‘ഇസ്ലാമിൽ ലിംഗവിവേചനമില്ല, സ്ത്രീകൾ പുറത്തിറങ്ങരുതെന്നും പറയുന്നില്ല’; കാന്തപുരത്തെ തള്ളി പാളയം ഇമാം

തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിലാണ് ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ച് ഇമാം നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി പുറത്തിറങ്ങാമെന്നും സാമൂഹിക ഇടപെടലുകൾ പരിമിതപ്പെടുത്തപ്പെട്ടതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രവാചകന്റെ കാലത്ത് തന്നെ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടുണ്ടെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അനുവാദമുണ്ടെന്ന് പ്രവാചകൻ തന്നെ വിശദീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാചകന്റെ പത്നി ആയിഷ ബീവി പോരാട്ടം നയിച്ചതും യുദ്ധത്തിൽ പങ്കെടുത്തതും അദ്ദേഹം എടുത്തുപറഞ്ഞു.
ഖലീഫ ഉമറിന്റെ ഭരണകാലത്ത് കമ്പോളങ്ങളുടെ മേൽനോട്ടം വഹിക്കുന്നതുപോലെയുള്ള പ്രധാനപ്പെട്ട ചുമതലകൾ സ്ത്രീകൾക്ക് ഏൽപിച്ചുകൊടുത്തിരുന്നുവെന്നും ഇമാം വ്യക്തമാക്കി.
‘മതം പറയാന്‍ കാന്തപുരത്തിന് അവകാശമുണ്ട്’
മലപ്പുറം: മതം പറയാന്‍ കാന്തപുരത്തിന് അവകാശമുണ്ടെന്ന് കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിവാദമായ കാന്തപുരത്തിന്റെ പ്രസ്താവനക്ക് ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഓരോരുത്തര്‍ക്കും അവരവരുടെ മതപരമായ കാര്യങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്നും, കാലികമല്ലെന്ന് പറഞ്ഞ് അതിനെ കളിയാക്കേണ്ടതില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
സ്ത്രീകളെ അടുക്കളകളില്‍ തളച്ചിടാമെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ അവര്‍ രംഗപ്രവേശം ചെയ്യുന്നിടങ്ങളില്‍ പ്രദര്‍ശന വസ്തുവാകരുതെന്നും, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പറയുന്നതിനെ പുരോഗമന വിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. മുസ്തഫ തിരുരങ്ങാടി അധ്യക്ഷത വഹിച്ചു. പിഎച്ച് ഫൈസല്‍, ശരീഫ് മുസ്ലിയാര്‍, ഫത്താഹ് തങ്ങള്‍, അനീസ് സി, അബ്ദുള്ള എന്നിവർ സംസാരിച്ചു.
