എതിർതാരം സുഖം പ്രാപിക്കും വരെ വിലക്ക്; കടുത്ത ടാക്ലിന് പിന്നാലെ പ്രതിരോധ താരത്തിന് അപൂർവ ശിക്ഷ വിധിച്ച് കോടതി

റിയോ ഡി ജെനീറോ: എതിർതാരത്തിന് ഗുരുതരമായി പരിക്കേൽപ്പിച്ച കടുത്ത ഫൗളിന് ചരിത്രത്തിലില്ലാത്ത അപൂർവ ശിക്ഷ വിധിച്ച് ബ്രസീലിയൻ കായിക കോടതി. ഇന്റർനാഷണൽ ക്ലബ്ബിന്റെ ഡിഫൻഡറായ വിക്ടർ ഗബ്രിയേലിനാണ് ബ്രസീലിലെ സുപ്പീരിയർ കോർട്ട് ഓഫ് സ്‌പോർട്‌സ് ജസ്റ്റിസ് അസാധാരണമായ ശിക്ഷ പ്രഖ്യാപിച്ചത്.

ഗബ്രിയേലിന്റെ ഫൗളിൽ പരിക്കേറ്റ ക്രൂസെയ്‌റോ മുന്നേറ്റ താരം ഗബ്രിയേൽ പെക് സുഖം പ്രാപിച്ച് പരിശീലനത്തിലേക്ക് തിരിച്ചെത്തുന്നത് വരെ വിക്ടർ ഗബ്രിയേലിന് കളിക്കളത്തിൽ നിന്ന് വിലക്ക് നിലനിൽക്കും. പരമാവധി 180 ദിവസത്തേക്കായിരിക്കും ഈ സസ്‌പെൻഷൻ.

ജൂലൈ 22-ന് നടന്ന ബ്രസീലിയൻ സിരി എ മത്സരത്തിനിടെയായിരുന്നു സംഭവം. അപകടകരമായ രീതിയിൽ ഗബ്രിയേൽ പെക്കിനെ ഫൗൾ ചെയ്ത വിക്ടർ ഗബ്രിയേലിന് റഫറി നേരിട്ട് ചുവപ്പുകാർഡ് കാണിച്ചിരുന്നു. അടിയന്തിര പരിശോധനയിൽ പെക്കിന്റെ ഇടത് കാലിലെ അസ്ഥിക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. അമേരിക്കൻ ലീഗ് ക്ലബ്ബായ എൽ.എ ഗാലക്സിയിൽ നിന്ന് അടുത്തിടെ ക്രൂസെയ്‌റോയിലെത്തിയ പെക്കിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

സാധാരണ നൽകുന്ന മത്സര വിലക്കുകൾ കുറ്റത്തിന്റെ തീവ്രതയ്ക്ക് മതിയാകില്ലെന്ന് വിലയിരുത്തിയാണ് കോടതി ഈ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത്. “പരിക്കേറ്റ താരം പരിശീലനത്തിലേക്ക് തിരിച്ചെത്തുന്നത് വരെ, പരമാവധി 180 ദിവസത്തെ പരിധിക്ക് വിധേയമായി പ്രതിക്ക് വിലക്ക് നേരിടേണ്ടിവരും” എന്ന് കോടതി വ്യക്തമാക്കി. കളിക്കളത്തിലെ ക്രൂരമായ ഫൗളുകൾക്കെതിരെയും കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കടുത്ത നടപടികൾ അത്യാവശ്യമാണെന്ന സന്ദേശമാണ് കോടതി നൽകുന്നത്. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകാൻ ഇന്റർനാഷണൽ ക്ലബ്ബിന് അവസരമുണ്ട്.

തന്റെ ഭാഗത്തുനിന്ന് മനഃപൂർവം അപരാധമൊന്നും ഉണ്ടായിട്ടില്ലെന്നും നിർഭാഗ്യവശാൽ സംഭവിച്ചതാണെന്നും വിക്ടർ ഗബ്രിയേൽ കോടതിയിൽ പറഞ്ഞു. “തീർത്തും നിർഭാഗ്യകരമായ സംഭവമായിരുന്നു അത്. അദ്ദേഹത്തോട് ഞാൻ മാപ്പ് അപേക്ഷിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ആ നിമിഷത്തിൽ അദ്ദേഹത്തിനായി പ്രാർത്ഥിക്കുകയല്ലാതെ എനിക്ക് വേറെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല,” താരം വ്യക്തമാക്കി.

അതേസമയം, വിചാരണയ്ക്കിടെ ഇന്റർനാഷണൽ ക്ലബ്ബ് ഗബ്രിയേലിന്റെ പ്രതിരോധത്തിനായി സമർപ്പിച്ച ഓഡിയോ തെളിവുകൾ വലിയ വിവാദത്തിനിടയാക്കി. ക്ലബ്ബ് ഹാജരാക്കിയത് ഔദ്യോഗിക വി.എ.ആർ ഓഡിയോ അല്ലെന്നും സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചതാണെന്നും പിന്നീട് ക്ലബ്ബിന് സമ്മതിക്കേണ്ടി വന്നു. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയെക്കുറിച്ചും സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.