അർജന്റീനക്ക് സ്വിസ് കെണി

കൻസാസ് സിറ്റി: വിവാദങ്ങളുടെ ഉത്സവപ്പറമ്പായി മാറിയ പ്രീക്വാർട്ടർ ഫൈനലിനു ശേഷം അർജന്റീനയും ലയണൽ മെസ്സിയും ക്വാർട്ടർ ഫൈനൽ പോരിന് കളത്തിലിറങ്ങുന്നു. നാലു ദിനം മുമ്പ് അറ്റ്ലാന്റയിൽ നടന്ന അർജന്റീന-ഈജിപ്ത് മത്സരത്തിന്റെ കോലാഹലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. വീറുറ്റ അങ്കത്തിൽ തോറ്റ ഈജിപ്ത് ടീം അംഗങ്ങളും പരിശീലകരും മുതൽ സമൂഹ മാധ്യമങ്ങളിലും മറ്റും ആരാധകരും വിമർശകരും ഉന്നയിക്കുന്ന ആക്ഷേപങ്ങളും ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ്, മത്സരത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകി അർജന്റീന അടുത്ത പോരിനിറങ്ങുന്നത്. യൂറോപ്യൻ കരുത്തരായ സ്വിറ്റ്സർലൻഡാണ് എതിരാളികൾ. പ്രീക്വാർട്ടറിൽ തെക്കനമേരിക്കൻ പവർഹൗസായ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് സ്വിസ് സംഘം മുന്നേറിയത്. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 6.30ന് കൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിലാണ് അർജന്റീന x സ്വിറ്റ്സർലൻഡ് ഹൈ പവർ പോരാട്ടം.
ഈജിപ്ഷ്യൻ ഷോക്കിൽ അർജന്റീന
പ്രീക്വാർട്ടറിലെ ഹൈ വോൾട്ട് മത്സരത്തിൽ മുഹമ്മദ് സലാഹിന്റെ ഈജിപ്തിനെതിരെ തപ്പിത്തടഞ്ഞ് ജയിച്ചുവെങ്കിലും അർജന്റീനയുടെ വീഴ്ചകളിലേക്ക് വിരൽചൂണ്ടുന്ന മത്സരമായിരുന്നു അത്. കളിയുടെ 79 മിനിറ്റും രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം, ഏറെ വിയർപ്പൊഴുക്കി തിരിച്ചുവന്നാണ് മെസ്സിപ്പട വിജയം നേടിയത്. അവസാന മിനിറ്റുകളിൽ നേടിയ മൂന്ന് ഗോളുകൾ അർജന്റീനയുടെ ചാമ്പ്യൻ തിരിച്ചുവരവിന്റെ സാക്ഷ്യമായെങ്കിലും ഗോളടിക്കാനോ, വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾക്കോ അനുവദിക്കാതെ ഈജിപ്ത് കുരുക്കിട്ടത് കോച്ച് സ്കലോണിയെയും ഭയപ്പെടുത്തുന്നതാണ്. അവസാന മിനിറ്റുകളിൽ കെട്ടഴിച്ചുവിട്ട ആക്രമണ ഗെയിമാണ് മത്സരത്തിൽ അർജന്റീനക്ക് വിജയം നൽകിയത്. റൗണ്ട് ഓഫ് 32ൽ കേപ് വെർഡെക്കെതിരെ കളി എക്സ്ട്രാ ടൈമിലേക്ക് പോയതും ടീമിന്റെ പ്രതിരോധത്തിലെ മികവിന് ഭീഷണിയായി ഉയർത്തിക്കാട്ടുന്നു. അവസാന രണ്ട് കളിയിലും ടീം നാല് ഗോളുകളാണ് വഴങ്ങിയത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ചോരാത്ത കൈകൾ തളരുന്നതും, ക്രിസ്റ്റ്യൻ റൊമീറോ, ലിസാന്ദ്രോ മാർട്ടിനസ്, ടഗ്ലിയാഫികോ, മോണ്ടിയാൽ പ്രതിരോധം പൊളിച്ച് എതിരാളികൾ കയറുന്നതുമെല്ലാം ശുഭ സൂചനയല്ല. ലോകറാങ്കിങ്ങിൽ പത്തിനുള്ളിലുള്ള ടീമുകളെ നേരിടാതെയാണ് അർജന്റീന ക്വാർട്ടർ വരെയെത്തിയതെന്ന പേരുദോഷവുമുണ്ട്.
ടൂർണമെന്റിൽ, അർജന്റീനയെ കാത്തിരിക്കുന്ന ആദ്യ ഹൈവോൾട്ട് ടെസ്റ്റാണ് സ്വിറ്റ്സർലൻഡിൽ നിന്നുള്ളത്. ഈജിപ്തിനേക്കാൾ പ്രഹര ശേഷിയുള്ളവരും, മികച്ച ഒത്തിണക്കവും പ്രകടിപ്പിക്കുന്ന സ്വിറ്റ്സർലൻഡ് ആദ്യം ലീഡ് നേടിയാൽ, പിടിച്ചുനിൽക്കാൻ കരുത്തുള്ളവരാണ്.
ടൂർണമെന്റിലും യോഗ്യതാ റൗണ്ടുകളിലും സ്ഥിരതയാർന്ന പ്രകടനമാണ് സ്വിറ്റ്സർലൻഡിന്റേത്. ഗ്രൂപ് റൗണ്ടിലും നോക്കൗട്ടിലും തോൽവിയറിഞ്ഞിട്ടില്ല. ഒരുഘട്ടത്തിൽ പോലും മത്സരത്തിൽ പിന്നിലുമായിട്ടില്ല. ഗോൾ പിറക്കാത്ത പ്രീക്വാർട്ടറിൽ ഷൂട്ടൗട്ടിൽ 4-3നായിരുന്നു ടീമിന്റെ വിജയം.
അതേസമയം, പരിക്കേറ്റ യുവതാരം ജൊഹാൻ മൻസാംബി നാളെ കളിക്കുമോയെന്നത് സ്വിസ് ക്യാമ്പിനെ അലട്ടുന്നു. മൂന്ന് ഗോൾ നേടിയ താരം പ്രീക്വാർട്ടറിലും കളിച്ചിരുന്നില്ല. ഡിഫൻഡ്സ് മൈൻഡ് എൻജിൻ മുറിയിൽ റിമോ ഫ്രൂലർ, ക്യാപ്റ്റൻ ഗ്രനിത് ഷാ എന്നിവർ മധ്യനിര നിയന്ത്രിക്കും. പ്രതിരോധത്തിൽ നികോ എൽവെദി, മാനുവൽ അകഞ്ജി എന്നിവരും മിന്നും ഫോമിലാണ്. സ്ട്രൈക്കർ റോളിൽ ബ്രീൽ എംബോളോ, റുബൻ വർഗാസ് എന്നിവർ രണ്ട് ഗോളുമായും പ്രതീക്ഷ നൽകുന്നു. മെസ്സിയിലേക്ക് ഒഴുകുന്ന പന്തുമായി റോഡ്രിഗോ ഡി പോൾ, മക് അലിസ്റ്റർ മധ്യനിരയാണ് അർജന്റീനയുടെ കരുത്തെങ്കിൽ, എതിർ മധ്യനിരയുടെ ഒഴുക്കിന് തടയിടുകയാവും സ്വിസ് ലക്ഷ്യം.
