സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെ.സി.എല്ലിൽ ആയിരം തികയ്ക്കുന്ന ആദ്യ താരം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ റെക്കോർഡുകൾ കടപുഴക്കി മുഹമ്മദ് അസറുദ്ദീന്റെ തേരോട്ടം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാൻ ആലപ്പി റിപ്പിൾസിന് കരുത്തായത് ഉപനായകൻ അസറുദ്ദീന്റെ അത്യുഗ്രൻ സെഞ്ച്വറിയാണ്. ഈ മാസ്മരിക ഇന്നിങ്സോടെ കെസിഎല്ലിന്റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടവും അസർ സ്വന്തമാക്കി. ബാറ്റിങ് വിസ്മയം തീർത്ത അസറിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ സീസണിലെ നാലാം ജയം കുറിച്ച ആലപ്പി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കും കുതിച്ചെത്തി.

​തങ്ങളുടെ ആറാം മത്സരത്തിൽ തുടക്കത്തിൽ തന്നെ ഓപ്പണർ ആകാശിനെ നഷ്ടമായെങ്കിലും യാതൊരു സമ്മർദ്ദവുമില്ലാതെയാണ് അസർ ബാറ്റുവീശിയത്. അഖിൻ സത്താർ എറിഞ്ഞ നേരിട്ട രണ്ടാമത്തെ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ താരം ആ ഓവറിൽ രണ്ട് ഫോറുകൾ നേടി നയം വ്യക്തമാക്കി. പിന്നീട് ഗ്രീൻഫീൽഡിൽ കണ്ടത് അസറുദ്ദീന്റെ അഴിഞ്ഞാട്ടമായിരുന്നു. വെറും 56 പന്തിൽ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കിയ താരം 60 പന്തിൽ 112 റൺസുമായി പുറത്താകാതെ നിന്നു. പത്ത് കൂറ്റൻ സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ആ വെടിക്കെട്ട് ഇന്നിങ്സ്. അവസാന അഞ്ച് ഓവറിൽ മാത്രം 68 റൺസാണ് അസറിന്റെ ചിറകിലേറി ആലപ്പി അടിച്ചുകൂട്ടിയത്.

അവസാന ഓവറിലെ മൂന്നാം പന്തിൽ പടുകൂറ്റൻ സിക്സർ പറത്തി അസർ തന്നെ ആലപ്പിയുടെ വിജയമുറപ്പിക്കുകയും ചെയ്തു. ​സീസണിലെ ആദ്യ മത്സരം മുതൽ അതിശയിപ്പിക്കുന്ന ഫോമിലാണ് ഈ ആലപ്പി ഉപനായകൻ. പവർപ്ലേ ഓവറുകളിൽ ബൗളർമാർക്ക് മേൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കുന്ന അസറിന്റെ ഭയമില്ലാത്ത ബാറ്റിംഗാണ് എല്ലാ മത്സരങ്ങളിലും ടീമിന് കരുത്തുറ്റ അടിത്തറ നൽകുന്നത്. ആറ് മത്സരങ്ങളിൽ നിന്നായി മൂന്ന് അർദ്ധസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉൾപ്പെടെ 419 റൺസാണ് താരം ഇതിനോടകം അടിച്ചുകൂട്ടിയത്. വെറും 208 പന്തുകളിൽ നിന്നാണ് അസർ ഇത്രയും റൺസ് നേടിയത് എന്നതും ശ്രദ്ധേയമാണ്. 34 സിക്സറുകളും 25 ഫോറുകളുമാണ് ഇതുവരെ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. നേരത്തെ കൊല്ലത്തിനെതിരെയാണ് താരം തന്റെ ആദ്യ സെ‍ഞ്ച്വറി നേടിയത്.

സ്ഥിരതയോടെ ബാറ്റുവീശുന്ന അസറിന്റെ ഈ മിന്നും ഫോമിന്റെ കരുത്തിലാണ് ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ആലപ്പി റിപ്പിൾസ് ഒന്നാം സ്ഥാനത്ത് തലയെടുപ്പോടെ നിൽക്കുന്നത്.