തിരുവോണം ബംപർ; യഥാർഥ അവകാശി താനാണെന്ന വാദവുമായി തമിഴ്നാട് സ്വദേശി രംഗത്ത്

പാലക്കാട്: അജ്ഞാതൻ കൈപറ്റിയ തിരുവോണം ബംപർ ലഭിച്ച ലോട്ടറിയുടെ യഥാർഥ അവകാശി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി രംഗത്ത്. സാദിഖ് എന്നുപേരുള്ളയാളാണ് തിരുവോണം ബംപറിന് അർഹനായത് താനാണെന്ന അവകാശവാദവുമായി പാലക്കാട് എസ്.പി ഓഫിസിലെത്തിയത്.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നപ്പോഴാണ് ടിക്കറ്റ് എടുത്തതെന്നും കൈവശമുണ്ടായിരുന്ന ടിക്കറ്റ് നഷ്ടപ്പെട്ടെന്നും എന്നാൽ ചിത്രം മൊബൈലിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. സാദിഖിന്റെ അവകാശവാദത്തിൽ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ടിക്കറ്റിന്റെ ചിത്രം ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചുവരികയാണ്.
ഇത്തവണത്തെ തിരുവോണം ബംപർ ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ചത് TL 360615 എന്ന ടിക്കറ്റിനാണ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നാണ് നേരത്തെ പുറത്തുവന്നിരുന്നത്. എന്നാൽ, ഭാഗ്യശാലി നേരത്തെ തന്നെ ലോട്ടറി വകുപ്പിനെ സമീപിച്ച് സമ്മാനത്തുക കൈപ്പറ്റിയതായും സ്ഥിരീകരണമുണ്ട്. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ലോട്ടറി വകുപ്പ് ഇയാളുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് ബുധനാഴ്ച പുതിയ അവകാശവാദവുമായി തമിഴ്നാട് സ്വദേശി പാലക്കാട് എസ്.പി ഓഫിസിലെത്തിയത്.
450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്. ഇത്തവണ ഒന്നാം സമ്മാനത്തുക 30 കോടി രൂപയും കഴിഞ്ഞ വര്‍ഷം 75 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും.
