മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ (67) അന്തരിച്ചു. റവന്യൂ, വ്യവസായ, ഐ.ടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കോട്ടയം, ഇടുക്കി ജില്ലകളിൽ കലക്ടറായിരുന്നു. സെക്രട്ടറി പദവിയിൽ എത്തിയശേഷം റവന്യൂ, വ്യവസായം, ഐ.ടി, മരാമത്ത്, തുറമുഖം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചു. ഒഡിഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. കേരളത്തിൽ സ്റ്റാർട്ടപ്പ് നയം രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1959 ജനുവരി 20നാണ് ജനനം.

തുടക്കത്തിൽ ഒഡീഷ കേഡറിലായിരുന്ന അദ്ദേഹം, 1993ലാണ് കേരള കേഡറിലേക്ക് മാറുന്നത്. രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലേബർ കമീഷണർ, പ്രോജക്റ്റ് ഡയറക്ടർ, മാനേജിങ് ഡയറക്ടർ ഉൾപ്പെടെ വിവിധ പദവികളും വഹിച്ചിട്ടുണ്ട്. 2018 ഡിസംബർ ഏഴു മുതൽ ശാസ്ത്ര സാങ്കേതിക വകുപ്പിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു.