു. ഗ്രൂ​പ് റൗ​ണ്ടി​ൽ ടീ​മി​ന്റെ വി​ജ​യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ താ​രം പ​ക്ഷേ, ക്വാ​ർ​ട്ട​റി​ൽ ക​ണ്ണീ​ർ കാ​ഴ്ച​യാ​യി. കൊ​ളം​ബി​യ​യു​ടെ യു​വാ​ൻ സു​നി​ഗ​യു​ടെ ക​ടു​ത്ത ഫൗ​ളി​ൽ ന​ടു​വി​ന് പ​രി​ക്കേ​റ്റ നെ​യ്മ​ർ ലോ​ക​ക​പ്പും ന​ഷ്ട​മാ​യി പു​റ​ത്തേ​ക്ക്. സെ​മി​യി​ൽ നെ​യ്മ​റി​ല്ലാ​തെ​യി​റ​ങ്ങി​യ ബ്ര​സീ​ലി​നെ ജ​ർ​മ​നി 7-1ന് ​ത​രി​പ്പ​ണ​മാ​ക്കി​യ​ത് കാ​ന​റി​ക​ളു​ടെ ഫു​ട്ബാ​ൾ ഓ​ർ​മ​ക​ളി​ൽ എ​ന്നും വേ​ദ​നി​ക്കു​ന്ന മു​റി​വാ​യി അ​വ​ശേ​ഷി​ച്ചു. 2018 റ​ഷ്യ​യി​ലും, 2022 ഖ​ത്ത​റി​ലും ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യ​പ്പോ​ൾ ക​ണ്ണീ​രോ​ടെ മൈ​താ​ന​ത്തി​രു​ന്ന നെ​യ്മ​റി​ന്റെ ചി​ത്ര​ത്തി​ന് ഇ​ത്ത​വ​ണ​യും മാ​റ്റ​മി​ല്ല.

പ​രി​ക്കു സ​മ്മാ​നി​ച്ച ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യി​ൽ, 981 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ​യി​രു​ന്നു ആ​ഞ്ച​ലോ​ട്ടി​യു​ടെ ടീ​മി​ൽ നെ​യ്മ​ർ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. സ്കോ​ട്‍ല​ൻ​ഡി​നെ​തി​രാ​യ ഗ്രൂ​പ് മ​ത്സ​ര​ത്തി​ലും, ക​ഴി​ഞ്ഞ പു​ല​ർ​ച്ചെ നോ​ർ​വേ​ക്കെ​തി​രെ​യും ഉ​ൾ​പ്പെ​ടെ ആ​കെ ക​ളി​ച്ച​ത് 38 മി​നി​റ്റ് മാ​ത്രം.

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പെ​നാ​ൽ​റ്റി ഗോ​ളു​മാ​യി ഇ​തി​ഹാ​സ​ത്തി​ന്റെ പ​ടി​യി​റ​ക്ക​വും ലോ​കം ക​ണ്ടു. ‘ഞാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചു, ഇ​പ്പോ​ൾ എ​ല്ലാം അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു. ഞാ​ൻ എ​വി​ടെ​യാ​ണോ തു​ട​ങ്ങി​യ​ത്, അ​വി​ടെ​ത്ത​ന്നെ അ​വ​സാ​നി​പ്പി​ക്കു​ന്നു’ -വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​ന​വു​മാ​യി നെ​യ്മ​ർ പ​റ​ഞ്ഞു.