കോട്ടൂർ പള്ളിയിലെ പ്രാവിൻകൂട്: ഒരു ചരിത്ര ശേഷിപ്പിന്റെ വീണ്ടെടുപ്പ്

പുനർ നിർമിച്ച പ്രാവിന്കൂട്
അരൂക്കുറ്റി: വടുതല കോട്ടൂർ പള്ളിയോട് ചേർന്ന് നിൽക്കുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രാവിൻകൂട് പൗരാണിക പ്രൗഢിയും വാസ്തുവിദ്യാ തനിമയും നിലനിർത്തി പുനർ നിർമിച്ചു. കാലപ്പഴക്കത്താൽ നശിച്ചു കൊണ്ടിരുന്ന ഇത് കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പരിപാലന സമിതി മുൻകൈയെടുത്താണ് മനോഹരമായി പുതുക്കി പണിതത്.
പുരാതന വാസ്തുവിദ്യ തനിമയിലും പാരമ്പര്യ പ്രൗഢിയിലും തലയെടുപ്പോടെ നിൽക്കുന്ന കോട്ടൂർ പള്ളിയുടെ എക്കാലത്തേയും മറ്റൊരു ആകർഷണമായിരുന്നു പള്ളി മുറ്റത്തോട് ചേർന്നു നിൽക്കുന്ന പ്രാവിൻകൂട്. ഇത് എന്നു പണിതു എന്നതിന് കൃത്യമായി രേഖകളില്ല എങ്കിലും ഏകദേശം ഒന്നര നൂറ്റാണ്ട് മുമ്പ് സയ്യിദ് മൗലാനാ തങ്ങൾ കോട്ടൂർ പള്ളി പണിത സമയത്ത് അദ്ദേഹത്തിന്റെ കാർമികത്വത്തിൽ പ്രാവിൻകൂടും നിർമിച്ചു എന്നാണ് അനുമാനിക്കുന്നതെന്ന് കോട്ടൂർ കാട്ടുപുറം മഹല്ല് ജമാഅത്ത് പ്രസിഡന്റ് പി.എ ഷംസുദ്ദീൻ പറഞ്ഞു.
അന്ന് കല്ലുകൾ അടുക്കി വെച്ചുള്ള ഒരു സ്തൂപത്തിൽ പൂർണമായും തടി കൊണ്ടു നിർമിക്കപ്പെട്ട പ്രാവിൻകൂട് ഒന്നര നൂറ്റാണ്ടിലധികം കേടുപാടുകൾ കൂടാതെ നിലനിന്നിരുന്നു. കാലപ്പഴക്കം മൂലം കേടുപാടുകൾ ഉണ്ടായതുകൊണ്ടാണ് നേരത്തെ ഇത് പുനർനിർമിച്ചത്. എന്നാൽ, മരത്തിനു പകരം ഇരുമ്പ് കൊണ്ട് കൂട് ഉണ്ടാക്കിയതു മൂലം ഉദ്ദേശം 10 വർഷം കഴിഞ്ഞപ്പോൾ തുരുമ്പെടുത്ത് നശിക്കുകയായിരുന്നു. ഈ അവസ്ഥയിലാണ് പഴയ തനിമയും മരം കൊണ്ടുള്ള നിർമാണ ചാരുതയും നിലനിർത്തി കൂട് പുതുക്കി പണിതത്.
