ഒരു കഷണം പുല്ലിന് 43,000 രൂപ; ലോകകപ്പ് ഫൈനൽ മൈതാനത്തെ പുല്ല് വിറ്റ് കാശാക്കാൻ ഫിഫ

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് വേദിയാകുന്ന ന്യൂയോർക്ക് – ന്യൂജഴ്സി സ്റ്റേഡിയത്തിലെ പുല്ല് വിൽപ്പനയ്ക്ക് വെച്ച് ഫിഫ. ലോകകപ്പ് മത്സരങ്ങളുടെ ഉയർന്ന ടിക്കറ്റ് നിരക്കിന്റെ പേരിൽ ഫിഫ വലിയ വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് ഫൈനൽ നടക്കുന്ന മൈതാനത്തെ പുല്ലും വിറ്റ് കാശാക്കാനുള്ള നീക്കം. 450 ഡോളറാണ് (ഏകദേശം 43,000 രൂപ) ഒരു കഷണം പുല്ലിന് ഫിഫ ഈടാക്കുന്നത്.
മികച്ച ഡിസൈനിലുള്ള അക്രിലിക് കവറിനുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന പുല്ലിന്റെ കഷണത്തിനൊപ്പം ഒരു യു.എസ്.ബിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഓർമ്മകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആരാധകരെയും ശേഖർത്താക്കളെയും ലക്ഷ്യമിട്ടാണ് ഫിഫയുടെ ഈ നീക്കം. 17.5 x 17.5 x 17.5 എന്ന അളവിലാണ് പുല്ല് നൽകുന്നതെന്ന് ഫിഫയുടെ ഔദ്യോഗിക സ്റ്റോറിലെ വിവരങ്ങളിൽ പറയുന്നുണ്ടെങ്കിലും, ഇത് ഇഞ്ചിലാണോ സെന്റിമീറ്ററിലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഫിഫ പ്രതികരിച്ചിട്ടുമില്ല.
ജൂലൈ 19-ന് ലോകകപ്പ് ഫൈനൽ കഴിഞ്ഞതിന് ശേഷം മാത്രമേ പുല്ല് ഓർഡർ ചെയ്തവർക്ക് അയച്ചുതുടങ്ങുകയുള്ളൂ എന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അമേരിക്കയിലെയും യൂറോപ്പിലെയും വിലാസങ്ങളിലേക്ക് മാത്രമേ ഓർഡർ ചെയ്യാൻ സാധിക്കൂ. അമേരിക്കൻ ഫുട്ബാൾ ലീഗ് മത്സരങ്ങൾക്കായി സാധാരണയായി കൃത്രിമ പുല്ല് ഉപയോഗിക്കുന്ന മെറ്റ്ലൈഫ് സ്റ്റേഡിയത്തിന്റെ നിലവാരത്തെക്കുറിച്ച് നേരത്തെ തന്നെ കളിക്കാരും പരിശീലകരും കടുത്ത വിമർശനമുന്നയിച്ചിരുന്നു.
വിവാദമായി ടിക്കറ്റ് നിരക്കുകളും
ഫൈനൽ മത്സരത്തിന് കഴുത്തറുപ്പൻ ടിക്കറ്റ് നിരക്കാണ് ഫിഫ ഈടാക്കുന്നത്. സാധാരണ ടിക്കറ്റുകൾക്ക് 32,970 ഡോളർ (ഏകദേശം 31.5 ലക്ഷം രൂപ) വരെയാണ് വില. ഭക്ഷണവും പാനീയങ്ങളും ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് 34,500 ഡോളർ (ഏകദേശം 32.96 ലക്ഷം രൂപ), 32,500 ഡോളർ (ഏകദേശം 31 ലക്ഷം രൂപ) എന്നിങ്ങനെയാണ് നിരക്ക്. ഫുട്ബാൾ സാധാരണക്കാരിൽ നിന്ന് അകന്നുപോകുകയാണെന്ന വിമർശനങ്ങൾക്കിടെയാണ് ഫൈനൽ വേദിയുടെ ഒരു ചെറിയ കഷണം പുല്ലിന് പോലും 43,000 രൂപ ഫിഫ ഈടാക്കുന്നത്.
