കുട്ടികളിലെ തലവേദന സ്കൂളിൽ പോകാനുള്ള മടി കാരണമാവില്ല; മൈഗ്രേനാവാം, ചില ലക്ഷണങ്ങൾ അവഗണിക്കരുത്

കുട്ടികൾ കടുത്ത തലവേദനയെന്ന് പരാതിപ്പെടുമ്പോൾ അത് സ്കൂളിൽ പോകാതിരിക്കാനോ ഹോംവർക്ക് മാറ്റിവെക്കാനോ ഉള്ള ഒരു ഒഴിവുകഴിവായിട്ടാണ് ബഹുഭൂരിഭാഗം രക്ഷിതാക്കളും കാണാറുള്ളത്. എന്നാൽ ആ സംശയങ്ങളെ തിരുത്തുന്നതാണ് ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ എക്സിൽ പങ്കുവെച്ച കുറിപ്പ്. ഏകദേശം 10 ശതമാനം കുട്ടികളെ മൈഗ്രേൻ ബാധിക്കുന്നുണ്ടെന്നും അതിൽ പകുതിയോളം പേർക്കും 12 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ ആദ്യ ആക്രമണം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രായത്തിനനുസരിച്ച് ഇതിന്റെ വ്യാപനം വർദ്ധിക്കുന്നതായും ഡോ. സുധീർ കുമാർ വ്യക്തമാക്കുന്നു. വെറും ഒരു തലവേദന എന്നതിലുപരി, ഇത് കുട്ടികളെ ബാധിക്കുന്ന ഒരു യഥാർത്ഥ അവസ്ഥയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മാതാപിതാക്കൾ അറിഞ്ഞിരിക്കുക

മൈഗ്രേൻ യഥാർത്ഥത്തിൽ ഒരു നാഡീവ്യൂഹ വൈകല്യമാണ്. അത് ലഘുവായി കാണാതെ ക്ലിനിക്കൽ പരിശോധന നടത്തി ചികിത്സിക്കുകയും വേണം. കുട്ടികളിലെ മൈഗ്രേനെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ ഡോ. സുധീർ കുമാർ പങ്കുവെക്കുന്നു. പാരമ്പര്യത്തിന് ഇതിൽ വലിയൊരു പങ്കുണ്ട്. മൈഗ്രേൻ പലപ്പോഴും കുടുംബങ്ങളിൽ കാണപ്പെടാറുണ്ട്. മാതാപിതാക്കൾക്കോ അടുത്ത കുടുംബാംഗങ്ങൾക്കോ മൈഗ്രേൻ ഉണ്ടെങ്കിൽ, ആവർത്തിച്ചുള്ള തലവേദനയുള്ള ഒരു കുട്ടിക്ക് മൈഗ്രേൻ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, തലവേദനയുള്ള ഒരു കുട്ടിയെ പരിശോധിക്കുമ്പോൾ കുടുംബ പശ്ചാത്തലം പ്രധാനമാണ്.

മുതിർന്നവരെപ്പോലെ സ്പന്ദിക്കുന്ന വേദനയും സെൻസറി ഔറകളും കൃത്യമായി പറയാൻ ചെറിയ കുട്ടികൾക്ക് കഴിഞ്ഞെന്നു വരില്ല. (മൈഗ്രേൻ പോലുള്ള തലവേദനകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അല്ലെങ്കിൽ അതിന്റെ ഭാഗമായി ചിലരിൽ ഉണ്ടാകുന്ന പ്രത്യേക അപൂർവ്വ ലക്ഷണങ്ങളെയാണ് ‘സെൻസറി ഔറ’ എന്ന് പറയുന്നത്). തലവേദന പലപ്പോഴും ഇരുവശങ്ങളിലും ആവാം. വേദന 2 മുതൽ 72 മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതുമാകാം. ചെറിയ കുട്ടികൾ വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും സംവേദനക്ഷമതയെക്കുറിച്ച് വിവരിക്കണമെന്നില്ല, പകരം ഇരുണ്ടതും ശാന്തവുമായ ഒരു മുറിയിൽ കിടക്കാൻ മാത്രമായിരിക്കും അവർ ആഗ്രഹിക്കുക. മാത്രവുമല്ല, ക്ലിനിക്കൽ ലക്ഷണങ്ങൾ തലവേദനയിൽ മാത്രം ഒതുങ്ങുന്നില്ല. ഓക്കാനം, ഛർദ്ദി, വയറ്റിലെ വേദന, തലകറക്കം, പെട്ടെന്നുള്ള വിളർച്ച അല്ലെങ്കിൽ അസാധാരണമായ നിശബ്ദത എന്നിവയും പലപ്പോഴും ഈ അവസ്ഥയോടൊപ്പമുണ്ടാകാറുണ്ട്.

