ലോകകപ്പിൽ നിന്ന് അമേരിക്ക പുറത്ത്; ആതിഥേയരെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ

സിയാറ്റിൽ: ലോകകപ്പ് പ്രീക്വാർട്ടറിൽ കരുത്തരായ ബെൽജിയത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് ആതിഥേയരായ അമേരിക്ക പുറത്ത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയം അമേരിക്കയെ തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇരട്ടഗോളുകളുമായി തിളങ്ങിയ ചാൾസ് ഡി കെറ്റെലെയറാണ് അമേരിക്കയുടെ സ്വപ്നങ്ങൾ തകർത്തത്.

മത്സരത്തിന്റെ തുടക്കം മുതൽ ബെൽജിയം ആധിപത്യം പുലർത്തി. 9-ാം മിനിറ്റിൽ നിക്കോളാസ് റാസ്കിന്റെ പാസിൽ നിന്ന് ഡി കെറ്റെലെയർ ബെൽജിയത്തിന്റെ ആദ്യ ഗോൾ നേടി. 31-ാം മിനിറ്റിൽ മലിക് ടിൽമാന്റെ ഫ്രീ-കിക്ക് ഹാൻസ് വനാകെനിൽ തട്ടി ഗോളായി മാറിയപ്പോൾ അമേരിക്ക ഒപ്പമെത്തി. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ ലിയാൻഡ്രോ ട്രോസാർഡിന്റെ ക്രോസിൽ നിന്ന് തല വെച്ച് ഡി കെറ്റെലെയർ ബെൽജിയത്തെ വീണ്ടും മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ അമേരിക്കൻ ഗോൾകീപ്പർ മാറ്റ് ഫ്രീസിന്റെ പിഴവ് മുതലെടുത്ത് ഡി കെറ്റെലെയർ നൽകിയ പന്ത് ഹാൻസ് വനാകെൻ വലയിലെത്തിച്ചു. തുടർന്ന് 93-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ റൊമേലു ലുക്കാകു കൂടി ഗോൾപ്പട്ടിക പൂർത്തിയാക്കിയതോടെ അമേരിക്കയുടെ പരാജയം പൂർണമായി.

മെക്സിക്കോയും കാനഡയും നേരത്തെ പുറത്തായതോടെ ടൂർണമെന്റിൽ അവശേഷിച്ച ഏക ആതിഥേയരാജ്യമായിരുന്നു അമേരിക്ക. 2002-ന് ശേഷം ആദ്യമായി ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ മൗറീഷ്യോ പോച്ചെറ്റിനോയുടെ സംഘം സ്വന്തം കാണികൾക്ക് മുന്നിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ക്വാർട്ടറിൽ പോർച്ചുഗലിനെ തോൽപ്പിച്ച സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ.