കാന്തപുരത്തിന് മതവിധി പറയാൻ അവകാശമുണ്ട്; വേണ്ടെന്ന തിട്ടൂരം ആരോടും വേണ്ടെന്ന് നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: ഇസ്‌ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ പൊതുയിടങ്ങളിലും കുടുംബത്തിലും എങ്ങനെ ജീവിക്കണമെന്ന് വ്യക്തമാക്കാൻ മതപണ്ഡിതന്മാർക്ക് പൂർണ്ണ അവകാശമുണ്ടെന്ന് സമസ്ത ഇ.കെ വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് അദ്ദേഹത്തിന്റെ അനുയായികളോട് മതവിധികൾ ഉപദേശിക്കാനുള്ള അവകാശവും ബാധ്യതയുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

പൊതുയിടങ്ങളിൽ സ്ത്രീകൾ പാലിക്കേണ്ട രീതികളെക്കുറിച്ച് കാന്തപുരത്തിന് നിലപാട് വ്യക്തമാക്കാമെന്നും, അത് സ്വീകരിക്കാനോ തള്ളാനോ ആളുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും നാസർ ഫൈസി ചൂണ്ടിക്കാട്ടി. എന്നാൽ പണ്ഡിതന്മാർ മതവിധികൾ പറയരുതെന്ന വിലക്കുകൾ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്‌ലാം വ്യക്തി, കുടുംബ, സാമൂഹിക ജീവിതത്തിനുള്ള സമ്പൂർണ്ണ വ്യവസ്ഥയാണ്. വിശ്വാസികളെ മതവിധികൾ ബോധ്യപ്പെടുത്തുക എന്നത് പഠനം പൂർത്തിയാക്കിയ പണ്ഡിതന്മാരുടെ ചുമതലയാണ്. തന്നിൽ വിശ്വസിക്കുന്ന സ്ത്രീകളും പുരുഷന്മാരും പൊതുയിടങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് നിർദേശിക്കാൻ കാന്തപുരത്തിന് അധികാരമുണ്ട്. ഈ നിർദേശങ്ങൾ തള്ളിക്കളയാൻ അത് അംഗീകരിക്കാത്തവർക്ക് അവകാശമുള്ളതുപോലെ തന്നെ, അത് സംസാരിക്കാൻ പാടില്ലെന്ന തിട്ടൂരം ഒരു മതപണ്ഡിതനോടും കാണിക്കേണ്ടതില്ലെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

മതവിധി പണ്ഡിതനായ ബഹു: കാന്തപുരത്തിനും പറയാം

മുസ്ലിം സ്ത്രീ പുരുഷന്മാർ വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും പൊതു ഇടങ്ങളിലും എങ്ങിനെയാണ് ജീവിക്കേണ്ടത് എന്ന് ജീവിതത്തിൻ്റെ സമ്പൂർണ്ണ വ്യവസ്ഥിതിയായ മതം – ഇസ്ലാം പറഞ്ഞിട്ടുണ്ട് . മതവിധി ബോധ്യപ്പെത്താനും പറഞ്ഞു കൊണ്ടേയിരിക്കാനുമാണ് മതം പഠിച്ച പണ്ഡിതന്മാർ. ബഹുമാനപ്പെട്ട കാന്തപുരത്തിനും അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീ പുരുഷ അണികളോട് മതവിധി പറയാനുള്ള അവകാശവും ബാധ്യതയുമുണ്ട്.

അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീകൾ പൊതു ഇടങ്ങളിൽ എങ്ങിനെയായിരിക്കണമെന്ന് അദ്ദേഹത്തിന് പറയാം . അംഗീകരിക്കാത്തവർക്ക് തള്ളാം . പക്ഷേ പറയാൻ പാടില്ല എന്ന തിട്ടൂരം അദ്ദേഹത്തോട് മാത്രമല്ല ഒരു മത പണ്ഡിതനോടും വേണ്ട.

നാസർ ഫൈസി കൂടത്തായി