ഓണം വാരാഘോഷം സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു; പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ഓണം വാരാഘോഷത്തിന്‍റെ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിക്കും. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുക്കുന്നതിനാൽ പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

ഉദ്ഘാടന വേദിയിലെ റിഹേഴ്സലിനിടെ വന്ദേമാതരം പൂർണമായും പാടി. ലോക്ഭവൻ ഗേറ്റിൽ വെച്ച് ഉപരാഷ്ട്രപതിയാണ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനും ചടങ്ങിൽ പങ്കെടുക്കും. ടൂറിസം വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് വൈസ് പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്ന് പ്രോട്ടോക്കോൾ വിഭാഗം വ്യക്തമാക്കി.

വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ല എന്നാണ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള തീരുമാനം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്കൂളുകളിൽ ഗാനം മുഴുവനായി പാടണമെന്ന സർക്കുലർ ഇറക്കിയത് വിവാദമാകുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവനായി പാടിയതും കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു.

തലസ്ഥാന നഗരത്തെ ഒരാഴ്ചയോളം കലാവിസ്മയങ്ങളാൽ ആറാടിച്ച ഓണം- ടൂറിസം വാരാഘോഷത്തിനാണ് സമാപന ഘോഷയാത്രയോടെ തിരശ്ശീല വീഴുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന നിശ്ചലദൃശ്യങ്ങള്‍, ഇതര സംസ്ഥാന സർക്കാരുകളുടേത് ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ കലാകാരന്‍മാരുടെ പ്രകടനങ്ങള്‍ തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റുകൂട്ടും. കേരളത്തിന്‍റെ വളര്‍ച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്കരിക്കുന്ന 69 ഓളം ഫ്ളോട്ടുകളും ഇന്‍സ്റ്റലേഷനുകളുമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അണിനിരക്കുന്നത്.

നാടന്‍ കലകളും തനത് രൂപങ്ങളും ഉള്‍പ്പെടെ 99 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. പുലിക്കളി, ഗരുഡന്‍ പറവ, മുത്തപ്പന്‍ തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങള്‍ ഘോഷയാത്രയെ വ്യത്യസ്തമാക്കും. തമിഴ്നാട്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയില്‍ പങ്കെടുക്കും. ഘോഷയാത്രയോടനുബന്ധിച്ച് ഞായറാഴ്ച നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.