പരിപാലനം മരുന്നുകളുടെ സുരക്ഷ

കുട്ടികളിൽ മൈഗ്രേൻ ആക്രമണം ഉണ്ടാകുമ്പോൾ, കൃത്യസമയത്ത് ഇടപെടുക എന്നത് വളരെ പ്രധാനമാണ്. കുട്ടിയുടെ ശരീരഭാരത്തിന് അനുയോജ്യമായ അളവിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇബുപ്രൊഫേൻ അല്ലെങ്കിൽ പാരസെറ്റമോൾ രോഗലക്ഷണത്തിന്റെ തുടക്കത്തിൽ തന്നെ നൽകിയാൽ കൂടുതൽ ഫലപ്രദമായിരിക്കും. എന്നാൽ മരുന്നുകൾ അമിതമായി ഉപയോഗിക്കരുത്. തലവേദനയ്ക്കായി മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് കൂടുതൽ തവണ തലവേദന ഉണ്ടാകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് അമിതമായി ഉപയോഗിക്കുന്നത് മൂലമുള്ള തലവേദന തടയാൻ, ലളിതമായ വേദനസംഹാരികൾ മാസത്തിൽ 14 ദിവസങ്ങളിൽ താഴെയായി പരിമിതപ്പെടുത്തണം.

ജീവിതശൈലിയിലെ മാറ്റങ്ങൾ

ദീർഘകാല നിയന്ത്രണത്തിന് ജീവിതശൈലിയിലെ മാറ്റങ്ങൾ വളരെ പ്രധാനമാണ്. കൃത്യമായ ഉറക്കം, കൃത്യസമയത്തുള്ള ആഹാരം, ജലാംശം നിലനിർത്തൽ, മാനസിക സമ്മർദ്ദം നിയന്ത്രിക്കൽ എന്നിവ തലവേദനയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഭക്ഷണം ഒഴിവാക്കുക, ഉറക്കക്കുറവ്, സമ്മർദ്ദം, നിർജ്ജലീകരണം, ചോക്ലേറ്റുകളിലോ സോഫ്റ്റ് ഡ്രിങ്കുകളിലോ ഉള്ള അമിതമായ കഫീൻ എന്നിവയാണ് സാധാരണ കാരണങ്ങൾ. എന്നാൽ ഒരു കാരണം കൃത്യമായി കണ്ടെത്താത്ത പക്ഷം കർശനമായ ഭക്ഷണ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

അപകട സൂചനകൾ തിരിച്ചറിയണം

കുട്ടികളിലെ മൈഗ്രേൻ മുതിർന്ന ശേഷവും തുടരാം, പ്രത്യേകിച്ച് പെൺകുട്ടികളിൽ. പെട്ടെന്നുള്ളതും കഠിനവുമായ ‘ജീവിതത്തിലെ ഏറ്റവും വലിയ’ തലവേദന, ബലഹീനതയോ ബോധക്ഷയമോടുകൂടിയ തലവേദന, അപസ്മാരം, നിർത്താതെയുള്ള ഛർദ്ദി, അസാധാരണമായ നാഡീസംബന്ധമായ ലക്ഷണങ്ങൾ, അല്ലെങ്കിൽ സാധാരണ തലവേദനയുടെ രീതിയിൽ ഉണ്ടാകുന്ന വലിയ മാറ്റങ്ങൾ എന്നിവ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.