സദ്യയില്ലാതെ മലയാളിക്ക് എന്ത് ഓണം

ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഓണസദ്യ. തിരുവോണ നാളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി വാഴയിലയിൽ സദ്യ കഴിക്കുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം കേവലം ഒരു ഭക്ഷണമല്ല, അതൊരു വികാരമാണ്. വാഴയിലയിൽ (നാക്കിലയിൽ) സദ്യ വിളമ്പുന്ന രീതിയും വിഭവങ്ങളുടെ ക്രമവും ശാസ്ത്രീയവും ചിട്ടയേറിയതുമാണ്.

ഇല വെക്കേണ്ട രീതി

 ഇലയുടെ ശരിയായ ദിശ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇലയുടെ വാടിയ ഭാഗം (ഞരമ്പിന്റെ നേർത്ത ഭാഗം) ഇരുന്നിരിക്കുന്ന ആളിന്റെ ഇടത്തുവശത്തും കൂർത്ത ഭാഗം വലത്തുവശത്തുമായിരിക്കണം. ഇത് സദ്യ വിളമ്പുന്നയാൾക്കും കഴിക്കുന്നയാൾക്കും സൗകര്യപ്രദമായ രീതിയാണ്. പൂർണ്ണമായ ഒരു ഓണസദ്യയിൽ 26-ലധികം വിഭവങ്ങളുണ്ടാകും. ചെറിയുപ്പേരി, ശർക്കര വരട്ടി, പഴം, പപ്പടം, ഉപ്പ്, ഇഞ്ചി, നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ, കിച്ചടി, ഓലൻ, പച്ചടി, തീയൽ, കാളൻ, മെഴുക്കുപുരട്ടി, തോരൻ, അവിയൽ, കൂട്ടുകറി, പുളിശ്ശേരി, മോര്, ചോറ്, പരിപ്പ്, നെയ്യ്, സാമ്പാർ, രസം, ഗോതമ്പ് / പരിപ്പ് പായസം, പാൽ അട പ്രഥമൻ തുടങ്ങിയ ക്രമത്തിലാണ് നാക്കിലയിൽ സദ്യവട്ടങ്ങൾ ഒരുങ്ങുന്നത്.

ഓണസദ്യയുടെ ഒരുക്കം

ഓണസദ്യയെന്നത് സദ്യവട്ടങ്ങൾ കൊണ്ട് സമ്പന്നമാണ്. മലയാളികൾ തിരുവോണനാളിൽ തൂശനിലയിലാണ് സദ്യ കഴിക്കുക. ഓണസദ്യ ഒരുക്കിക്കഴിഞ്ഞാൽ ആദ്യം കന്നിമൂലയിൽ നിലവിളക്ക് കൊളുത്തി, ചന്ദനത്തിരി കത്തിച്ച് തൂശനിലയിൽ മഹാബലിക്ക് സദ്യ വിളമ്പും. സദ്യയിൽ ആദ്യം നെയ്യ് ചേർത്ത് കഴിക്കുന്ന പരിപ്പ്, ചെറുപയർ കൊണ്ടോ തുവരപരിപ്പ് കൊണ്ടോ ഉള്ള കറിയാണ് ആദ്യം വെക്കുക. പിന്നീട് സദ്യയുടെ അവിഭാജ്യ ഘടകമായ സാമ്പാർ. സദ്യയുടെ ഏറ്റവും പ്രധാന വിഭവങ്ങളിൽ ഒന്നാണ് അവിയൽ. 

സദ്യയിൽ ഇലയുടെ അറ്റം ഇടതുഭാഗത്തും മുറിഞ്ഞ വീതിയുള്ള വശം ഊണ് കഴിക്കുന്ന ആളുടെ വലതുവശത്തും വരുന്ന രീതിയിൽ വേണം ഇടാൻ. കഴിക്കുമ്പോൾ വരുന്ന അവശിഷ്ടങ്ങളും വലതുവശത്താണ് വെക്കേണ്ടത്.

എങ്ങനെ കഴിക്കാം?

ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുക. സാധാരണയായി മൂന്നിനം ഉപ്പേരിയാണ് വിളമ്പാറുള്ളത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി എന്നിവ. വിഭവങ്ങളിൽ ഉപ്പ് കൂടുതൽ ആവശ്യമുള്ളവർക്കായി ഉപ്പും വെക്കാറുണ്ട്. ശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും വിളമ്പും. തുടർന്ന് ഇഞ്ചിക്കറി, നാരങ്ങാക്കറി, മാങ്ങാക്കറി എന്നിവയും ഇലയിലുണ്ടാകും.

ഇലയുടെ വലത്തെ അറ്റത്തായി അവിയലും അതിന് സമീപം തോരനും കിച്ചടിയും പച്ചടിയും വിളമ്പും. തുടർന്ന് കൂട്ടുകറി, കാളൻ, ഓലൻ, തോരൻ, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റ് കറികൾ. ഇതു കഴിഞ്ഞാൽ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണു തുടങ്ങാം. ശേഷം സാമ്പാർ കൂട്ടി ചോറു കഴിക്കാം. അതും കഴിഞ്ഞാൽ ചിലയിടങ്ങളിൽ പായസം വിളമ്പാറുണ്ട്. എന്നാൽ, ചിലയിടത്ത് സാമ്പാറിനുശേഷം പുളിശ്ശേരിയോ കാളനോ വിളമ്പാറുണ്ട്.

പായസങ്ങളുടെ രാജാവായ അടപ്രഥമനാണ് ആദ്യം വിളമ്പാറ്. ശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ് പായസം എന്നിവയും വിളമ്പും. ഏറ്റവും അവസാനം പാൽപ്പായസം വിളമ്പും. തെക്കെൻ കേരളത്തിലെ ചിലയിടങ്ങളിൽ പായസത്തിനൊപ്പം ബോളി എന്ന പലഹാരം കൂടി നൽകാറുണ്ട്. പായസങ്ങൾ കഴിഞ്ഞാൽ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളിൽ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂർണ്ണമാകുന്നത്.