ഹിറ്റ്മാൻ യുഗം അവസാനിക്കുന്നു! ലോകകപ്പിൽ പരിഗണിക്കില്ലെന്ന് രോഹിത്തിനോട് സെലക്ടർമാർ; ലോർഡ്സിലേത് അവസാന ഏകദിനം?

ലണ്ടൻ: പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഞായറാഴ്ച ക്രിക്കറ്റിന്‍റെ മക്കയെന്ന് അറിയപ്പെടുന്ന ചരിത്ര പ്രസിദ്ധമായ ലോർഡ്‌സ് മൈതാനത്ത് വെറ്ററൻ താരം രോഹിത് ശർമ ഇന്ത്യക്കായി അവസാന ഏകദിനം കളിക്കും. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കില്ലെന്ന് 39കാരനായ രോഹിത്തിനെ സെലക്ടർമാർ അറിയിച്ചതായാണ് വിവരം.

നേരത്തെ ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച ഹിറ്റ്മാൻ നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്നത്. കാർഡിഫിലെ സോഫിയ ഗാർഡൻസിൽ നടന്ന രണ്ടാം ഏകദിനത്തിലും താരത്തിന് തിളങ്ങാനായില്ല. 47 പന്തുകൾ നേരിട്ട താരം 26 റൺസെടുത്ത് പുറത്തായി. എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ഏകദിനത്തിൽ 11 റൺസാണ് സമ്പാദ്യം. കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരായ ഹോം ഏകദിന പരമ്പരയിലും താരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കനായില്ല. 79, 48, 16 എന്നിങ്ങനെയായിരുന്നു മൂന്നു ഇന്നിങ്സുകളിലെ സ്കോർ. ഇതിനുമുമ്പ് നടന്ന ഐ.പി.എല്ലിലും രോഹിത് മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിനുശേഷം രോഹിത് ടീമിന്റെ പരിഗണനയിലില്ലെന്നും ഈ പരമ്പരക്കു ശേഷം അദ്ദേഹത്തെ ഒഴിവാക്കുകയാണെന്നും സെലക്ടർമാർ രോഹിത്തിനെ അറിയിച്ചതായി ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റൊരു വെറ്ററൻ താരമായ വിരാട് കോഹ്ലിയും സെലക്ടർമാരുട നിരീക്ഷണത്തിലാണ്. യുവതാരം ‍‍‍യശസ്വി ജയ്സ്വാളിന് അവസരം നൽകാനാണ് ബി.സി.സി.ഐ തീരുമാനം. ‍‍ 2007ൽ അയർലൻഡിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക പദവിയിലെത്തി. 2024ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 2025 മെയ് മാസത്തിൽ ടെസ്റ്റ് ക്രിക്കറ്റും മതിയാക്കി.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ രോഹിത്തിന്‍റെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരെ നേടിയ 264 റൺസ്. കൂടാതെ, ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറികളും താരം നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം എന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്. 2007ലെ ട്വന്‍റി20 ലോകകപ്പ്, 2013ലെ ചാമ്പ്യൻസ് ട്രോഫി, 2024ലെ ട്വന്‍റി20 ലോകകപ്പ് എന്നിവ വിജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2019ലെ ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടി അദ്ദേഹം റെക്കോഡ് സൃഷ്ടിച്ചിരുന്നു.