ലോകകപ്പിൽ ബ്രസീലിനെ വിറപ്പിച്ച യുവതാരം, അയ്യൂബ് ബുവാദി മാഞ്ചസ്റ്റർ സിറ്റിയിൽ

ലണ്ടൻ : മൊറോക്കൻ യുവ മിഡ്ഫീൽഡർ അയ്യൂബ് ബുവാദിയെ സ്വന്തമാക്കി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി. ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിൽ നിന്നാണ് പതിനെട്ടുകാരനായ താരം ഇത്തിഹാദിലെത്തുന്നത്. 2031 വരെയുള്ള അഞ്ച് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ലില്ലെയ്ക്കായി 96 സീനിയർ മത്സരങ്ങളിലും മൊറോക്കോ ദേശീയ ടീമിനായി 8 മത്സരങ്ങളിലും ഇതിനോടകം കളിച്ച പരിചയസമ്പത്തുമായാണ് ബുവാദി പ്രീമിയർ ലീഗിലേക്ക് ചുവടുവെക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിൽ എത്താനായതിന്റെ സന്തോഷവും അഭിമാനവും ബുവാദി തുറന്നുപറഞ്ഞു. ക്ലബ്ബിന്റെ വിജയ സംസ്കാരവും പരിശീലകൻ എൻസോ മരെസ്കയ്ക്ക് കീഴിൽ കളി മെച്ചപ്പെടുത്താനുള്ള ആഗ്രഹവും താരം വ്യക്തമാക്കി. “എനിക്കും എന്റെ കുടുംബത്തിനും ഇത് വളരെ പ്രത്യേകതകൾ നിറഞ്ഞ ദിവസമാണ്. എന്നെ സംബന്ധിച്ചിടത്തോളം മാഞ്ചസ്റ്റർ സിറ്റി ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്. ഇവിടെയെത്താനും ഒരു സിറ്റി താരമെന്ന് വിളിക്കപ്പെടാനും സാധിച്ചത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. വർഷങ്ങളായി ഞാൻ സിറ്റിയുടെ കളി കാണാറുണ്ട്. ടീമിന്റെ കള ശൈലി എനിക്ക് വളരെ ഇഷ്ടമാണ്. ലോകോത്തര കളിക്കാരുള്ള ഈ ടീമിന്റെ മാനേജർ എൻസോ ഒരു മികച്ച പരിശീലകനാണ്,” ബുവാദി പറഞ്ഞു.
കഴിഞ്ഞ ലോകകപ്പിൽ മൊറോക്കോയ്ക്കായി മിഡ്ഫീൽഡിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ബുവാദിയുടെ ജനപ്രീതി ഉയർത്തിയത്. പ്രത്യേകിച്ച് ബ്രസീലിനെതിരെയുള്ള മത്സരത്തിലെ തകർപ്പൻ പ്രകടനം ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. താരത്തിന്റെ ഫുട്ബോൾ ബുദ്ധിയെയും പ്രതിഭയെയും മാഞ്ചസ്റ്റർ സിറ്റി ഡയറക്ടർ ഓഫ് ഫുട്ബോൾ ഹ്യൂഗോ വിയാന പ്രശംസിച്ചു. “അയ്യൂബിന്റെ കഴിവ് വളരെ വലുതാണ്. ഒരു മുൻനിര മിഡ്ഫീൽഡർക്ക് ആവശ്യമായ എല്ലാ ഗുണങ്ങളും അവനുണ്ട്. വെറും 18 വയസ്സിൽ തന്നെ മികച്ച ഫുട്ബോൾ ബുദ്ധി അവൻ കാഴ്ചവെക്കുന്നുണ്ട്. എൻസോയുടെ പരിശീലനത്തിന് കീഴിൽ അത് ഇനിയും വർദ്ധിക്കും,” ഹ്യൂഗോ വിയാന കൂട്ടിച്ചേർത്തു.
