കേന്ദ്രവാഴ്സിറ്റി സമീപവാസികളുടെ കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ

കാഞ്ഞങ്ങാട്: പെരിയ കേന്ദ്രസര്‍വകലാശാലയിലെ മലിനജല സംസ്കരണ പ്ലാന്റ് ചോര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് സമീപത്തെ കിണറുകളില്‍നിന്ന് ശേഖരിച്ച് അയച്ച കുടിവെള്ളത്തിന്റെ പരിശോധന ഫലം ലഭിച്ചു. രോഗം പരത്തുന്ന സൂക്ഷ്മജീവികളായ ഇ-കോളി ബാക്ടീരിയകള്‍ അടക്കമുള്ള അണുക്കള്‍ കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്തും കേന്ദ്രസര്‍വകലാശാലയും സംയുക്തമായി കുടിവെള്ളം ശേഖരിച്ച് ചാമുണ്ഡിക്കുന്നിലുള്ള കേരള വാട്ടര്‍ അതോറിറ്റി ക്വാളിറ്റി കണ്‍ട്രോള്‍ സബ് ഡിസ്ട്രിക്റ്റ് ലബോറട്ടറിയിലേക്ക് പരിശോധനക്കയക്കുകയായിരുന്നു.

വയറിളക്കം, ഓക്കാനം, വയറുവേദന, നിര്‍ജലീകരണം തുടങ്ങിയവക്ക് കാരണമാകുന്ന ഇ-കോളി ബാക്ടീരിയകള്‍ ചിലപ്പോള്‍ മരണത്തിന് വരെ കാരണമാകാറുണ്ടെന്നാണ് റിപ്പോർട്ട്. ജനവാസകേന്ദ്രത്തിന് സമീപത്തായാണ് കേന്ദ്രസര്‍വകലാശാലയുടെ മലിനജല പ്ലാന്റ് സ്ഥിതി ചെയ്യുന്നതെന്നാണ് പരാതി. മലിനജലം മഴവെള്ളത്തോടൊപ്പം തോട്ടിലേക്ക് ഒഴുകിയെത്തുകയും ഈ വെള്ളം സമീപത്തെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കിണറുകളിലും കുളങ്ങളിലും എത്തുകയും ചെയ്തതോടെയാണ് കുടിവെള്ളം മലിനമായത്.

കുടിവെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്ന തണ്ണോട്ട്, കളിയങ്ങാനം പ്രദേശങ്ങളിലെ നാട്ടുകാർ നല്‍കിയ പരാതിയെ തുടര്‍ന്ന് പുല്ലൂര്‍ പെരിയ, അജാനൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. കേന്ദ്രസര്‍വകലാശാലയില്‍ പെണ്‍കുട്ടികളുടെ രണ്ട് ഹോസ്റ്റലുകളിലെ ടോയ് ലറ്റുകളില്‍നിന്ന് മാലിന്യമെത്തുന്ന ടാങ്കുകള്‍ നിര്‍മിച്ചത് അശാസ്ത്രീയമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ജനപ്രതിനിധികളുടെ സംഘം രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. വി.ബി. സെമീര്‍ കുമാറുമായി ചര്‍ച്ച നടത്തുകയും പരാതികളില്‍ ശാശ്വതപരിഹാരമുണ്ടാക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുന്ന ഒരു ലക്ഷം ലിറ്ററിന്റെ വലിയ മലിനജലസംസ്കരണപ്ലാന്റ് നിര്‍മിക്കാന്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ അനുമതിക്കായി അപേക്ഷ നല്‍കുമെന്ന് അദ്ദേഹം ജനപ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. പ്ലാന്റ് നിര്‍മിക്കുന്ന സ്ഥലം പഞ്ചായത്ത് നിര്‍ദേശിക്കുന്ന സ്ഥലത്തായിരിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍വകലാശാലയിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍മസമിതി നിലവിലുണ്ട്.