‘കേരളം’ മാറ്റത്തിനു പിന്നാലെ ലെറ്റർ ഹെഡിലെ അച്ചടികൾക്കും മാർഗനിർദേശം

കോഴിക്കോട്: ‘കേരള’ത്തിനുപകരം കേരളം’ മാറ്റത്തിനു പിന്നാലെ സർക്കാർ ഔദ്യോഗിക ലെറ്റർ ഹെഡുകളുടെ അച്ചടികൾക്കും മാർഗനിർദേശം വരുത്തി ഉത്തരവിറങ്ങി. സർക്കാർ ലെറ്റർ ഹെഡുകൾ, ഫോമുകൾ, അറിയിപ്പുകൾ, ആശയവിനിമയങ്ങൾ, മറ്റ് ഔദ്യോഗിക അച്ചടി വസ്തുക്കൾ എന്നിവ ഇനി നീലയോ കറുപ്പോ അല്ലാത്ത നിറങ്ങൾ ഉപയോഗിച്ച് അച്ചടിക്കരുതെന്നാണ് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നത്.

സർക്കാർ കത്തിടപാടുകളിൽ സ്റ്റാൻഡേർഡൈസേഷൻ നിലനിർത്തുന്നതിനായി എല്ലാ സർക്കാർ ലെറ്റർ ഹെഡുകൾ, ബുക്ക് ലെറ്റുകൾ, അറിയിപ്പുകൾ, ആശയവിനിമയങ്ങൾ, മറ്റു സർക്കാർ ഔദ്യോഗിക വസ്തുക്കൾ എന്നിവ നീല അല്ലെങ്കിൽ കറുപ്പ് മഷിയിൽ മാത്രമേ അച്ചടിക്കാവൂ. എന്നാൽ, അച്ചടിച്ച വസ്തുക്കളുടെ നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ അവ ഉപയോഗിക്കാമെന്നും ഇനി മുതൽ നൽകുന്ന എല്ലാ പുതിയ പ്രിന്റിങ് ഓർഡറുകളും ഉത്തരവിൽ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിക്കുന്നു. യോഗ്യതയുള്ള അധികാരികളിൽ നിന്ന് പ്രത്യേക അനുമതി ലഭിക്കാത്ത പക്ഷം സർക്കാർ രേഖകളുടെ അച്ചടിയിൽ മറ്റ് നിറങ്ങൾ ഒന്നും ഉപയോഗിക്കാൻ പാടില്ല.

നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ നിയന്ത്രണത്തിലുള്ള എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും യൂനിറ്റുകൾക്കും അറിയിപ്പും നൽകി. ഉത്തരവ് ഇറക്കിയ ലെറ്റർഹെഡിൽ നിർദേശവിരുദ്ധമായ രീതിയിലാണ് അച്ചടി എന്നത് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും മുമ്പേ അച്ചടിച്ച ലെറ്റർ ഹെഡാണെന്നും ഇവ തീരുന്നതുവരെ ഉപയോഗിക്കാമെന്ന നിർദേശം നൽകിയതും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.