മഞ്ചേരിയിലും പരിസരങ്ങളിലും മോഷണം; വ്യാപകം നറുകരയിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 13.7 പവൻ കവർന്നു

മഞ്ചേരി: മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു. മഞ്ചേരി നറുകരയിൽ വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശി എം. ദേവുവിന്റെ വീട്ടിൽനിന്ന് 16 ലക്ഷം വിലവരുന്ന 13.7 പവൻ സ്വർണാഭരണങ്ങൾ മോഷ്ടാക്കൾ കവർന്നു. പരാതിക്കാരനും കുടുംബവും വീട്ടിൽ ഇല്ലാതിരുന്ന സമയം മനസ്സിലാക്കി വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ, കിടപ്പുമുറിയിലെ ഷെൽഫിൽ ഹാൻഡ് ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണം അപഹരിക്കുകയായിരുന്നു. കൂട്ടിലങ്ങാടി പഞ്ചായത്തിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്ന ദേവുവും കുടുംബവും ഓണാവധിക്ക് നാട്ടിൽ പോയ സമയത്താണ് സംഭവം. ഞായറാഴ്ച രാവിലെ നാട്ടിൽ നിന്നെത്തിയ സമയത്താണ് മോഷണ വിവരം അറിഞ്ഞത്. സംഭവത്തിൽ മഞ്ചേരി എസ്.ഐ ബാലമുരുകൻ എ. കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ മഞ്ചേരിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നരുകരയിലെ കവർച്ചയുമായി ഇതിന് ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും മഞ്ചേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർച്ചയായി ഉണ്ടാകുന്ന മോഷണ സംഭവങ്ങളിൽ നാട്ടുകാരും വ്യാപാരികളും ആശങ്കയിലാണ്.