സംസ്ഥാനത്ത് ഇപ്രാവശ്യം മഴയിൽ 21 ശതമാനം കുറവ്; ജലനിരപ്പുയരാതെ അണക്കെട്ടുകൾ

പാലക്കാട്: സംസ്ഥാനത്ത് ഇത്തവണ മഴയിൽ 21 ശതമാനം കുറവ്. ഇതോടെ അണക്കെട്ടുകളിലെല്ലാം കഴിഞ്ഞ വർഷത്തേക്കാൾ ജലനിരപ്പ് താഴെയാണ്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 30 വരെ ലഭിച്ചത് 1365.8 മില്ലി മീറ്റർ മഴയാണ്.
സാധാരണഗതിയിൽ 1735.2 മില്ലി മീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്- 21 ശതമാനം കുറവ്. കണ്ണൂർ, എറണാകുളം, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ ഗതിയിൽ മഴ ലഭിച്ചപ്പോൾ ആലപ്പുഴ, ഇടുക്കി, കൊല്ലം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിൽ കുറഞ്ഞു. പാലക്കാട് ജില്ലയിൽ 23 ശതമാനം മഴ കുറഞ്ഞപ്പോൾ വയനാട്ടിൽ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 43 ശതമാനം, കൊല്ലം 30, തൃശൂർ 22, ആലപ്പുഴ 24 ശതമാനം എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
ജലനിരപ്പുയരാതെ അണക്കെട്ടുകൾ
പാലക്കാട്: കർക്കടകത്തിലും ചിങ്ങത്തിലും മഴ കാര്യമായി പെയ്യാതിരുന്നതോടെ ജില്ലയിലെ അണക്കെട്ടുകളിലും ജലനിരപ്പ് കാര്യമായി ഉയർന്നില്ല. 115.06 മീറ്റർ സംഭരണശേഷിയുള്ള മലമ്പുഴ ഡാമിൽ 109.24 മീറ്ററാണ് ഞായറാഴ്ചത്തെ ജലനിരപ്പ്. കഴിഞ്ഞവർഷം ആഗസ്റ്റ് ആദ്യവാരം തന്നെ ഡാം ഷട്ടറുകൾ തുറക്കേണ്ട സ്ഥിതിയായിരുന്നു. എന്നാൽ, ഇത്തവണ ഇതുവരെ ജലനിരപ്പിൽ കാര്യമായ വർധനവുണ്ടായിട്ടില്ല. പാലക്കാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മലമ്പുഴയിൽനിന്നാണ് കുടിവെള്ള വിതരണം നടത്തുന്നത്. രണ്ടാംവിളക്കാവശ്യമായ ജലസേചനവും മലമ്പുഴയിൽനിന്ന് നടത്താറുണ്ട്.
ജലനിരപ്പുയർന്നില്ലെങ്കിൽ അടുത്ത വേനൽക്കാലത്ത് കുടിവെള്ളത്തിനും രണ്ടാംവിള കൃഷിക്കും ഏറെ പ്രതിസന്ധി നേരിടും. പൊതുവെ ജലക്ഷാമമുള്ള ജില്ലയിൽ മലമ്പുഴ ഡാമാണ് പ്രധാന ആശ്രയം. നിലവിൽ കാഞ്ഞിരപ്പുഴ ഡാമിൽ മാത്രമാണ് ഷട്ടറുകൾ തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കുന്നത്. 97.50 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 96.66 മീറ്റർ വെള്ളമുണ്ട്. മൂന്ന് ഷട്ടറുകൾ രണ്ട് സെ.മീ വീതം ഉയർത്തി.
മീങ്കര ഡാം-152.52 മീ.(പരമാവധി 156.36 മീ.), വാളയാർ-196.92 മീ.(203 മീ.), പോത്തുണ്ടി-103.57 മീ. (108.20 മീ.), ചുള്ളിയാർ-146.08 മീ. (154.08 മീ.), മംഗലം-76.77 മീ. (77.88 മീ.), മൂലത്തറ-181.40 മീ.(184.70 മീ.), ശിരുവാണി-872.20 മീ.(878.50 മീ.) എന്നിങ്ങനെയാണ് ജില്ലയിലെ ഡാമുകളിലെ ഞായറാഴ്ചയിലെ ജലനിരപ്പ്. മംഗലം ഡാമിന്റെ ആറ് ഷട്ടറുകളും രണ്ട് സെ.മീ വീതവും മൂലത്തറ റെഗുലേറ്ററിന്റെ 19 ഷട്ടറുകളിൽ ഒരെണ്ണം 10 സെ. മീറ്ററും തുറന്നിട്ടുണ്ട്. ഞായറാഴ്ച കൊല്ലങ്കോട് മേഖലയിൽ മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്- 11.8 മി.മീ. മറ്റ് മേഖലകളിൽ മഴ തീരെ കുറവായിരുന്നു.
