'ഒരു വിട്ടുവീഴ്ചയും പാടില്ല, പരിധികൾ മറികടക്കണം'; ശ്രീലങ്കൻ പര്യടനത്തിന് മുൻപ് ഇന്ത്യൻ ടീമിന് ഗംഭീറിന്റെ മുന്നറിയിപ്പ്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് കർശന നിർദേശങ്ങളുമായി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. പരിശീലനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും വെല്ലുവിളികൾക്ക് മുന്നിൽ പൂർണ്ണ സജ്ജരായിരിക്കണമെന്നും ഗംഭീർ കളിക്കാരോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കൊളംബോയിൽ ആരംഭിക്കുന്ന ത്രിദിന പരിശീലന മത്സരത്തിന് മുന്നോടിയായി ബി.സി.സി.ഐ പുറത്തുവിട്ട വീഡിയോയിലാണ് ഗംഭീറിന്റെ ഈ പ്രതികരണം.
“നമ്മുടെ മുന്നിലുള്ള ലക്ഷ്യം വ്യക്തമാണ്. എന്തിനുവേണ്ടിയാണ് നമ്മൾ കളിക്കുന്നതെന്നും നമുക്കറിയാം. നമ്മുടെ പരിധികൾ മറികടന്ന് പരിശീലിക്കാനും അത്വഴി കാര്യങ്ങൾ നേടിയെടുക്കാനും നമുക്ക് സാധിക്കും. ഓഗസ്റ്റ് 15-ന് രാവിലെ കളത്തിലിറങ്ങുമ്പോൾ, അത് ആദ്യം ബാറ്റ് ചെയ്താലും ബോൾ ചെയ്താലും, എതിരാളികൾ ഉയർത്തുന്ന ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ നാം തയ്യാറായിരിക്കണം. അതിനാൽ ഇനിയുള്ള സമയങ്ങളിൽ ഒരു കാര്യത്തിലും വീഴ്ചകളില്ലെന്ന് നമ്മൾ ഉറപ്പാക്കണം” – ഗംഭീർ താരങ്ങൾക്ക് നിർദേശം നൽകി.
പുതുതായി ടീമിലെത്തിയ സാരൻഷ് ജെയിൻ, ആഖിബ് നബി എന്നിവരെയും പുതിയ ഫീൽഡിങ് കോച്ച് സുഭ്ദീപ് ഘോഷിനെയും ഗംഭീർ ടീമിലേക്ക് സ്വാഗതം ചെയ്തു. മധ്യപ്രദേശിൽ നിന്നുള്ള ഓൾറൗണ്ടറായ സാരൻഷ് ജെയിന്റെ കഠിനാധ്വാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ 60 വിക്കറ്റുകൾ വീഴ്ത്തി ജമ്മു കശ്മീരിന് കന്നി കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പേസർ ആഖിബ് നബിയുടെ പ്രകടനത്തെയും ഗംഭീർ അഭിനന്ദിച്ചു. ലഭിക്കുന്ന അവസരങ്ങൾ രാജ്യത്തിനും കുടുംബത്തിനും അഭിമാനമാകുന്ന രീതിയിൽ വിനിയോഗിക്കണമെന്നും അദ്ദേഹം യുവതാരങ്ങളെ ഓർമ്മിപ്പിച്ചു.
അവസാന ടെസ്റ്റ് പരമ്പരകളിൽ സ്പിന്നിനെ നേരിടാൻ ബുദ്ധിമുട്ടിയ ഇന്ത്യൻ ബാറ്റർമാർക്ക് ശ്രീലങ്കൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഈ പരിശീലന മത്സരം നിർണായകമാണ്. നായകൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ എന്നിവർ സ്പിൻ ബൗളിങ്ങിനെതിരെ പ്രത്യേക പരിശീലനം നടത്തുന്നുണ്ട്.
2017-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്നത്. നിലവിലെ ടീമിൽ കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർക്ക് മാത്രമാണ് ലങ്കൻ മണ്ണിൽ മുൻപ് റെഡ് ബോൾ ക്രിക്കറ്റ് കളിച്ച പരിചയമുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഈ പരമ്പരയിലെ വിജയം ഇന്ത്യക്ക് അനിവാര്യമാണ്. പരിക്കേറ്റ പ്രധാന പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജാണ് ഇന്ത്യൻ ബൗളിങ് നിരയെ നയിക്കുന്നത്.
മത്സരക്രമം-
ഒന്നാം ടെസ്റ്റ്: ഓഗസ്റ്റ് 15 മുതൽ 19 വരെ (ഗാലെ)
രണ്ടാം ടെസ്റ്റ്: ഓഗസ്റ്റ് 23 മുതൽ 27 വരെ (കൊളംബോ)
ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ്- ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവദത്ത് പടിക്കൽ, സാരൻഷ് ജെയിൻ, ആഖിബ് നബി.
