കാന്തപുരത്തിന്റെ നിലപാട് സ്ത്രീവിരുദ്ധവും അനിസ്‌ലാമികവും, വിവാദത്തെ അവസരമാക്കി ഇസ്‌ലാമിനെ അപഹസിക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണം; വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

​കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉയർത്തിയ വിവാദവുമായി ബന്ധപ്പെട്ട് സമുദായവും സമൂഹവും മൂന്ന് പ്രധാന വിഷയങ്ങൾ ഗൗരവത്തോടെ ചർച്ച ചെയ്യണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്‌ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

​സ്ത്രീകൾക്ക് അർഹമായ ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന കാന്തപുരത്തിന്റെ പൊതു നിലപാട് തികച്ചും സ്ത്രീവിരുദ്ധവും അനിസ്‌ലാമികവുമാണ്. അത് തിരുത്തപ്പെടുക തന്നെ വേണം. ഇസ്‌ലാമിൽ സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാട് വികലമാണെന്ന ധാരണ സൃഷ്ടിക്കും വിധം അദ്ദേഹം നടത്തുന്ന പ്രസ്താവനകൾ മുഖേനയുള്ള ഇടപെടലുകളിലും നയനിലപാടുകളിലും വൈരുദ്ധ്യമുണ്ട്. അത് പ്രതിഷേധാർഹമാണ്.

​ഈ വിവാദത്തെ അവസരമാക്കി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപഹസിക്കാനും വംശീയമായി ആക്ഷേപിക്കാനും ചില മാധ്യമങ്ങൾ ശ്രമിക്കുന്നത് ഗൗരവത്തോടെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതുണ്ട്.

​അതോടൊപ്പം, ഡിജെ പാർട്ടികളും നൈറ്റ് ലൈഫും ലഹരി ഉപയോഗവും ലിവിംഗ് ടുഗതറും അടങ്ങുന്ന ലിബറൽ സംസ്കാരം പുതുതലമുറയെ വരിഞ്ഞുമുറുക്കുകയാണ്. തെരുവുകളിലെ ആൺ-പെൺ കൂടിച്ചേർന്നുള്ള നൃത്തനൃത്യങ്ങൾ പ്രവാചക അധ്യാപനങ്ങൾക്കെതിരാണ്. ലിബറൽ വക്താക്കൾ ‘പ്രാകൃതർ’ എന്ന് മുദ്രകുത്തുമെന്ന ഭയത്താൽ മതപണ്ഡിതന്മാർ ഇതിനെതിരെ പറയാതിരിക്കരുത്. പുതുതലമുറയെ മതരഹിതരാക്കാനുള്ള ഇത്തരം അജണ്ടകളെ പണ്ഡിതന്മാരും സമുദായ നേതൃത്വവും തിരിച്ചറിയണമെന്നും നേതാക്കൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.