തുടരുന്ന വൈഭവ വിസ്മയം: ദുലീപ് ട്രോഫിയിൽ 57 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി

ബംഗളൂരു: വൈഭവ് സൂര്യവംശി ബാറ്റ് വെക്കുന്നിടത്തെല്ലാം ഇപ്പോൾ റെക്കോഡാണ് പിറക്കുന്നത്. ഇന്ത്യൻ കുപ്പായത്തിലും ഐ.പി.എല്ലിലും യൂത്ത് ക്രിക്കറ്റിലും കണ്ട റെക്കോഡ് വേട്ട ഇത്തവണ ദുലീപ് ട്രോഫിയിലും കണ്ടു. 57 വർഷം പഴക്കമുള്ള റെക്കോഡാണ് 15കാരൻ ഇത്തവണ സ്വന്തം പേരിലെഴുതിച്ചേർത്തത്.
സെമി ഫൈനലിൽ ഈസ്റ്റ് സോൺ നായകനായി കഴിഞ്ഞ ദിവസം കളത്തിലെത്തിയ വൈഭവ് മറ്റൊരു വെടിക്കെട്ട് ഇന്നിങ്സുമായി അരനൂറ്റാണ്ടിലേറെ പഴക്കമുള്ള റെക്കോഡ് തച്ചുടച്ചു. ദുലീപ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അർധ സെഞ്ച്വറിക്കാരനും ഇനി വൈഭവ്. 42 പന്തിൽ 50 തികച്ച വൈഭവ്, 1969ൽ ലക്ഷ്മൺ സിങ് കുറിച്ച റെക്കോഡാണ് തിരുത്തിയത്.
ദുലീപ് ട്രോഫിയിലെ ഏറ്റവും പ്രായംകുറഞ്ഞ അർധസെഞ്ച്വറിക്കാരനായി ലക്ഷ്മൺ സിങ് മാറുമ്പോൾ 16 വയസ്സും 23 ദിവസവുമായിരുന്നു പ്രായം. വൈഭവ് 15 വയസ്സും 157 ദിവസവും പ്രായത്തിൽ ആ റെക്കോഡ് തിരുത്തി. മത്സരത്തിൽ ഈസ്റ്റ് സോണിന്റെ ടോപ് സ്കോററായി മാറിയ താരം 81 പന്തിൽ 92 റൺസുമായാണ് മടങ്ങിയത്. ഏഴ് സിക്സറും ഏഴ് ബൗണ്ടറിയും ഇതിനകം പിറന്നു.
എതിരാളികളായ സെൻട്രൽ സോൺ ഒന്നാം ഇന്നിങ്സിൽ 266 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഈസ്റ്റ് സോൺ അഭിമന്യൂ ഈശ്വരന്റെയും (69), വൈഭവിന്റെയും മികവിൽ അതേ സ്കോറിൽ (266) ഇന്നിങ്സ് അവസാനിപ്പിച്ചതും അപൂർവതയായി. രണ്ടാം ഇന്നിങ്സ് ആരംഭിച്ച സെൻട്രൽ സോൺ മൂന്നിന് 45 റൺസ് എന്ന നിലയിലാണ്.
