'അവിശ്വസനീയം'; കുഞ്ഞ് യമാലിനൊപ്പമുള്ള ചിത്രത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മെസ്സി

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ വരാനിരിക്കെ, സ്പാനിഷ് യുവതാരം ലമീൻ യമാലിനൊപ്പമുള്ള തന്റെ വൈറൽ ചിത്രത്തെക്കുറിച്ച് പ്രതികരിച്ച് അർജന്റീന നായകൻ ലയണൽ മെസ്സി. 2007-ൽ കുഞ്ഞായിരുന്ന യമാലിനെ മെസ്സി കുളിപ്പിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും തരംഗമായതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
ന്യൂയോർക്കിൽ നടന്ന ഫിഫയുടെ ഫനാറ്റിക്സ് ഫെസ്റ്റിൽ സംസാരിക്കുമ്പോഴാണ് മെസ്സി മനസ്സുതുറന്നത്. “ആ ചിത്രം തികച്ചും അവിശ്വസനീയമാണ്. അവൻ വെറുമൊരു കുഞ്ഞായിരുന്നപ്പോഴാണ് ഞാൻ ആ ചിത്രമെടുത്തത്. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരേ ലോകകപ്പ് ഫൈനലിൽ കളിക്കാൻ പോകുന്നു എന്നത് അസാധാരണമായ കാര്യമാണ്,” മെസ്സി പറഞ്ഞു.
യമാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്ന് പറഞ്ഞ മെസ്സി, ഫൈനലിൽ സ്പെയിനെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വ്യക്തമാക്കി. “അവൻ ഒരു അസാധ്യ കളിക്കാരനാണ്, ആഗോള താരം. അവന്റെ വിജയം ബാഴ്‌സലോണയുടെ കൂടി വിജയമായതുകൊണ്ട് അവന് ഞാൻ എല്ലാ ആശംസകളും നേരുന്നു. യമാലിന് 19 വയസ്സ് മാത്രമാണ് പ്രായം, വലിയൊരു കരിയർ അവന് മുന്നിലുണ്ട്. എന്നാൽ, ഫൈനലിൽ അവന്റെ മികച്ച കളി പുറത്തെടുക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഇത്തവണ അവൻ ചാമ്പ്യനാകില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാം മറന്ന് പോരാടും. സ്പെയിൻ മികച്ചൊരു ടീമാണ്, യമാൽ മാത്രമല്ല അവർക്കുള്ളതെന്നും ഓർക്കണം,” മെസ്സി കൂട്ടിച്ചേർത്തു.
2007-ൽ യുണിസെഫും സ്പാനിഷ് കായിക മാധ്യമമായ ‘സ്പോർട്ടും’ ചേർന്ന് പുറത്തിറക്കിയ ചാരിറ്റി കലണ്ടറിന് വേണ്ടിയാണ് ബാഴ്‌സലോണയുടെ ക്യാമ്പ് നൗ സ്റ്റേഡിയത്തിൽ വെച്ച് ആ ചിത്രമെടുത്തത്. ഫോട്ടോഗ്രാഫർ ജോവാൻ മോൺഫോർട്ട് പകർത്തിയ ചിത്രത്തിൽ അന്ന് 20 വയസ്സുകാരനായ മെസ്സിയാണ് ഉണ്ടായിരുന്നത്. 19 വർഷങ്ങൾക്ക് ശേഷം ഇരുവരും ലോകകപ്പ് ഫൈനലിൽ നേർക്കുനേർ വരുന്നു എന്നതാണ് കായികലോകത്തെ അമ്പരപ്പിക്കുന്നത്.
ചിത്രം ആദ്യമായി കണ്ടപ്പോൾ മിക്ക ആളുകൾക്കുമുണ്ടായ അതേ അമ്പരപ്പായിരുന്നു സ്പാനിഷ് താരം മിക്കേൽ മെറിനോയും പങ്കുവെച്ചത്. “ആദ്യമായി കണ്ടപ്പോൾ ഇതൊരു എ.ഐ നിർമ്മിത ചിത്രമാണെന്നും യഥാർത്ഥമല്ലെന്നുമാണ് കരുതിയത്. ഫുട്ബാൾ ചരിത്രത്തിലെ മികച്ച രണ്ടു കളിക്കാർ ഇങ്ങനെയൊരു ചിത്രത്തിൽ വരിക എന്നത് അവിശ്വസനീയമാണ്,” മെറിനോ പറഞ്ഞു.
ഇരുതാരങ്ങളുടെയും ക്ലബ്ബായ ബാഴ്‌സലോണയുടെ ആരാധകരും ഫൈനലിന് മുന്നോടിയായി വലിയ ധർമ്മസങ്കടത്തിലാണ്. ഇതിഹാസ താരം മെസ്സിയോടും പുതിയ സെൻസേഷൻ യമാലിനോടും ഒരേപോലെ സ്നേഹമുള്ളതിനാൽ ആര് ജയിക്കണമെന്ന കാര്യത്തിൽ തങ്ങളുടെ ഹൃദയം പകുക്കപ്പെട്ടിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. ജൂലൈ 19 ഞായറാഴ്ച ന്യൂജേഴ്‌സിയിൽ നടക്കുന്ന മെസ്സി-യമാൽ സ്വപ്ന പോരാട്ടത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.
