പ്രതിപക്ഷ എംപിമാർ ഒരുമിച്ച്, കൂടുതൽ പ്രതിഷേധത്തിന് നീക്കം? എംപിമാർ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക്, രാഹുലിന്റെ വസതിയിൽ ബസുകൾ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിൽ നിർണായക നീക്കം. രാഹുൽ ഗാന്ധിയുടെ വസതിയിൽ എംപിമാരുടെ യോഗം ചേരുന്നു. ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് യോഗം ചേരുന്നത്.സോണിയ ഗാന്ധി വസതിയിൽ എത്തി. രാഹുലിന്റെ സുനേരി ബാഗിലെ വസതിയിലാണ് യോഗം നടക്കുന്നത്.രാഹുൽ ഗാന്ധിയുടെ വസതിക്കു മുന്നിൽ വൻ പൊലീസ് വിന്യാസം.

ജോൺ ബ്രിട്ടാസ് എംപി, റഹീം, സന്തോഷ് കുമാർ എംപി തുടങ്ങിയവർ എത്തി. പുറത്തേക്ക് പോകാൻ രാഹുലിന്റെ വീട്ടിൽ ബസുകൾ തയാറാക്കി. 2 മണിക്കൂർ മുന്നെയാണ് എം പി മാർക്ക് മീറ്റിംഗ് വിവരം ലഭിച്ചത്. രാഹുലിന്റെ വസതിക്ക് ഇരുവശവും പൊലീസ് റോഡുകൾ അടച്ചു. റോഡിന് കുറുകെ ബസ് സ്ഥാപിച്ചു. റോഡിന് ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിച്ചതിനു പുറമെയാണ് ബസുകൾ. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ മേഖലയിൽ എത്തി.

അതേസമയം നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഇന്ത്യയിലുടനീളമുള്ള പോലീസ് ക്രൂരതയുടെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മുഴുവൻ ജനക്കൂട്ടത്തിന്റെയും മുന്നിൽ വെച്ച് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉറക്കെ വായിക്കണമെന്നും അനുമതികൾക്കും മറ്റ് ക്രമീകരണങ്ങൾക്കുമായി വിദ്യാർത്ഥി യൂണിയനുകളും മറ്റ് സംഘടനകളും ഒന്നിച്ചുനിന്ന് പ്രവർത്തിക്കണമെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ സിജെപി ആവശ്യപ്പെട്ടു.

നേരത്തെ, പനിയും കടുത്ത ശരീരവേദനയും കാരണം ഏതാനും മണിക്കൂറുകൾ ജന്തർ മന്ദിറിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് വിട്ടുനിൽക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെടുന്നുണ്ടെന്നും വേദനസംഹാരികൾ കഴിച്ചാണ് താൻ മുന്നോട്ടുപോയതെന്നും അഭിജീത്ത് അറിയിച്ചു. കുറച്ചു മണിക്കൂറുകൾ വിശ്രമം ആവശ്യമാണെന്നും വൈകുന്നേരത്തോടെ പ്രതിഷേധ സ്ഥലത്തേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *