ജിംസിത്ത് കാമറ ചലിപ്പിക്കുന്നു; നാട്ടുതുടിപ്പുകളുടെ വീണ്ടെടുപ്പിന്

മലപ്പുറം: കാലാന്തരത്തിൽ മറന്നുപോകാനിടയുള്ള നാട്ടുതുടിപ്പുകളെ നെഞ്ചോടുചേർക്കുകയും നമ്മൾ പരിചയിച്ച് കൊണ്ടുനടന്ന നാടൻകലാവിഷ്കാരങ്ങളെ വരുംതലമുറക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ചിലരെങ്കിലും ഇന്നും നമുക്കിടയിലുണ്ട്. അവരിലൂടെയാവും ഒരുപക്ഷേ പുതുതലമുറ നമ്മുടെ പൈതൃക പാരമ്പര്യങ്ങളെ കുറിച്ചും നാട്ടുകലകളെ കുറിച്ചും ഇനി അറിയുന്നുണ്ടാവുക. അത്തരത്തിൽ, വിഭിന്നമായ വഴിയിലൂടെ സഞ്ചരിച്ച് നാടിന്‍റെ ഫോക് ലോർ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് ഗവേഷകനും ഡോക്യുമെന്ററി സംവിധായകനുമായ ജിംസിത്ത് അമ്പലപ്പാട്.
കേരളത്തിലെ വിവിധ കലാരൂപങ്ങളുടെ ചരിത്രവും പ്രാധാന്യവും ഭാവി തലമുറകൾക്ക് മനസ്സിലാക്കാനായി അവയുടെ ദൃശ്യാവിഷ്കാരം നടത്തി സംരക്ഷിക്കുക എന്ന ദൗത്യമാണ് ജിംസിത്ത് സ്വയം ഏറ്റെടുത്ത് നടത്തുന്നത്. കേരളത്തിന്റെ തനത് പൈതൃകകലകളെ അടിസ്ഥാനമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘നാട്യകല’ എന്ന ഫോക് ലോർ സിനിമ ഇതിനകം ശ്രദ്ധ നേടിയതാണ്. തെയ്യം, കളരിപ്പയറ്റ്, കോൽക്കളി എന്നീ കലകളുടെ ചരിത്രവും അവതരണവും സമഗ്രമായി വിവരിക്കുന്ന, കേരളത്തിലെ ആദ്യത്തെ മുഴുനീള ഫോക് ലോർ സിനിമയായി ‘നാട്യകല’യെ വിശേഷിപ്പിക്കാം.
വിവിധ രാജ്യങ്ങളിലായി 150ലേറെ വേദികളിൽ ‘നാട്യകല’ പ്രദർശിപ്പിച്ചു കഴിഞ്ഞു. തെയ്യം, കളരിപ്പയറ്റ്, കോൽക്കളി തുടങ്ങിയ കേരളീയ കലകളുടെ ചരിത്രം, അവതരണം, ഇവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും നിലനിർത്തുന്നതിന്‍റെയും ആവശ്യകത എന്നിവക്ക് ഊന്നൽ നൽകിയാണ് ഈ ചിത്രം മുന്നേറുന്നത്.
ഹ്രസ്വചിത്ര സംവിധാനത്തിന് പുറമെ സാങ്കേതിക രംഗത്തും നാടൻകലകളെ ഉയർത്തികാണിക്കാനുള്ള ശ്രമങ്ങളും ജിംസിത്ത് നടത്തിയിട്ടുണ്ട്. 2024ലെ കേരള സാംസ്കാരിക വകുപ്പിന്റെ മലയാളം മിഷൻ ‘മലയാള ഭാഷാപ്രതിഭ’ പുരസ്കാരം ജിംസിത്ത് അമ്പലപ്പാടിനായിരുന്നു. മലയാള ഭാഷയെ സാങ്കേതികവിദ്യാസൗഹൃദമാക്കുന്നതിന്റെ ഭാഗമായി നൂതനാശയങ്ങൾ നടപ്പാക്കുന്നതിനായിരുന്നു പുരസ്കാരം.
വയനാട്ടിലെ പണിയ സമുദായത്തിന്റെ വട്ടക്കളിയെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിക്ക് ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ നാഷനൽ അവാർഡും മാപ്പിള ഫോക് കലകളുടെ പ്രോത്സാഹനത്തിന് 2023 ൽ കേരള മാപ്പിളകലാ അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ പാട്ടും ചുവടും ഡോക്യുമെൻ്ററി മാപ്പിള കലാ അക്കാദമി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളുടെ സിലബസിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കർണാടകയിലും കാസർകോട് ജില്ലയുടെ അതിർത്തിപ്രദേശങ്ങളിലും പ്രചാരത്തിലുള്ള യക്ഷഗാനത്തിന്റെ ചരിത്രത്തെക്കുറിച്ചും ഡോക്യുമെന്ററി തയാറാക്കിയിട്ടുണ്ട്.
നിലവിൽ കൊൽക്കത്തയിൽ ജോലി ചെയ്യുമ്പോഴും കേരളത്തിലെ സംസ്കൃത-സംഗീത-ജനകീയ-നാടോടി നാടകങ്ങളെക്കുറിച്ചുള്ള സമഗ്രമായ പുസ്തകത്തിന്റെ രചനയിലാണ് കോഴിക്കോട് ചേളന്നൂർ അമ്പലപ്പാട് സ്വദേശിയായ ജിംസിത്ത്.
